ഘോഷങ്ങള്‍ എങ്ങനെ വേണമെന്ന് ബോളിവുഡ് താരങ്ങളെ കണ്ട് പഠിക്കണം. ഇടയ്ക്ക് പുറത്തുവിടുന്ന ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയുമൊക്കെയാണ് ഇതെല്ലാം നാം കണ്ടറിയാറുള്ളത്. ക്ലോക്ക് നോക്കാതെ ജോലി ചെയ്ത് സിനിമ റിലീസാകുമ്പോള്‍ പാര്‍ട്ടി സെലിബ്രേഷനുകള്‍ നടത്തുന്ന താരങ്ങള്‍ പലർക്കും സ്വകാര്യ ആഘോഷങ്ങള്‍ക്കായി അവധിക്കാല ബംഗ്ലാവുകളുമുണ്ട്. ഇത്തരത്തില്‍ ബോളിവുഡ് താരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്ന അടിപൊളി സ്വകാര്യ ബംഗ്ലാവുകള്‍ ഏതൊക്കെയെന്ന് അറിയാം.  

ഷാരൂഖ് ഖാന്റെ അലിബാഗ്

മുംബൈ ബാന്ദ്രയിലെ ഷാരൂഖ് ഖാന്റെ വീട് ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. എന്നാല്‍ ബോളിവുഡ് ബാദുഷയ്ക്ക് അലിബാഗില്‍ സ്വന്തമായി ജന്നത്ത് എന്നൊരു മാളിക കൂടിയുണ്ടെന്ന് പലര്‍ക്കും അറിയില്ല. തന്റെ 51ാം പിറന്നാളിനാണ് ഈ വുഡന്‍ ബംഗ്ലാവ് ഷാരൂഖ് സ്വന്തമാക്കിയത്. നല്ലൊരു സെലിബ്രിറ്റി ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ ഷാരൂഖിന്റെ പത്‌നി ഗൗരിയുടെ കലാവിരുത് കൂടി ഈ ബംഗ്ലാവിനുള്ളില്‍ ഉണ്ടെന്നതിനാല്‍ സ്വപ്‌നത്തിലേക്കുള്ള സഞ്ചാരം തന്നെയാണ് ഈ ബംഗ്ലാവ് എന്ന് നിസ്സംശയം പറയാം. കരകൗശല വസ്തുക്കളും ഷാരൂഖിന്റെ ഇളയ കുഞ്ഞ് അബ്‌റാമിനുള്ള ട്രീ ഹൗസുമൊക്കെ ഈ ബംഗ്ലാവിലുണ്ട്. 

കങ്കണ റാവത്തിന്റെ മണാലിയിലെ കങ്കണ ഹൈറ്റ്‌സ്

തിരക്കുകള്‍ക്കിടയില്‍ നിന്ന് ഒന്ന് ആശ്വാസം തേടാന്‍ ബോളിവുഡ് ക്വീന്‍ ഓടിയെത്തുന്ന സുന്ദരമായ ഒരു സ്ഥലമുണ്ട്. അതാണ് മണാലിയിലെ കങ്കണ ഹൈറ്റ്‌സ് എന്ന വില്ല. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം മീറ്റര്‍ ഉയരെയാണ് ഈ സ്വപ്‌ന ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഹാന്‍ഡ് പെയിന്റിങും വുഡന്‍ പാനലിങും ചെയ്ത ഹാള്‍ ഈ ബംഗ്ലാവിനെ വ്യത്യസ്തമാക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് മോറിട്‌സിനോട് സാമ്യമുള്ള ഈ ബംഗ്ലാവില്‍ നിന്ന് നോക്കിയാല്‍ പര്‍വതനിരകളുടെ മനോഹരമായ വ്യൂ കാണാനാകും. അതിനാല്‍ തന്നെ കങ്കണയുടെ പാര്‍ട്ടികളില്‍ പ്രധാനിയാണ് ഈ ബംഗ്ലാവ്. 

