ബോളിവുഡില്‍ ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് നടന്‍ അക്ഷയ് കുമാര്‍. തിരക്കുകളെല്ലാം വിട്ട് താരത്തിന് സ്വസ്ഥമായി ഇരിക്കാനിഷ്ടമുള്ളയിടം വ്യക്തമാക്കിയിരിക്കുകയാണ് അക്ഷയ് ഇപ്പോള്‍. അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തനിക്കേറ്റവും പ്രിയപ്പെട്ടയിടം ഗോവയില്‍ സ്വന്തമാക്കിയ വില്ലയാണെന്ന് അക്ഷയ് പറയുന്നത്.

അഞ്ചുകോടി വിലമതിക്കുന്ന വില്ല പത്തുവര്‍ഷം മുമ്പാണ് അക്ഷയ് സ്വന്തമാക്കിയത്. ഗോവയില്‍ എല്ലാവര്‍ക്കും തന്നെ അറിയാമെങ്കിലും ആരും ശല്യം ചെയ്യാന്‍ വരില്ലെന്നാണ് അക്ഷയ് പറയുന്നത്. അവിടെ നെറ്റ്വര്‍ക് കണക്ഷന്‍ പോലും കുറവായ സ്ഥലത്താണ് വീട് എന്നതുകൊണ്ടുതന്നെ ഫോണ്‍ മൂലമുള്ള ശല്യവുമില്ല. അവിടെയെത്തിയാല്‍ അതിരാവിലെ എഴുന്നേല്‍ക്കുന്ന ശീലമൊക്കെ മാറും.

ഗോവയിലെത്തുമ്പോള്‍ തനിക്കും കുടുംബത്തിനും ഭക്ഷണം തയ്യാറാക്കാന്‍ പ്രത്യേകം ഷെഫുമാരെയും അക്ഷയ് നിര്‍ത്താറുണ്ട്. വീട്ടിലെ പ്രൈവറ്റ് പൂള്‍ ആണ് തനിക്കേറ്റവും ഇഷ്ടമുള്ളയിടം എന്നും അക്ഷയ് പറഞ്ഞിട്ടുണ്ട്. ഇതുകൂടാതെ മുംബൈയിലെ ജുഹു ബീച്ചിലും കേപ്ടൗണിലും ദുബായിലും അന്ധേരിയിലും അക്ഷയ് കുമാറിന് സ്വന്തമായി വീടുകളുണ്ട്.

അക്ഷയ് മാത്രമല്ല ഗോവയില്‍ വീട് സ്വന്തമാക്കിയ ബോളിവുഡ് താരം, നടി പ്രിയങ്ക ചോപ്രയ്ക്കും ഇവിടെയൊരു സ്വപ്‌നഭവനമുണ്ട്. കുട്ടിക്കാലം തൊട്ടേ ബീച്ചിനരികില്‍ വീട് സ്വപ്‌നം കണ്ടയാളായിരുന്നു താനെന്നും അങ്ങനെയാണ് സമ്പാദ്യമായപ്പോള്‍ ബാഗാ ബീച്ചിനരികില്‍ വീട് വാങ്ങിയതെന്നും പ്രിയങ്ക പറഞ്ഞിട്ടുണ്ട്.

Content Highlights: akshay kumar goa villa