കുടുംബ വീടുകളോട് എല്ലാവര്‍ക്കും ഒരു പ്രത്യേക ഇഷ്ടമായിരിക്കും. ജനിച്ചു വളര്‍ന്ന വീടും ചുറ്റുപാടുമൊക്കെ വിട്ട് എത്ര സൗകര്യങ്ങളിലേക്കു ചേക്കേറിയാലും തറവാട് വീടുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ നൊസ്റ്റാള്‍ജിയ ഉണരുന്നവരുണ്ട്. ബോളിവുഡ് താരം ആമിര്‍ ഖാനും അത്തരത്തിലൊരാളാണ്. മുംബൈയിലെ പാലി ഹില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലൊന്നാണ് ആമിറിന്റെ പഴയ വീട്. ഇപ്പോള്‍ ആ ഇഷ്ടം കണക്കിലെടുത്ത് തിരികെ അവിടെ തന്നെ താമസിക്കാനൊരുങ്ങുകയാണ് ആമിര്‍. 

തന്റെ കുടുംബ വീടുകളോടുള്ള ഇഷ്ടം നേരത്തെയും ആമിര്‍ പങ്കുവച്ചിട്ടുണ്ട്. 2012ല്‍ അമ്മാവനില്‍ നിന്നും ഇരുപത്തിരണ്ട് പ്രോപ്പര്‍ട്ടികള്‍ ആമിര്‍ സ്വന്തമാക്കിയിരുന്നു. ഷഹബാദിലെ ആ വീടുകളോടുള്ള അടുപ്പം വ്യക്തമാക്കിയ ആമിര്‍ അവ ഒരിക്കലും വില്‍ക്കില്ലെന്നും പറഞ്ഞിരുന്നു. 2016ല്‍ അമ്മയുടെ കുടുംബവീട് സ്വന്തമാക്കിയ താരം അത് അവര്‍ക്കായി സമ്മാനിക്കുകയും ചെയ്തിരുന്നു. 

അന്ന് ദംഗലിന്റെ വിജയത്തേക്കാള്‍ തന്നെ സന്തോഷിപ്പിക്കുന്നത് അമ്മയ്ക്ക് വീട് സമ്മാനിച്ചതാണെന്നും ആമിര്‍ പറഞ്ഞിരുന്നു. എണ്‍പതു വയസ്സോളമായ അമ്മയ്ക്ക് ബാല്യകാല ഓര്‍മകളിലേക്കു തിരിച്ചുപോക്കു നടത്താന്‍ അതിനു കഴിയുമെന്നും ആമിര്‍ പറഞ്ഞിരുന്നു. 

ഇപ്പോഴിതാ ആറുവര്‍ഷത്തിനിപ്പുറം വീണ്ടും പാലി ഹില്ലിലെ വീട്ടിലേക്കു മാറാന്‍ തീരുമാനിച്ചിരിക്കുകയാണ് ആമിര്‍. ഫ്രീഡാ വണ്ണില്‍ താമസിക്കുന്നതിന്റെ കരാര്‍ കാലാവധി വൈകാതെ അവസാനിക്കുമെന്നും അതു പുതുക്കാന്‍ താരം തീരുമാനിച്ചിട്ടില്ലെന്നുമാണ് ആമിറിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പഴയ വീട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. പ്രകൃതിയോട് ചേര്‍ന്നു കിടക്കുന്ന തീമിലായിരിക്കും വീട് വീണ്ടും ഡിസൈന്‍ ചെയ്യുക എന്നാണ് ആമിറും ഭാര്യ കിരണ്‍ റാവുവും തീരുമാനിച്ചിട്ടുള്ളതെന്നും പറയപ്പെടുന്നു. 

Content Highlights:  Aamir Khan To Relocate To Old Home In Pali Hill