കോവിഡ് വ്യാപനത്തിന് ഒരൽപം ആക്കം വന്നതോടെ സിനിമാതാരങ്ങളെല്ലാം വീണ്ടും തിരക്കിലായിരിക്കുകയാണ്. നടൻ ഹൃത്വിക് റോഷനും ഷൂട്ടിങ് തിരക്കുകളിലാണിപ്പോൾ. ഹൃത്വിക് മുംബൈയിൽ മോഹവില കൊടുത്ത് സ്വന്തമാക്കിയ അപ്പാർട്മെന്റിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. 

നൂറുകോടിയോളം മുടക്കി രണ്ട് അപാർട്മെന്റുകളാണ് ഹൃത്വിക് സ്വന്തമാക്കിയിരിക്കുന്നത്. ഒരെണ്ണം ഒരു നില അപാർട്മെന്റും മറ്റൊന്ന് ഡ്യൂപ്ലെക്സ് പെന്റ്ഹൗസുമാണ്. ജുഹുവിലെ വെർസോവാ ലിങ്ക് റോഡിലെ കെട്ടിടത്തിലാണ് പതിനാലും പതിനഞ്ചും പതിനാറും നിലകളിലായി ഹൃത്വിക് അപാർട്മെന്റ് സ്വന്തമാക്കിയത്. രണ്ടിനുംകൂടി 97.5 കോടിയാണ് ചെലവായത്. 

ഡ്യൂപ്ലെക്സ് അപാർട്മെന്റിനായി 67.5 കോടിയാണ് താരം ചെലവാക്കിയത്. 27534 ചതുരശ്ര അടിയിലാണ് ഈ അപാർട്മെന്റ്  ഉള്ളത്. പതിനാലാം നിലയിൽ സ്വന്തമാക്കിയ അപാർട്മെന്റിനായി മുപ്പതു കോടിയും ചെലവാക്കി. 11165 ചതുരശ്ര അടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പത്തോളം പാർക്കിങ് സ്പോട്ടുകളും ഹൃത്വികിന് ലഭിക്കും.

ജുണിൽ താരം വാടക വീടെടുത്താണ് ജുഹുവിൽ താമസിച്ചിരുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മാസത്തിൽ എട്ടരലക്ഷം രൂപയോളമാണ് ഈ ഇടത്തിന് വാടകയായി നൽകിയിരുന്നത്. ജുഹുവിൽ തന്നെ കടലിന് അഭിമുഖമായി മറ്റൊരു വീടും ഹൃത്വിക്കിനുണ്ട്. ഭാര്യ സുസെയ്ൻ ഖാനിൽ നിന്ന് വിവാഹമോചിതനായതിനു ശേഷം ഋതിക്കും മക്കളും അവിടെയാണ് താമസം. പരസ്പരം പിരിഞ്ഞെങ്കിലും ഇപ്പോഴും മക്കൾക്കു വേണ്ടി ഇരുവരും ഒന്നിച്ചിരിക്കാൻ സമയം കണ്ടെത്താറുണ്ട്. ലോക്ക്ഡൗൺ കാലത്ത് ഹൃത്വിക്കിനും മക്കൾക്കുമൊപ്പം സൂസെയ്ൻ വന്നു നിന്നതും ശ്രദ്ധേയമായിരുന്നു.