ലോസ്ആഞ്ചലിസിലെ ഏറ്റവും വിലയേറിയ ബംഗ്ലാവ് വാങ്ങി ആമസോണ്‍ സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമായ ജെഫ് ബെസോസ് റെക്കോര്‍ഡിട്ടു. 165 മില്യണ്‍ യു.എസ്. ഡോളറിന്റേതാണ്( 1180 കോടി രൂപ) ഇടപാട്. ഒന്‍പത് ഏക്കര്‍ വരുന്ന ബെവേര്‍ലി ഹില്ലിലെ ബംഗ്ലാവാണ് ബെസോസ് സ്വന്തമാക്കിയത്.

ഹോളിവുഡിലെ ജാക്ക് വാര്‍ണര്‍(വാര്‍ണര്‍ ബ്രദേഴ്‌സ് ഉടമ) 1930 കളില്‍ ഡിസൈന്‍ ചെയ്ത ബംഗ്ലാവാണിത്. 13,600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ജോര്‍ജിയന്‍ ശൈലിയില്‍ പണിത ഈ ബംഗ്ലാവിന് വിശാലമായ ടെറസ്, പൂന്തോട്ടങ്ങള്‍, രണ്ട് ഗസ്റ്റ്ഹൗസുകള്‍, നഴ്‌സറി, ടെന്നിസ് കോര്‍ട്ട്, സ്വിമ്മിങ് പൂള്‍, മോട്ടോര്‍ കോര്‍ട്ട്, നയന്‍ ഹോള്‍ ഗോള്‍ഫ് കോഴ്‌സ് എന്നിവയുണ്ട്.

ഈ റിയല്‍ എസ്റ്റേറ്റ് ഡീലിനൊപ്പം ബെസോസ് ആര്‍ട്ട് മാര്‍ക്കറ്റിലേക്കും പ്രവേശിച്ചതായി വിവരമുണ്ട്. വാള്‍സ്ട്രീറ്റ് ജേണലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 1990 വരെ ഡേവിഡ് ജെഫെന്‍ ആയിരുന്നു ഇതിന്റെ ഉടമസ്ഥന്‍. അന്ന് 47.5 മില്ല്യണ്‍ യു.എസ്. ഡോളറായിരുന്നു ജെഫെന്‍ മുടക്കിയിരുന്നത്. 

ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒന്നാം സ്ഥാനത്താണ് 56 കാരനായ ബെസോസ്. ഭാര്യയായിരുന്ന മാക്കന്‍സിയും ബെസോസും 2019 ല്‍  വിവാഹമോചിതരായിരുന്നു.

Content Highlights: amazon founder jeff bezos home property costs 165 million USD