സെയ്ഫ് അലിഖാന്റെയും കരീനാകപൂറിന്റെയും പട്ടൗഡി പാലസ്

ബോളിവുഡിലെ രാജകീയ ദമ്പതികളാണ് സെയ്ഫും കരീനയും. പട്ടൗഡി നവാബ് എന്നറിയപ്പെടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെയും ബോളിവുഡ് നടി ഷര്‍മിള ടാഗോറിന്റെയും മകനാണ് ബോളിവുഡ് സ്റ്റാര്‍ ആയ സെയിഫ് അലിഖാന്‍. ഇവരുടെ കുടുംബ വീടായ പട്ടൗഡി പാലസ് നീംരാന ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ ഒരു ഹെറിറ്റേജ് ഹോട്ടലായിരുന്നു. 2014 ല്‍ സെയ്ഫ് ഈ പാലസ് തിരിച്ചെടുത്തു. എണ്ണൂറ് കോടി മൂല്യം വരുന്ന ഈ കൊട്ടാരം ഇന്ന് പ്രത്യേക അവസരങ്ങളില്‍ സെയ്ഫിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബോളിവുഡ് സെലിബ്രിറ്റികളുമൊക്കെ സന്ദര്‍ശിക്കുന്ന ഇടമാണ്. 

പ്രിയങ്ക ചോപ്രയുടെ ഗോവയിലെ ബീച്ച് ഹൗസ്

മുംബൈയ്ക്കും ലൊസാഞ്ചല്‍സിനും ഒരുപോലെ പ്രിയപ്പെട്ടവളാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ പ്രിയങ്കയ്ക്ക് ഗോവയില്‍ അതിമനോഹരമായ ബീച്ച് ഹൗസ് ഉണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം? കുട്ടിയായിരുന്നപ്പോള്‍ കണ്ട സ്വപ്‌നമാണ് ഭാഗാ ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച് ഹൗസിന്റെ ഉടമയായതോടെ പ്രിയങ്ക സാക്ഷാത്കരിച്ചിരിക്കുന്നത്. ഭര്‍ത്താവ് നിക്ക് ജൊനാസിനും കസിന്‍ പരിണീതി ചോപ്രയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം പ്രിയങ്ക അവധി ആഘോഷിക്കാറുള്ളതും ഇവിടെ തന്നെ. 

ആമിര്‍ഖാന്റെ പഞ്ചാഗ്നി

രണ്ടേക്കറിലാണ് ആമിറിന്റെ ഈ ഡ്രീംഹോം സ്ഥിതി ചെയ്യുന്നത്. സംവിധായകന്‍ ഹോമി അഡജാനിയ ആയിരുന്നു മുന്‍പ് ഇതിന്റെ ഉടമ. 2006 ല്‍ ഏഴുകോടിയോളം രൂപ മുടക്കിയാണ് ആമിര്‍ ഇത് സ്വന്തമാക്കിയത്. ഭാര്യയും ഫിലിം പ്രൊഡ്യൂസറുമായ കിരണ്‍ റാമുവിനും മകനുമൊപ്പം അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ ആമിര്‍ ഓടിയെത്തുന്നതും ഇവിടേക്കു തന്നെ. മകന്‍ ആസാദ് റാവു ഖാന്റെ ഒന്നാം പിറന്നാള്‍ ഉള്‍പ്പടെയുള്ള നിരവധി പാര്‍ട്ടികള്‍ നടത്താന്‍ ആമിര്‍-കിരണ്‍ ദമ്പതികള്‍ തിരഞ്ഞെടുക്കുന്നതും ഈ ബംഗ്ലാവ് തന്നെ. 

സുനില്‍ ഷെട്ടിയുടെ ഖാന്‍ഡ്‌ല

സുനില്‍ ഷെട്ടിയുടെ അഭിരുചികള്‍ തിരിച്ചറിയാനാകും അദ്ദേഹത്തിന്റെ ഖാന്‍ഡ്‌ല കണ്ടാല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാങ്ങിക്കൂട്ടിയ വിന്റേജ് കരകൗശല വസ്തുക്കള്‍ കൊണ്ട് നിറച്ചിരിക്കുകയാണ് ഇവിടെ. ഇതിനോട് ചേര്‍ന്ന് സ്വിമ്മിങ് പൂളുമുണ്ട്. ഈ വലിയ ബംഗ്ലാവില്‍ സുനില്‍ ഷെട്ടിയും ഭാര്യ മനയും പ്രിയപ്പെട്ട വളര്‍ത്തുനായ്ക്കളുമാണ് താമസക്കാര്‍. 

Content Highlights: star home, celebrity home