കോടികളുടെ വീടുകള്‍ സ്വന്തമാക്കലും വില്‍ക്കലുമൊക്കെ സെലിബ്രിറ്റികള്‍ക്ക് അത്ര പുത്തരിയല്ല. ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോടികള്‍ വിലമതിക്കുന്ന മാന്‍ഷന്‍ വിറ്റെന്ന വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി താരം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വന്തമാക്കിയ ചെഷയര്‍ മാന്‍ഷനോടാണ് താരം വിട പറഞ്ഞിരിക്കുന്നത്.
മുപ്പത്തിമൂന്നുകാരനായ റൊണാള്‍ഡോ മുപ്പത്തിയഞ്ചുകോടി മുടക്കിയാണ് ചെഷയര്‍ മാന്‍ഷന്‍ സ്വന്തമാക്കിയിരുന്നത്. ഇപ്പോള്‍ വിറ്റിരിക്കുന്നതാകട്ടെ ഇരുപത്തിയൊമ്പതുകോടി രൂപയ്ക്കും.
ഇംഗ്ലണ്ടിലെ ആല്‍ഡേര്‍ലി എഡ്ജിലാണ് റൊണാള്‍ഡോ അഞ്ചു ബെഡ്‌റൂമുകളുള്ള മാന്‍ഷന്‍ സ്വന്തമാക്കിയിരുന്നത്. റയല്‍ മാഡ്രിഡുമായി കരാറിലൊപ്പിടുന്നതിന് ഒരു വര്‍ഷം മുമ്പാണ് റൊണാള്‍ഡോ മൂന്നുനിലയുള്ള വീട് നേടിയത്.
വലിയ സ്വിമ്മിങ് പൂള്‍, ഹോട്ട് ടബ്ബ്, സ്റ്റീം റൂം, ജിം, സിനിമാ-ഗെയിം റൂമുകള്‍ എന്നിവയുള്‍പ്പെടെ ഉള്ളതായിരുന്നു ഈ മാന്‍ഷന്‍. 2009ല്‍ മാന്‍ഷന്‍ വില്‍ക്കാന്‍ റൊണാള്‍ഡോ പദ്ധതിയിട്ടിരുന്നുവെങ്കിലും ഉപഭോക്താവിനെ ലഭിച്ചിരുന്നില്ല.
2014 മുതല്‍, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കളിക്കാരനായ ലൂക്ക് ഷോയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു മാന്‍ഷന്‍. ആറുലക്ഷത്തില്‍പരം രൂപയാണ് വാടകയിനത്തില്‍ ലൂക് നല്‍കിയിരുന്നത്. പിന്നീട് ക്രിസ്മസിന് ഒരാഴ്ച്ച മുമ്പാണ് റൊണാള്‍ഡോ വീണ്ടും വീട് വില്‍പനയ്ക്കായി വച്ചത്.
Content Highlights: Cristiano Ronaldo sells stunning Cheshire mansion