ബോക്സ് ഓഫീസുകളുടെ പ്രിയതോഴനാണ് ബോളിവുഡിലെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍. അക്ഷയ് കുമാറിന്റെ ഭാര്യയും നടിയും എഴുത്തുകാരിയുമൊക്കെയായ ട്വിങ്കിള്‍ ഖന്നയ്ക്ക് ഇപ്പറഞ്ഞ മേഖലകള്‍ക്കപ്പുറം മറ്റൊരു രംഗത്തു കൂടി പ്രാഗത്ഭ്യമുണ്ട്. മനോഹരമായി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുന്നതിലാണത്.
വീട് എങ്ങനെ അണിയിച്ചൊരുക്കണമെന്നുള്പ്പെടെ നിരവധി ടിപ്സ് ട്വിങ്കിള്‍ ഖന്ന ആരാധകരുമായി പങ്കുവെക്കാറുണ്ട്. വൈറ്റ് വിന്‍ഡോ എന്ന ഇന്റീരിയര്‍ ഡിസൈനിങ് സ്റ്റോറുകളുടെ ഉടമസ്ഥയുമാണ് ട്വിങ്കിള്‍. മുംബൈയിലെ ജുഹുവില്‍ കടലിനോട് അഭിമുഖമായുള്ള ഇരുനില വീട്ടിലും നിറയെ കലയോടുള്ള ട്വിങ്കിളിന്റെ അടങ്ങാത്ത സ്നേഹം കാണാം.
ലിവിങ് റൂമും ഡൈനിങ് ഹാളും അടുക്കളയും ഹോം തിയ്യേറ്ററും ഓഫീസ് റൂമും ഉള്‍പ്പെടെയുള്ളവയാണ് താഴത്തെ നിലയിലുള്ളത്. ബെഡ്റൂം പാന്‍ട്രി, ട്വിങ്കിള്‍ ഖന്നയുടെ ഓഫീസ് റൂം ബാല്‍ക്കണി തുടങ്ങിയവയണ് രണ്ടാം നിലയിലുള്ളത്. പരമ്പരാഗതവും മോഡേണ്‍ സ്റ്റൈലും ഇഴചേര്‍ന്ന ഇന്റീരിയറാണ് വീട്ടിലുള്ളത്.
ഇന്റീരിയര്‍ ഡിസൈനിങ് ആയാലും പരീക്ഷണത്തിന് യാതൊരു പ്രശ്നവുമില്ലെന്നു തെളിയിക്കുകയാണ് ട്വിങ്കിള്‍ ഖന്ന. വലിയ തലയോട്ടിയുടെ രൂപത്തിലുള്ള മെഴുകുതിരി സ്റ്റാന്‍ഡ് അതിനുദാഹരണമാണ്. വീട്ടിലെ ചുവരുകളിലെല്ലാം കാണുന്ന കലാവിരുതാണ് മറ്റൊരു ആകര്‍ഷണം. ട്വിങ്കിള്‍ ഖന്നയുടെ അമ്മയുടെയും മകന് ആരവിന്റെയും ചിത്രരചനകളാണ് അവയിലേറെയും.
പ്രശസ്ത ഇന്ത്യന്‍ ആര്‍ട്ടിസ്റ്റായ ഗോഗി സരോജ് പാലിന്റെ പെയിന്റിങ്ങുകളും വീട്ടിലെ ചുവരുകളില്‍ തൂക്കിയിട്ടുണ്ട്. ഫര്ണിച്ചറുകളിലെല്ലാം മിനിമലിസവും ലക്ഷുറിയും ഇഴചേര്‍ന്ന സൗന്ദര്യം കാണാം. യാത്രയെ ഏറെയിഷ്ടപ്പെടുന്ന ഇരുവരും ട്രാവലിങ്ങിനിടെ വാങ്ങിക്കൂട്ടിയ കരകൗശലവസ്തുക്കളാണ് വീടിനകം അലങ്കരിക്കുന്നത്.
ബെയ്ജും ബ്രൗണും നിറമാണ് വീടിന്റെ ഏറിയഭാഗത്തും കാണുന്നത്. ചുവരുകളിലും കൗച്ചസുകളിലുമെല്ലാം ഈ ന്യൂട്രല്‍ ഷെയ്ഡുകള്‍ കാണാം. കണ്ടംപററി ആര്‍ട്ടിന്റെ ഒരു വന്‍ശേഖരമാണ് ഇവരുടെ വീട്. കലയ്ക്കൊപ്പം അറിവിനും പ്രാധാന്യം നല്കുന്ന ദമ്പതികള്‍ വീട്ടിലൊരുക്കിയ ബുക് ഷെല്‍ഫും മനോഹരമാണ്.
മനോഹരമായൊരു പൂന്തോട്ടം മാത്രമല്ല അസ്സലൊരു പച്ചക്കറിത്തോട്ടവും ചെറിയൊരു വനവുമൊക്കെ വീട്ടിനു ചുറ്റും അക്ഷയും ട്വിങ്കിളും ഒരുക്കിയിട്ടുണ്ട്. ഗാര്‍ഡന്റെ മോടികൂട്ടാനായി സമീപത്തു തന്നെ ചെറിയൊരു കുളവുമുണ്ട്. കുളത്തിനു നടുവിലുള്ള കല്ലുകൊണ്ടു കൊത്തിയതിനു സമാനമായ ബുദ്ധ പ്രത്യേക ആകര്‍ഷണമാണ്.
സിനിമയ്ക്കും പ്രൊഫഷണല്‍ ജീവിതത്തിനും അപ്പുറം അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും മകന് ആരവിനും മകള്‍ നിതാരയ്ക്കുമൊപ്പം തീര്‍ക്കുന്ന സ്വര്‍ഗമാണ് ഈ വീട്.
Content Highlights: akshay kumar twinkle khanna home