ഷാർജ: സ്വന്തമായി ഒരു വീട് എന്ന പ്രവാസികളുടെ സ്വപ്നത്തിന് ഉത്തരവുമായി സുന്ദരഭവനങ്ങളുടെ വലിയ ലോകം വെള്ളിയാഴ്ച നിങ്ങൾക്കായി തുറക്കുന്നു. വിദേശമലയാളികൾക്കും ബിൽഡർമാർക്കും ഒരുപോലെ പ്രയോജനപ്രദമായ വിധത്തിൽ മാതൃഭൂമി ഡോട്ട് കോം ഷാർജയിൽ ഒരുക്കുന്ന കേരള പ്രോപ്പർട്ടി എക്സ്‌പോ വെള്ളിയാഴ്ച കാലത്ത് ആരംഭിക്കുകയാണ്.

ഷാർജ എക്സ്‌പോ സെന്ററിലെ അഞ്ചാംനമ്പർ ഹാളിലാണ് പ്രദർശനം. ശനിയാഴ്ച രാത്രിവരെ നീളുന്ന പ്രോപ്പർട്ടി എക്സ്‌പോയിൽ കേരളത്തിലെ പ്രമുഖ ഭവന നിർമാതാക്കളാണ് അണിനിരക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ തുടങ്ങി കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിർമാണത്തിലിരിക്കുന്നതും ലക്ഷ്യമിടുന്നതുമായ ഭവന പദ്ധതികളുമായാണ് പ്രമുഖ ബിൽഡർമാർ പ്രദർശനത്തിലെത്തുന്നത്. അവധിക്ക് നാട്ടിൽ പോകുമ്പോൾ വീടോ ഫ്ലാറ്റോ വില്ലയോ വാങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് എക്സ്‌പോയിലൂടെ കേരളത്തിലെ മികച്ച നിരവധി പ്രോജക്ടുകളെക്കുറിച്ച് വിശദമായി മനസ്സിലാക്കാം. ബാങ്കിങ്, ഫിനാൻസ് മേഖലയിൽനിന്നുള്ള ബ്രാൻഡുകളും പ്രോപ്പർട്ടി എക്സ്‌പോയിൽ ഉള്ളതിനാൽ അത്തരം കാര്യങ്ങളിലും വ്യക്തത വരുത്താം.

താത്പര്യത്തിനൊത്തതും ബജറ്റിനിണങ്ങുന്നതുമായ പ്രോപ്പർട്ടി മേളയിൽവെച്ചുതന്നെ ബുക്ക് ചെയ്യാം. ഏതു സ്ഥലത്തുള്ള പ്രോജക്ടായാലും അവ ഏതെല്ലാംവിധത്തിൽ നിക്ഷേപകർക്ക് ഗുണകരമാകുമെന്ന് നേരിട്ട് ബോധ്യപ്പെടാനും എക്സ്‌പോയിലൂടെ സാധിക്കും.

കേരള പ്രോപ്പർട്ടി എക്സ്‌പോ 2018-ന്റെ ഭാഗമായാണ് കുട്ടികൾക്കായി എന്റെ വീട് എന്നപേരിൽ പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നത്. രണ്ടുവിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിലെ ഒന്നാംസ്ഥാനക്കാർക്ക് നാട്ടിലേക്ക് പോയിവരാനുള്ള വിമാനടിക്കറ്റാണ് സമ്മാനം. സ്വപ്നം ക്യാൻവാസിലാക്കി സ്വപ്നസമ്മാനവും സ്വന്തമാക്കാം. നാല് മുതൽ എട്ട് വയസ്സുവരെയുള്ളവർക്കാണ് വെള്ളിയാഴ്ചത്തെ മത്സരം. ഒമ്പത് മുതൽ 12 വയസ്സുവരെയുള്ളവർക്കുള്ള മത്സരം ശനിയാഴ്ചയാണ്. രണ്ടുദിവസവും വൈകീട്ട് മൂന്നരയ്ക്ക് മത്സരം തുടങ്ങും. വരയ്ക്കാനുള്ള ക്യാൻവാസ് സ്ഥലത്തുവെച്ച് നൽകും. പെയിന്റിങ്ങിന് വേണ്ട ബ്രഷും കളറുകളും സ്വന്തമായി കൊണ്ടുവരണം. എന്റെ സ്വപ്നവീട് എന്നതാണ് വിഷയം.

Content Highlight: kerala property expo at sharjah