ലോക്ഡൗണ്‍ കാലത്ത് സമൂഹമാധ്യമത്തിൽ സജീവമായ താരങ്ങളിൽ ബോളിവുഡ് താരം ധർമേന്ദ്രയുമുണ്ട്. ഇപ്പോഴിതാ തന്റെ ഫാംഹൗസിൽ നിന്നുള്ള വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് ധർമേന്ദ്ര. 

ലോണാവാലയിലെ ഫാംഹൗസിൽ നിന്നുള്ള വീഡിയോ ആണ് ധർമേന്ദ്ര പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയൊരു സിനിമയ്ക്കുള്ള തയ്യാറെടുപ്പിലാണ് എന്ന പ്രഖ്യാപനത്തിനൊപ്പമാണ് താരം തന്റെ വീടിന്റെ ചില ഭാ​ഗങ്ങളും ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. 

ലതാ മങ്കേഷികറിന്റെ നി ബാലിയേ റുത് ഹേ ബഹർ കി എന്ന ​ഗാനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിനുള്ളിലൂടെ നടക്കുന്ന ധർമേന്ദ്രയാണ് വീഡിയോയിലുള്ളത്. പുറത്ത് മഴയായതുകൊണ്ട് വീടിനകത്ത് അരമണിക്കൂർ നടത്തം എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വിശാലമായ ലിവിങ് ഏരിയയും ഡൈനിങ് റൂമുമൊക്കെ വീഡിയോയിൽ കാണാം. വീട്ടിനുള്ളിൽ നിറച്ചുവച്ചിരിക്കുന്ന കരകൗശല വസ്തുക്കൾ താരത്തിന്റെ പഴമയോടുള്ള പ്രിയം വ്യക്തമാക്കുന്നത്. ചെറുപ്പകാലത്തെ ചിത്രങ്ങളും പരമ്പരാ​ഗത ശൈലിയിലുള്ള പ്രതിമകളുമൊക്കെ വീടിന്റെ പ്രൗഢി വർധിപ്പിക്കുന്നു. 

വിശാലമായ ​ഗ്ലാസ് വാതിലുകളാണ് വീട്ടിലുള്ളത്. മേൽക്കൂരയിലും ഫർണിച്ചറിലുമൊക്കെ വുഡൻ ടച്ച് നൽകിയിരിക്കുന്നതു കാണാം. മെറൂൺ, ബ്രൗൺ നിറങ്ങളിലുള്ള വസ്തുക്കളാണ് വീട്ടിൽ നിറച്ചിരിക്കുന്നത്. 

Content Highlights: Inside Dharmendra's Lonavala Farmhouse