ഷാർജ: സ്വന്തമായൊരുവീട് എന്ന പ്രവാസികളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പോന്ന മികച്ച ഭവനപദ്ധതികളുടെ വിപുലമായ പ്രദർശനം കാണാൻ ആദ്യദിവസംതന്നെ വലിയ ജനക്കൂട്ടമെത്തി.

ഷാർജ എക്‌സ്‌പോ സെന്ററിൽ വെള്ളിയാഴ്ച കാലത്താണ് മാതൃഭൂമി ഡോട്ട് കോം ഒരുക്കിയ കേരള പ്രോപ്പർട്ടിഷോ- 2018 ആരംഭിച്ചത്. എക്‌സ്‌പോ സെന്ററിലെ അഞ്ചാംനമ്പർഹാളിൽ കേരളത്തിലെ പ്രമുഖ ബിൽഡർമാർ അണിനിരന്ന പ്രദർശനത്തിൽനിന്ന് മനസ്സിനിണങ്ങിയ വീടുകളുടെ മാതൃക കാണാനും ബിൽഡർമാരുമായി സംസാരിക്കാനുമായി രാവിലെ മുതൽ കുടുംബസമേതമാണ് സന്ദർശകർ ഏറെയും എത്തിയത്. വീട്, ഫ്ളാറ്റ്, വില്ല എന്നിവയ്ക്ക് ഒരേപോലെ താത്‌പ്പര്യം പ്രകടിപ്പിച്ചവരാണ് ഏറെയും സന്ദർശകരെന്ന് വിവിധ ബിൽഡർമാർ പറഞ്ഞു. ഇഷ്ടപ്പെട്ടവ പദ്ധതികളിൽ തത്സമയം ബുക്ക് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. അങ്ങിനെ ബുക്ക് ചെയ്യുന്നവർക്ക് ആകർഷക സമ്മാനങ്ങളും നൽകുന്നുണ്ട്.

ശോഭ ലിമിറ്റഡ്, അബാദ് ബിൽഡേഴ്‌സ്, കല്യാൺ ഡെവലപ്പേഴ്‌സ്, പി.വി.എസ്. ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ്, വീഗാലാൻഡ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, നോയൽ വില്ലാസ് ആൻഡ് അപ്പാർട്ട്‌മെൻറ്‌സ്, ഫേവറിറ്റ് ഹോംസ്, കോൺഡോർ ഗ്രൂപ്പ്, ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ്, അലയൻസ് ഹോംസ്, റയോ മാർട്ടിൻ, ചേലൂർ ബിൽഡേഴ്‌സ്, ബെവേർലി പ്രോപ്പർട്ടീസ്, ഇൻസൈറ്റ് ബിൽഡേഴ്‌സ്, ഭവനം ബിൽഡേഴ്‌സ്, ന്യൂലൈൻ ബിൽഡേഴ്‌സ്, ലാൻഡ് ലിനക്‌സ് ഡെവലപ്പേഴ്‌സ്, ജി.ജി. പ്രോപ്പർട്ടീസ്, മാക്‌സ്‌വാല്യൂ, ക്വുറാസ് ഡോർസ് എന്നിവരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.

കേരളത്തിലെ പ്രമുഖ നഗരങ്ങളിലും ഉൾഭാഗങ്ങളിലും ആവശ്യാനുസരണം വീടുകളും ഫ്ളാറ്റുകളും തിരഞ്ഞെടുക്കാനുള്ള അവസരമാണ് പ്രദർശനം നൽകിയത്. ഭവനവായ്പസംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാനായി ഫെഡറൽ ബാങ്കും കേരളസർക്കാർ ആരംഭിച്ച പ്രവാസി ചിട്ടിയുടെ പ്രത്യേക കൗണ്ടറും പ്രദർശനത്തിൽ ഉണ്ട്. ശനിയാഴ്ച രാത്രി വരെ പ്രദർശനം നീളും.