ചുരുങ്ങിയ ചിത്രങ്ങളിലൂടെ ആരാധക ഹൃദയങ്ങൾ കീഴടക്കിയ യുവനടിയാണ് ബിടൗൺ താരം അനന്യ പാണ്ഡെ. ഫാഷന്റെ കാര്യത്തിലായാലും ഫിറ്റ്നസിന്റെ കാര്യത്തിലായാലും അനന്യ ഒരുപടി മുന്നിൽ തന്നെയാണ്. ഇൻസ്റ്റ​ഗ്രാമിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെക്കാനും താരം മറക്കാറില്ല. ഇക്കൂട്ടത്തിലാണ് അനന്യയുടെ വീടും ആരാധകരുടെ ശ്രദ്ധയിൽ പതിഞ്ഞത്. ആധുനികതയ്ക്കൊപ്പം ക്ലാസിക് സ്റ്റൈലും ഇടകലർന്ന അനന്യയുടെ വീട്ടുവിശേഷങ്ങളിലേക്ക്... 

അച്ഛൻ ചങ്കി പാണ്ഡെക്കും അമ്മ ഭാവനാ പാണ്ഡെക്കും സഹോദരി റൈസയ്ക്കുമൊപ്പമാണ് അനന്യ താമസിക്കുന്നത്. മുബൈയിലെ പാലി ഹിൽ ഏരിയയിലാണ് അനന്യയുടെ വീട് സ്ഥിതി ചെയ്യുന്നത്. വെള്ളയും കറുപ്പും നിറത്തിൽ ജ്യോമെട്രിക് പാറ്റേണിൽ ഡിസൈൻ ചെയ്ത ഫ്ളോർ വീടിന്റെ സവിഷേതകളിലൊന്നാണ്. വീട്ടിലുള്ള ​ഗ്ലാസ് വാളുകൾ പുറംകാഴ്ച്ചകളും സു​ഗമമാക്കുന്നു. 

ananya

കറുപ്പ്, വെള്ള, ​ഗ്രേ നിറങ്ങളിലാണ് വീട്ടിലെ ഫർണിച്ചറിലേറെയും ഒരുക്കിയിരിക്കുന്നത്. ​ഗ്ലാസ് വാതിൽ കടന്നെത്തുന്നത് നീളൻ വരാന്തയിലേക്കാണ്. ഓപ്പൺ സ്പേസിനെ മനോഹരമാക്കാൻ ധാരാളം ചെടികളും അലങ്കാരവസ്തുക്കളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പെയിന്റ് ചെയ്യാനും യോ​ഗ ചെയ്യാനുമൊക്കെ അനന്യക്ക് ഏറ്റവും ഇഷ്ടമുള്ള ഇടം കൂടിയാണിത്. 

കറുപ്പും വെള്ളയും നിറത്തിലുള്ള മാർബിൾ നിലമാണ് ലിവിങ് റൂമിലേത്.  വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള കണ്ണാടികൾ അവിടവിടെയായി തൂക്കിയിരിക്കുന്നത് മുറിയുടെ വലിപ്പം വർധിച്ച തോന്നലുണ്ടാക്കുന്നു. 

ananya

അൽപം കാഷ്വലായാണ് താരത്തിന്റെ മുറി ഒരുക്കിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള ചുവരുകളും ഐവറി വുഡൻ ഫ്ളോറിങ്ങുമാണ് ഇവിടെയുള്ളത്. ചെടികളാൽ നിറച്ച ബാൽക്കണിയാണ് വീട്ടിലെ മറ്റൊരു പ്രത്യേകത. ഇവിടെ നിന്നുള്ള നിരവധി ചിത്രങ്ങളും അനന്യ പങ്കുവച്ചിട്ടുണ്ട്. ഒപ്പം പാർട്ടികൾക്കും മറ്റുമായി മിനി ബാർ ഏരിയയും വീട്ടിലുണ്ട്. 

Content Highlights:  Ananya Pandey's Mumbai Home