ടെക്‌നോളജി മാത്രമല്ല റിയല്‍ എസ്റ്റേറ്റ് രംഗത്തും താന്‍ പുലിയാണെന്ന് തെളിയിച്ചയാളാണ് യുഎസ് വ്യവസായിയും ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സ്ഥാപകനുമായ ഇലണ്‍ മസ്‌ക്. കഴിഞ്ഞ ദിവസം തന്റെ ആസ്തിയുമായി ബന്ധപ്പെട്ട് മസ്‌ക് ചെയ്ത ട്വീറ്റ് വൈറലായിരുന്നു, ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മസ്‌ക്കിന്റെ വീട് വില്‍പനയുമായി ബന്ധപ്പെട്ട വാര്‍ത്തയും പുറത്തുവരുന്നത്. 

'' എല്ലാ ഭൗതിക ആസ്തികളും വില്‍ക്കാന്‍ പോവുകയാണ്, വീടു പോലും വേണ്ട''- എന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് ഓഹിരവിലിയിടിഞ്ഞ് ടെസ്ല കമ്പനിക്ക് ഒരുലക്ഷം കോടിയോളം രൂപ നഷ്ടമായെന്നും വാര്‍ത്തകളുണ്ടായിരുന്നു. ട്വീറ്റ് തമാശയ്ക്ക് ഇട്ടതാണോ എന്നു ചോദിച്ചവരോട് അല്ലെന്ന മറുപടിയും മസ്‌ക് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച്ച മസ്‌ക്കിന്റെ രണ്ടുവീടുകള്‍ വില്‍പനയ്ക്കു വച്ച വിവരം പുറത്തുവന്നിരിക്കുന്നത്. 

നാല്‍പതു മില്യണ്‍ ഡോളറിനാണ് മസ്‌ക് തന്റെ വീടുകള്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നതെന്നാണ് വിവരം. ബെല്‍ എയറില്‍ മസ്‌ക് പതിനേഴ് മില്യണ്‍ ഡോളര്‍ കൊടുത്തു സ്വന്തമാക്കിയ വീടാണ് വില്‍പനയ്ക്കു വച്ചിരിക്കുന്നവയിലൊന്ന്. ഇരുപതിനായിരം ചതുരശ്രഅടിയിലുള്ള ആഡംബര മാന്‍ഷനാണിത്. ഏഴുബെഡ്‌റൂമുകളും രണ്ടു നിലകളുള്ള ലൈബ്രറിയും സ്വിമ്മിങ് പൂളും ടെന്നീസ് കോര്‍ട്ടുമാണ് ഇവിടെയുള്ളത്. 

രണ്ടാമത്തെ വീട് നടന്‍ ജീന്‍ വില്‍ഡറില്‍ നിന്നും മസ്‌ക് സ്വന്തമാക്കിയതാണ്. 2756 ചതുരശ്ര അടിയിലുള്ള ഈ വീട്ടില്‍ അഞ്ചു ബെഡ്‌റൂമുകളാണുള്ളത്. ഫ്രഞ്ച് സ്റ്റൈലിലാണ് വീടിന്റെ നിര്‍മിതി. 

മസ്‌ക്കിന് ലോസ് ആഞ്ചലസില്‍ ഏഴോളം വീടുകളുണ്ട്. 24.4 മില്യണ്‍ ഡോളറിന്റെ ആഡംബര മാന്‍ഷന്‍, പതിനേഴ് മില്യണ്‍ ഡോളറിന്റെ ഫ്രഞ്ച് സ്‌റ്റൈലിലുള്ള മാന്‍ഷന്‍, 6.75 മില്യണ്‍ ഡോളറിന്റെ വീട് എന്നിങ്ങനെ പോകുന്നു ആ പട്ടിക.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് തനിക്കും പങ്കാളി ഗ്രിംസിനും ഒരാണ്‍കുഞ്ഞു പിറന്ന വിവരം മസ്‌ക് ട്വീറ്റ് ചെയ്തത്. മസ്‌ക്കിന്റെ ആറാമത്തെ പുത്രനാണിത്. ആദ്യഭാര്യയില്‍ അഞ്ച് ആണ്‍മക്കളും മസ്‌ക്കിനുണ്ട്.

Content Highlights:  Elon Musk selling homes after declaring he would sell almost al of his physical possessions