ബോളിവുഡ് താരങ്ങളുടെ സ്ഥിരം സംഗമവേദിയാണ് മുംബൈയിലെ ജുഹുവില്‍ സ്ഥിതി ചെയ്യുന്ന നടന്‍ അനില്‍ കപൂറിന്റെ വീട്. ദീപാവലി, കര്‍വാ ചൗത്ത് തുടങ്ങിയ വിശേഷാവസരങ്ങളിലെല്ലാം ബോളിവുഡ് താരങ്ങള്‍ ഒത്തുകൂടുന്ന പതിവ് ഇടങ്ങളിലൊന്നു കൂടിയാണ് ആഢംബരത്തിന്റെ പര്യായമായ ഈ വീട്.

താന്‍ കുടുംബവുമായി ഏറെ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നുവെന്ന് അനില്‍ കപൂര്‍ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. 20 വര്‍ഷം മുമ്പാണ് അനില്‍ കപൂര്‍ ഈ വീട് വാങ്ങുന്നത്. അന്ന് 30 കോടി രൂപയ്ക്കാണ് ഈ വീട് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ധാരാളം അലങ്കാരപ്പണികളാല്‍ അലങ്കരിച്ചിരിക്കുന്ന ഈ വീട്ടില്‍ ജിം, വിനോദകാര്യങ്ങള്‍ക്കുള്ള സ്ഥലം, വായനാ മുറി, പുല്ലുപിടിപ്പിച്ച മുറ്റം എന്നിവയെല്ലാം ഉണ്ട്. 

അനില്‍ കപൂറിന്റെ ഭാര്യ സുനിത കപൂര്‍ ആണ് ഈ വീടിന്റെ ഇന്റീരയര്‍ വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത്. വീടിന്റെ മുക്കും മൂലയും വരെ അവരുടെ കലാവൈഭവത്താല്‍ നിറഞ്ഞിരിക്കുന്നു. ആഢംബരത്തിനൊപ്പം അലങ്കാരങ്ങളും നിറഞ്ഞതാണ് ഈ വീട്. വീടിനുള്ളിലേക്ക് കയറി ചെല്ലമ്പോള്‍ തന്നെ സ്വാഗതം ചെയ്യുന്നത് പിച്ച്‌വായ് പെന്റിങ്ങില്‍ തീര്‍ത്ത കൃഷ്ണന്റെ ചിത്രമാണ്. ഇതിനുചുറ്റും സ്വര്‍ണം പൂശിയ കണ്ണാടികളും പാത്രങ്ങളുമെല്ലാം വെച്ചിരിക്കുന്നു. 

anil kapoor

വളരെ രാജകീയമായ ലിവിങ് ഏരിയ ആണ് വീടിന്റെ മറ്റൊരു പ്രത്യേകത. സ്വര്‍ണ ഫ്രെയിമല്‍ തീര്‍ത്ത ചിത്രങ്ങള്‍, ഓറഞ്ചും ചുവപ്പും ഇടകലര്‍ന്ന കുഷ്യനുകള്‍ എന്നിവയെല്ലാം ലിവിങ് ഏരിയയില്‍ സെറ്റ് ചെയ്തിരിക്കുന്നു. സോഫയ്ക്ക് പുറമെ തടിയില്‍ തീര്‍ത്ത കോഫീ ടേബിളും ലിവിങ് റൂമിലുണ്ട്.

ചുമരുകളില്‍ നിറയെ തൂക്കിയിരിക്കുന്ന പെയിന്റിങ്ങുകളാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. 
ഊഷ്മളത ജനിപ്പിക്കുന്ന പെയിന്റിങ്ങാണ് കിടിപ്പുമുറികളുടെ പ്രത്യേകത. വുഡന്‍ ഫ്‌ളോറിങ്ങാണ് കിടപ്പുമുറികള്‍ക്ക്. വെള്ളയും ഇളംതവിട്ട് നിറവും ചേര്‍ന്ന പെയിന്റാണ് കിടപ്പുമുറിയുടെ ചുമരുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 

വളരെ വിശാലമായ ലൈബ്രറിയാണ് മറ്റൊരു പ്രത്യേകത. തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചറുകള്‍ ലൈബ്രറിക്ക് രാജകീയമായ ലുക്ക് നല്‍കുന്നു. 

anil kapoor

ഏറെ ആരാധകരുള്ള അനില്‍ കപൂര്‍ ഫിറ്റ്‌നസ് കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തുന്നു. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് ആവശ്യമായ മുഴുവന്‍ ജിം സൗകര്യങ്ങളും അദ്ദേഹത്തിന്റെ വീട്ടിലൊരുക്കിയിരിക്കുന്ന ജിമ്മില്‍ സജ്ജീകരിച്ചിട്ടുണ്ട്. കറുപ്പും വെളുപ്പും ഇടകലര്‍ന്ന തീമിലാണ് ജിം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

വെള്ള തീമിലൊരുക്കിയിരിക്കുന്ന പ്രാര്‍ത്ഥനാ മുറിയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. മാര്‍ബിളില്‍ തീര്‍ത്ത മന്ദിറും വ്യത്യസ്ത ദേവീ ദേവന്മാരുടെ ശില്പങ്ങളും ഇവിടെ ക്രമീകരിച്ചിരിക്കുന്നു.

Content highlights: anil kapoors home at juhu mumbai, thirty crore worth bungalow, bollywood star home