ബോളിവുഡ് താരങ്ങളില്‍ ഏറ്റവും മനോഹരമായ വീടിന് ഉടമയാണ് ഷാരൂഖ് ഖാന്‍. കഠിനാധ്വാനത്തിലൂടെ താന്‍ സ്വന്തമാക്കിയതാണ് മുംബൈയിലെ മന്നത് എന്ന ആഡംബര ഭവനമെന്ന് ഷാരൂഖ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് താരത്തിന്റെ ഡല്‍ഹിയിലെ വീടിന്റെ വിശേഷങ്ങളാണ്. വീടിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനൊപ്പം ഒരു സര്‍പ്രൈസും ഷാരൂഖ് പങ്കുവെച്ചിട്ടുണ്ട്. മറ്റൊന്നുമല്ല ഒരു ഭാഗ്യ ജോടികള്‍ക്കു വേണ്ടി ഈ വീടിന്റെ വാതില്‍ തുറക്കപ്പെടും എന്നതാണത്. 

ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന ഷാരൂഖ് ഗൗരി ഖാനെ കണ്ടുമുട്ടുന്നതും തലസ്ഥാനത്തു വച്ചാണ്. അതുകൊണ്ടുതന്നെ ഈ നഗരത്തോടും വീടിനോടും അല്‍പം പ്രിയം കൂടുതലുണ്ട് ഷാരൂഖിന്. ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ ഗൗരി വീടിന്റെ ഇന്റീരിയറിലും അടിമുടി മാറ്റം വരുത്തിയിട്ടുണ്ട്. നൊസ്റ്റാള്‍ജിയ പകരുന്ന നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഡിസൈന്‍ ചെയ്തിട്ടുള്ള വീട്ടില്‍ താമസിക്കാനുള്ള ഭാഗ്യമാണ് ഷാരൂഖ് നല്‍കുന്നത്. Airbnb വഴിയാണ് ഇതിനുള്ള അവസരമൊരുക്കിയിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shah Rukh Khan (@iamsrk)

വീട്ടില്‍ നിന്നുള്ള അഞ്ചു ചിത്രങ്ങളാണ് ഷാരൂഖ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അവയിലൊന്നില്‍ ഗൗരിയെയും കാണാം. ആഡംബരമായി അലങ്കരിച്ച ലിവിങ് റൂമും ബെഡ്‌റൂമും കുടുംബചിത്രങ്ങള്‍ കൊണ്ടലങ്കരിച്ച ചുമരുമൊക്കെ ചിത്രങ്ങളില്‍ കാണാം. ആദ്യകാലത്തെ ധാരാളം ഓര്‍മകള്‍ പേറുന്ന ഡല്‍ഹിക്ക് തങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക ഇടമാണുള്ളതെന്ന് ചിത്രങ്ങള്‍ക്കൊപ്പം ഷാരൂഖ് കുറിക്കുന്നു. 

താമസത്തിനൊപ്പം അതിഥികള്‍ക്ക് ഖാന്‍കുടുംബത്തിന്റെ പ്രിയഭക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച അത്താഴവും ഷാരൂഖിന്റെ പ്രധാന സിനിമകളുടെ ഷോയും ഉണ്ടാവും. ഷാരൂഖ് ഭവനത്തില്‍ താമസിച്ച അതുല്യമായ ഓര്‍മകള്‍ പേറിയാവും ആരാധകര്‍ തിരിച്ചുപോവുക. വരുന്ന നവംബര്‍ മുപ്പതുവരെയാണ് എന്‍ട്രികള്‍ സ്വീകരിക്കപ്പെടുന്നത്. 

Content Highlights: chance to be guest Inside Gauri And Shah Rukh Khan's Delhi Home