പ്രശസ്ത മോഡലും ടിവി താരവുമായ കിം കര്‍ദാഷിയാന്‍ അടുത്തിടെ തന്റെ വീടിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത് വാര്‍ത്തയായിരുന്നു. അകത്തൊന്നും വാതിലുകൾ ഇല്ല എന്നതായിരുന്നു വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ വീണ്ടും കിമ്മിന്റെ വീട്ടുവിശേഷം തരംഗമാവുകയാണ്. സംഗതി കിമ്മിന്റെ വീട്ടിലെ ബാത്‌റൂമിലുള്ള സിങ്കിനെക്കുറിച്ചാണ്. കാഴ്ച്ചയിലെ വ്യത്യസ്തത മാത്രമല്ല സിങ്കിന്റെ വിലയാണ് അമ്പരപ്പിക്കുന്നത്.
സാധാരണ കണ്ടു വന്നിട്ടുള്ള സിങ്കുകളോട് ഒട്ടും ചേര്‍ന്നു പോകാത്ത വിധത്തിലായിരുന്നു താരത്തിന്റെ വീട്ടിലെ സിങ്ക്. ബേസിന്‍ ഇല്ല എന്നതു മാത്രമല്ല ഒറ്റനോട്ടത്തില്‍ നീളത്തിലൊരു ടേബിളും അതിനു മുകളില്‍ രണ്ടു പൈപ്പും വച്ചിരിക്കുകയാണെന്നേ തോന്നൂ. മാത്രമല്ല മേശയ്ക്കു സമാനമായി ഒരേ നിരപ്പിലുള്ള പ്രതലമായതുകൊണ്ടു തന്നെ വെള്ളം പുറത്തോട്ടു തെറിക്കില്ലേ എന്നൊക്കെ പലര്‍ക്കും സംശയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനം കൂടി വിശദീകരിച്ചു വീഡിയോ പങ്കുവച്ചിരിക്കുകയാണ് കിം.
വീഡിയോ കൂടി കണ്ടതോടെയാണ് ഈ സിങ്കിന്റെ വില എന്തായിരിക്കുമെന്ന് പലര്‍ക്കും കൗതുകം ഉയര്‍ന്നത്. കിമ്മിന്റെ ഈ ബേസിന്‍ ഇല്ലാത്ത സിങ്കിന് ചുരുങ്ങിയത് 18 ലക്ഷം ആകുമെന്നാണ് പീപ്പിള്‍ മാഗസിന്‍ പറയുന്നത്. വെള്ളം മറ്റെങ്ങോട്ടും ആകാത്ത രീതിയില്‍ ഡിസൈന്‍ ചെയ്ത സിങ്കാണിത്.
2014ല്‍ 138 കോടി മുടക്കിയാണ്കിമ്മും ഭര്‍ത്താവ് കെയ്ന്‍ വെസ്റ്റും വീട് സ്വന്തമാക്കിയത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം 2017ലാണ് ഇരുവരും വീട്ടിലേക്കു മാറിയത്. ഇപ്പോള്‍ വീടിന്റെ മൂല്യം നാനൂറ്റിപ്പതിനഞ്ച് കോടിയില്‍പ്പരമാണ്.
Content Highlights: Cost Of Kim Kardashian Basin-Less Sink