ഷാർജ: ഷാർജയിൽ മാതൃഭൂമി ഡോട്ട് കോം ഒരുക്കിയ കേരള പ്രോപ്പർട്ടി ഷോ ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് കുട്ടികൾക്കൊപ്പം നൃത്തം ചെയ്തപ്പോൾ കൂടിനിന്നവർക്കും ആവേശം.

എന്റെ സ്വപ്നവീട് എന്ന വിഷയത്തിൽ ഒരുക്കിയ പെയിന്റിങ് മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു ശ്രീശാന്തിന്റെ നൃത്തച്ചുവടുകൾ. അവതാരകരായ ആർ.ജെ. ഷാനിന്റെയും അമന്റെയും ക്ഷണമനുസരിച്ചായിരുന്നു നൃത്തച്ചുവടുകളുമായി ശ്രീശാന്ത് കുട്ടികളിലേക്കിറങ്ങിയത്. കുട്ടികൾക്കായി ചുവടുകൾവെച്ചും ചെറിയമട്ടിൽ പാട്ടിനൊപ്പം നൃത്തം വെച്ചും ശ്രീശാന്ത് അവർക്കൊപ്പം ചേർന്നതോടെ കണ്ടുനിന്നവരും ആവേശത്തോടെ കൈയടിച്ച് കൂടെ ചേർന്നു.

അധികം വൈകാതെ തന്നെ വീണ്ടും ക്രിക്കറ്റ് കളിയിലേക്ക് തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് ആമുഖമായി ശ്രീശാന്ത് പറഞ്ഞു. ഒരു കന്നഡ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് പുതിയ ബിസിനസ് സംരംഭവുമായാണ് യു.എ.ഇ.യിലേക്ക് എത്തിയിരിക്കുന്നത്. അധികം വൈകാതെ തന്നെ ദുബായിലേക്ക് താമസം മാറ്റുമെന്നും ശ്രീശാന്ത് പറഞ്ഞു.

ചെറിയ പ്രസംഗത്തിന് ശേഷമായിരുന്നു ശ്രീശാന്തിന്റെ നൃത്തച്ചുവടുകൾ. തുടർന്ന് കുട്ടികൾക്കൊപ്പം ഫോട്ടോവിന് നിന്നും സെൽഫിക്കായി തിരക്കുകൂട്ടിയവരെയെല്ലാം സന്തോഷിപ്പിച്ചുമായിരുന്നു ശ്രീശാന്ത് മടങ്ങിയത്.

Content Highlight: sreeshanth participate in Mathrubhumi Property expo at sharjah