വീട്ടിലേയ്ക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് നടി പൂജാ ബേഡി. നോര്‍ത്ത് ഗോവയിലെ തന്റെ ആര്‍ടിസ്റ്റിക് ഹോമിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് പൂജ തന്റെ സന്തോഷം പങ്കുവയ്ക്കുന്നത്. 

കൊറോണ വൈറസ് ലോക്ഡൗണ്‍ തുടങ്ങിയ സമയത്ത് പൂജയും പങ്കാളിയായ മനേക് കോണ്‍ട്രാക്ടറും മൂംബൈയില്‍ അകപെട്ടുപോയിരുന്നു. ഈ ആഴ്ചയാണ് തിരിച്ച് ഗോവയിലേയ്ക്ക് പോകാന്‍ ഇരുവര്‍ക്കും അനുമതി കിട്ടിയത്. രണ്ടാളും മുംബൈയില്‍ നിന്ന് ഗോവയിലേയ്ക്ക് സ്വന്തം വണ്ടിയിലാണ് തിരിച്ചെത്തിയത്. 

ഗോവ സംസ്ഥാനം ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ നിയമങ്ങള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തതിന് ഇവര്‍ രണ്ടാളും നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. മാത്രമല്ല ധാരാളം ട്രോളുകളും പൂജയ്‌ക്കെതിരെ പ്രചരിച്ചിരുന്നു. ലോക്ഡൗണ്‍ സമയത്ത് നിയമങ്ങള്‍ പാലിക്കാതെ യാത്രചെയ്തതിനും പൂജയ്‌ക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 

വീട്ടിലേയ്ക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും, തങ്ങളെ സഹായിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും വീടെന്നാല്‍ ഹൃദയമാണെന്നുമാണ് പൂജയുടെ ട്വീറ്റ്. ഒപ്പം തന്നെ വിമര്‍ശിച്ചവരെ ഒന്ന് ട്രോളാനും പൂജ മറന്നിട്ടില്ല. ശരീരത്തേക്കാള്‍ മനസിനെ കോവിഡ് 19 ബാധിക്കുന്നതല്ലെ വലിയ ദുരന്തമെന്നാണ് താരത്തിന്റെ ചോദ്യം. 

Content Highlights: Inside Pooja Bedi's Home In Goa