ധ്വാനിച്ചു സ്വന്തമാക്കിയ വീടിനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല ചിലര്‍ക്ക്. അത്തരത്തിൽ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ താമസിക്കാനിടയായ വീടുകളെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് തെന്നിന്ത്യന്‍ താരം പാര്‍ഥിപന്‍. മുപ്പതു വര്‍ഷമായി സിനിമയില്‍ സജീവമാണെങ്കിലും ഇപ്പോഴും വാടകവീട്ടിലാണ് പാർഥിപൻ താമസിക്കുന്നത്. 

ജെഎഫ്ഡബ്ല്യുവിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ വീടോർമകൾ പാര്‍ഥിപന്‍ പങ്കുവച്ചത്. ''സിനിമയില്‍ എത്തിയിട്ട് മുപ്പതു വര്‍ഷമായല്ലോ ഇപ്പോഴും വാടകവീട്ടിലാണോ താമസിക്കുന്നത് എന്നു ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഈ ഭൂമി തന്നെ ഒരു വാടകവീടാണ്, അതില്‍ ചെറിയൊരു ജീവിതം ജീവിക്കാനാണ് നമ്മള്‍ വന്നിരിക്കുന്നത്. ഇതുവരെയും സമ്പാദിച്ചതെല്ലാം സിനിമയില്‍ തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്, അതിലും സന്തോഷം മാത്രമേയുള്ളു.'' 

കലയോട് അടുത്ത വീടാണ് തന്റേതെന്നും പാര്‍ഥിപന്‍ പറയുന്നു. വീട്ടില്‍ പാര്‍ഥിപന് ഏറ്റവും പ്രിയപ്പെട്ടത് ബുദ്ധയുടെ രൂപവും സിനിമാ ജീവിതത്തിനു കിട്ടിയ പുരസ്‌കാരങ്ങളുമാണ്. ഇതുവരെയെഴുതിയ സ്‌ക്രിപ്റ്റുകളെല്ലാം സൂക്ഷിച്ചിരിക്കുന്ന ഒരു പെട്ടിയും പാര്‍ഥിപന്റെ ഇഷ്ടവസ്തുക്കളിലൊന്നാണ്. യാത്രകളിലെല്ലാം വീട്ടിലേക്കായി ഇഷ്ടപ്പെടുന്നവയെല്ലാം വാങ്ങിക്കാറുണ്ട് പാർഥിപൻ. 

അഞ്ഞൂറ് ചതുരശ്ര അടിയുള്ള വീട്ടിലാണ് പാർഥിപനും കുടുംബവും പണ്ട് താമസിച്ചിരുന്നത്. ഇടത്തരം കുടുംബത്തേക്കാൾ താഴെയായിരുന്നു ജീവിതസാഹചര്യങ്ങൾ. സിനിമാ മോഹവുമായി നടക്കുന്ന കാലത്ത് 100 ചതുരശ്ര അടി മാത്രമുള്ള മുറിയിലായിരുന്നു താമസിച്ചിരുന്നത്, എട്ടുപേരൊന്നിച്ച്. പലര്‍ക്കും ശരിക്കൊന്ന് കിടക്കാന്‍ പോലും സ്ഥലമില്ലായിരുന്നു. 

ആദ്യമായി എഴുപതു രൂപ നല്‍കി താമസിച്ച വാടക വീടിന്റെ ഓര്‍മകളും പാര്‍ഥിപന്‍ പങ്കുവെച്ചു. കെ.കെ റോഡില്‍ വാടകയ്ക്ക് താമസിച്ച വീട്  തന്നെ ആദ്യസിനിമ റിലീസായപ്പോള്‍ വിലയ്ക്കു വാങ്ങി. പിന്നീട് കല്യാണത്തിന്  മുമ്പായി ഒരു വലിയ ബംഗ്ലാവ് വാങ്ങുകയും മറ്റൊരു വൈകാരിക സന്ദര്‍ഭത്തില്‍ അതു വില്‍ക്കുകയും ചെയ്തു. അത്തരത്തിലൊരു വീട് ഇനി വാങ്ങാൻ കഴിയില്ല.ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് അതാണെന്ന് പാര്‍ഥിപന്‍ ഓര്‍ക്കുന്നു. 

ചില സുഹൃത്തുക്കളുടെ വീട്ടിലേക്കു പോകുമ്പോള്‍ ഓരോ മുറികളും പച്ച, മഞ്ഞ, പിങ്ക് എന്നിങ്ങനെ ബഹളമായി കാണാറുണ്ട്. പണക്കാരുടെ വീട് അങ്ങനെയായിരിക്കണം എന്നാണ് അവര്‍ ചിന്തിക്കുന്നത്. എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം അതില്‍ സൗന്ദര്യം കാണാന്‍ കഴിയുന്നില്ലെന്നും മനസ്സിലാണ് നിറങ്ങളെന്നും പാര്‍ഥിപന്‍ പറയുന്നു. 

താന്‍ കഴിഞ്ഞതു പോലെയല്ല, വലിയ വീട്ടിലാണ് മക്കളെല്ലാം വളര്‍ന്നത്. ഇപ്പോള്‍ തനിക്കൊപ്പം വാടകവീട്ടില്‍ വന്നും അവര്‍ താമസിക്കാറുണ്ട്. അവരുടെ കൂടെ പഠിച്ചവരെല്ലാം പണക്കാരുടെ മക്കളാണ്. അതുകൊണ്ട് മക്കള്‍ക്ക് ഇവിടെ താമസിക്കുമ്പോള്‍ അവര്‍ കുറച്ചിലാകുമോ എന്നെല്ലാം ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ അവര്‍ക്ക് ജീവിതത്തില്‍ വലിയ പാഠങ്ങളാകും. ഇതാണ് കഷ്ടം എന്നു തിരിച്ചറിഞ്ഞാല്‍ മാത്രമേ സന്തോഷത്തെയും തിരിച്ചറിയാന്‍ കഴിയൂ എന്നും പാര്‍ഥിപന്‍ പറയുന്നു. 

Content Highlights: actor R Parthiepan House Celebrity Home