രാധകരുമായി സംവദിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് ബോളിവുഡ് നടി ദിഷാ പഠാണി. ഫാഷന്‍ ഫോട്ടോഷൂട്ടുകളും വര്‍ക്കൗട്ട് വീഡിയോകളുമായി സജീവമാണ് താരം. വീട്ടിലെ പ്രിയപ്പെട്ട ഇടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും ദിഷ പങ്കുവെക്കാറുണ്ട്. ദിഷയെപ്പോലെ തന്നെ ക്യൂട്ട് ആണ് താരത്തിന്റെ വീടും.

വെള്ളനിറത്തിന്റെ മാസ്മരികഭംഗിയാണ് അകത്തളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വാതിലുകള്‍ക്കും ജനലുകള്‍ക്കുമൊക്കെ വെള്ളനിറമാണ് താരം നല്‍കിയിരിക്കുന്നത്. വീട്ടിലെ ഭൂരിഭാഗം ഫര്‍ണിച്ചറും വൈറ്റ് ടോണിലാണ് ചെയ്തിരിക്കുന്നത്. മാര്‍ബിളാണ് നിലത്ത് പാകിയിരിക്കുന്നത്.

മിനിമലിസ്റ്റിക് ആയാണ് ദിഷ വീടും ഒരുക്കിയിരിക്കുന്നത്. ആഡംബരത്തേക്കാള്‍ ലാളിത്യമാണ് അകത്തളക്കാഴ്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വെള്ള നിറത്തോടൊപ്പം വുഡന്‍ ടോണും വീട്ടില്‍ അങ്ങിങ്ങായി നല്‍കിയിട്ടുണ്ട്. ലിവിങ് റൂം തൊട്ട് ബെഡ്‌റൂം ഉള്‍പ്പെടെ ധാരാളം ചെടികള്‍ കൊണ്ട് പച്ചപ്പ് നിറച്ചിട്ടുമുണ്ട് താരം.

മറ്റു മുറികളിലേതിന് സമാനമായാണ് ബെഡ്‌റൂമും ദിഷ ഒരുക്കിയിരിക്കുന്നത്. വെള്ള നിറമാണ് ചുവരുകള്‍ക്കും ബെഡിനും വരെ. ചുവരില്‍ കറുത്ത നിറത്തിലുള്ള ധാരാളം ചിത്രശലഭങ്ങളെ പതിപ്പിച്ചിരിക്കുന്നതും കാണാം.

വിശാലമായ ബാല്‍ക്കണിയാണ് ദിഷയുടെ വീട്ടിലുള്ളത്. നീളത്തിലുള്ള ബാല്‍ക്കണിയില്‍ ഇരിപ്പിടവും ചെടികളുമെല്ലാമുണ്ട്. വുഡന്‍ ഫ്‌ളോറിങ് ആണ് ഇവിടെ നല്‍കിയിരിക്കുന്നത്. മുകളില്‍ നിന്ന് താഴേക്കു നീണ്ടുകിടക്കുന്ന ഗ്ലാസ്‌കൊണ്ടുള്ള ചുമരാണിവിടെ നല്‍കിയിരിക്കുന്നത്.

2017ലാണ് ദിഷാ ബാന്ദ്രയില്‍ ലിറ്റില്‍ ഹട്ട് എന്ന വീട് വാങ്ങുന്നത്. അഞ്ചുകോടി മുതല്‍മുടക്കിയാണ് താരം നഗരമധ്യത്തില്‍ വീട് വാങ്ങിയത്.

Content Highlights: Disha Patani's house in Mumbai through her Instagram pics