ആദ്യത്തെ കുഞ്ഞിനെ വരവേറ്റതിന്റെ ആഹ്ലാദത്തിലാണ് ബോളിവുഡ് താരം അനുഷ്കയും ക്രിക്കറ്റ്താരം വിരാട് കോലിയും. ഇക്കഴിഞ്ഞ പതിനൊന്നിനാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ഇപ്പോഴിതാ കുഞ്ഞുമാലാഖയെ വരവേൽക്കാൻ വിരുഷ്ക ദമ്പതികൾ വീടൊരുക്കിയ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
മുംബൈയിലെ വർളിയിലാണ് അനുഷ്ക-വിരാട് ദമ്പതികളുടെ ആഡംബര അപ്പാർട്മെന്റുള്ളത്. മിനിമലിസവും ലാളിത്യവും മുഖമുദ്രയാക്കിയ വീട്ടിൽ ജിമ്മും സ്പായും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. 7000 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. നിലവിലെ സവിശേഷതകൾക്ക് പുറമെ കുഞ്ഞുമാലാഖയെ വരവേൽക്കാൻ മറ്റു ചില പ്രത്യേകതകളും ഇരുവരും വീട്ടിലൊരുക്കിയിട്ടുണ്ട്. വോഗിന് നൽകിയ അഭിമുഖത്തിലാണ് അനുഷ്ക ഇക്കാര്യങ്ങൾ പങ്കുവച്ചത്.
ആനിമൽ തീമിലാണ് അനുഷ്ക മകൾക്കായുള്ള മുറിയൊരുക്കിയിരിക്കുന്നതെന്ന് പറയുന്നു. റൂം ഡിസൈൻ ചെയ്യുന്നതിനായും പെർഫെക്റ്റ് ആക്കുവാനും ഏറെ സമയം നീക്കിവച്ചിരുന്നുവെന്നും അനുഷ്ക പറയുന്നു. മുറിയൊരുക്കുമ്പോൾ ശ്രദ്ധിച്ച പ്രധാന കാര്യം ലിംഗനിഷ്പക്ഷമാവണം എന്ന നിർബന്ധമായിരുന്നു എന്നും അനുഷ്ക പറയുന്നു.
ആൺകുട്ടികൾ നീലനിറം ധരിക്കണമെന്നോ പെൺകുട്ടികൾ പിങ്ക് ധരിക്കണമെന്നോ താൻ കരുതുന്നില്ല. മകൾക്കൊരുക്കിയ നഴ്സറിയിൽ എല്ലാ നിറങ്ങളുമുണ്ട്. വിരാടിനും തനിക്കും മൃഗങ്ങളെ ഏറെയിഷ്ടമാണ്, മകൾക്കും ആ സ്നേഹമുണ്ടാകണമെന്ന് കരുതുന്നു. അവ നമ്മുടെ ജീവിതത്തിൽ പ്രധാനസ്ഥാനം വഹിക്കുന്നവയാണ്, കുട്ടികൾക്ക് അനുകമ്പയും ദയയും പകരാൻ അവയ്ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു- അനുഷ്ക പറയുന്നു.
Content Highlights: Anushka Sharma and Virat Kohli have added a new nursery for their child