ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദീപികാ പദുക്കോണും രണ്‍വീര്‍ സിങ്ങും. മുംബൈയിലെ തെക്കന്‍ തീരദേശ പട്ടണമായ ആലിബാഗില്‍ ഇരുവരും ചേര്‍ന്ന് ആഡംബര ബംഗ്ലാവ് വാങ്ങിയതായി റിപ്പോര്‍ട്ട്. ഏകദേശം 22 കോടി രൂപ ചെലവിട്ടാണ് ഇരുവരും വസതി സ്വന്തമാക്കിയത്. ഏകദേശം 2.25 ഏക്കര്‍ സ്ഥലത്താണ് പുതിയ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 18,000 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്‍ണം. താഴത്തെ നിലയില്‍ അഞ്ചു മുറികളാണുള്ളത്. കിഹിം ബീച്ചില്‍ നിന്ന് പത്ത് മിനിറ്റ് യാത്ര മാത്രമാണ് ഇവിടേക്ക് ഉള്ളത്. 

സെപ്റ്റംബര്‍ 13-ന് ദീപികയും രണ്‍വീറും വീടു വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചന്നും ഏകദേശം 1.32 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ എവര്‍‌സ്റ്റോണ്‍ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ രാജേഷ് ജഗ്ഗിയുടെ ഉടമസ്ഥതയിലായിരുന്നു ഈ ബംഗ്ലാവ്.

മുംബൈയിലെ പ്രഭാദേവിയിലാണ് ദീപികയും രണ്‍വീറും നിലവില്‍ താമസിക്കുന്നത്. ഇവിടുത്തെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ 26-ാം നിലയിലാണ് ദീപികയുടെ വീട്. 2018-ല്‍ വിവാഹത്തിനുശേഷം രണ്‍വീര്‍ കപൂര്‍ ഇവിടേക്ക് താമസം മാറുകയായിരുന്നു. ആലിബാഗില്‍ ഇരുവര്‍ക്കും പുതിയ ബംഗ്ലാവ് കൂടാതെ മറ്റൊരുവീടുകൂടിയുണ്ട്.

ദീപികയ്ക്കും രണ്‍വീറിനും പുറമെ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും ആലിബാഗില്‍ സ്വന്തമായി ബംഗ്ലാവ് ഉണ്ട്.

Content highlights: deepika padukone and ranveer singh buy a lavish rs 22 crore bungalow in alibaug