പ്രധാന അതിഥിയെ വരവേല്‍ക്കാന്‍ പോകുന്നതിനൊപ്പം ജീവിതത്തില്‍ പുതിയൊരു മാറ്റത്തിനു കൂടി തീരുമാനമെടുത്തിരിക്കുകയാണ് ഹാരി രാജകുമാരനും പത്‌നി മേഗന്‍ മാര്‍ക്കിളും. കെനിങ്ടണ്‍ പാലസ് വിട്ട് വിന്‍ഡ്‌സര്‍ കാസിലിലെ ഫ്രോഗ് മോര്‍ കോട്ടേജിലേക്ക് താമസം മാറാന്‍ ഒരുങ്ങുകയാണ് ഇരുവരും എന്നാണ് പുതിയ വിവരം. 

കെനിങ്ടണ്‍ പാലസിലെ ഗ്രൗണ്ട് ഫ്‌ളോറിലെ കോട്ടേജിലാണ് ഇരുവരും ഇതുവരെ താമസിച്ചിരുന്നത്. എന്നാല്‍ ഗര്‍ഭിണിയായ മേഗന്‍ പ്രസവിക്കുന്നതോടെ പുതിയ വീട്ടിലേക്കു മാറാനാണ് ഹാരി-മേഗന്‍ ദമ്പതികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇരുവരുടെയും പ്രിയപ്പെട്ട ഇടം കൂടിയായ ഫ്രോഗ് മോര്‍ കോട്ടേജില്‍ പന്ത്രണ്ടുകോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

കുടുംബം വലുതാകുന്നതോടെ വീടുമാറി താമസിക്കുന്നതാണ് ഉചിതമെന്നാണ് ഹാരിയും സഹോദരന്‍ വില്യമും കരുതുന്നതത്രേ. തുടക്കത്തില്‍ കെനിങ്ടണ്‍ പാലസിലെ തന്നെ വില്യമിന്റെ അപാര്‍ട്‌മെന്റിനോടു ചേര്‍ന്നുള്ള പ്രധാന അപ്പാര്‍ട്ട്‌മെന്റിലേക്കു മാറാനായിരുന്നു ഉദ്ദേശമെങ്കിലും പിന്നീട് വില്യമും ഹാരിയും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ ദി സണ്‍ എന്ന മാധ്യമത്തോടു പറഞ്ഞത്. 

പത്തോളം ബെഡ്‌റൂമുകളും കുഞ്ഞിനായുള്ള നഴ്‌സറിയും ജിമ്മും സ്പായും യോഗാ സ്റ്റുഡിയോയും ഉള്‍പ്പെടെ നിലവിലെ കോട്ടേജിനെ അപേക്ഷിച്ച് നിരവധി സൗകര്യങ്ങളും ഫ്രോഗ് മോറിലുണ്ട്. കെനിങ്ടണിലെ നോട്ടിങാം കോട്ടേജില്‍ രണ്ടു ബെഡ്‌റൂമുകളും രണ്ടു റിസപ്ഷന്‍ റൂമുകളും ഒരു ബാത്‌റൂമും ചെറിയ ഗാര്‍ഡനുമുള്‍പ്പെടെ 1324 ചതുരശ്രയടിയുള്ള കോട്ടേജിലാണ് ഇരുവരും താമസിച്ചിരുന്നത്. 

മുന്നൂറോളം വര്‍ഷത്തെ പഴക്കമുണ്ട് ഫ്രോഗ് മോര്‍ ഹൗസിന്. വില്യമിന്റെയും കേറ്റിന്റെയും വിവാഹം നടന്ന സെന്റ് ജോര്‍ജ് ചാപ്പലിന് സമീപത്താണ് കോട്ടേജെന്നതാണ് ഈയിടത്തെ ഇരുവരുടെയും പ്രിയങ്കരമാക്കുന്നത്. രാജ്ഞിയുടെയും മറ്റ് രാജകുടുംബങ്ങളുടെയും പ്രൈവറ്റ്-ഒഫീഷ്യല്‍ ഒത്തുചേരലുകള്‍ക്ക് വേദിയാകുന്നയിടമായിരുന്നു ഇത്. 

Content Highlights: Harry and Meghan will make new home at Frogmore House