ക്രിക്കറ്റ്താരം ഹര്‍ഭജന്‍ സിങ്ങും ഭാര്യ ഗീത ബസ്രയും പുതിയൊരു വീട് വെക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ക്കു തന്നെ മനസ്സില്‍ ഒരൊറ്റ കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളു, അത് പ്രകൃതിസൗഹാര്‍ദമായിരിക്കണം. ഇപ്പോഴിതാ ജലന്ധറില്‍ പണികഴിപ്പിച്ച പുതിയ വീട്ടിലൂടെ ആഗ്രഹങ്ങളെല്ലാം സഫലമാക്കിയിരിക്കുകയാണ് ഇരുവരും. 

മൂന്നുനിലകളായുള്ള വീടിന് ആവശ്യമായ വൈദ്യുതിയെല്ലാം സ്വന്തമായി ഉത്പാദിപ്പിക്കാനായി സോളാര്‍ പാനൽ സെറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ മുതല്‍ക്കു തന്നെ സോളാര്‍ സൗകര്യത്തോടെയുള്ള വീടിനെക്കുറിച്ചു ചിന്തിച്ചിരുന്നുവെന്നും ഇപ്പോഴാണ് അത് പ്രാവര്‍ത്തികമാക്കാന്‍ അവസരം ലഭിച്ചതെന്നും ഗീത പറയുന്നു. വീട്ടിലെ ഒട്ടുമുക്കാല്‍ ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നത് സോളാര്‍ വൈദ്യുതിയിലൂടെയാണെന്നും ഗീത പറയുന്നു.

മുംബൈയിലെ വീട് താന്‍ ഡിസൈന്‍ ചെയ്തത് ഹര്‍ഭജന് ഏറെ ഇഷ്ടമായിരുന്നുവെന്നും അതിനാല്‍ പുതിയ വീടിന്റെ ഇന്റീരിയര്‍ ഡിസൈനിങ്ങിലും തന്റെ പങ്കുണ്ടെന്നും ഗീത പറയുന്നു. ആധുനികശൈലിയും കണ്ടംപററി ബ്രിട്ടീഷ് ഇന്റീരിയര്‍ ശൈലിയും ഇഴചേര്‍ന്ന വിധത്തിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Content Highlights: harbhajan singh geeta basra new house