ഷാര്‍ജ: കേരളത്തില്‍ പാര്‍പ്പിട നിര്‍മാണമേഖലയില്‍ നിക്ഷേപിക്കാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമാണിതെന്ന് ക്രെഡായ് ( കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ്‌ െഡവലപ്പേര്‍സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ-കേരള) സി.ഇ.ഒ. എം. സേതുനാഥ് സാക്ഷ്യപ്പെടുത്തുന്നു. നിയമ നിര്‍മാണങ്ങളിലൂടെ ഈ രംഗം ഏറെ സുതാര്യമായിട്ടുണ്ട്. നിര്‍ദിഷ്ട മാനദണ്ഡങ്ങളില്‍നിന്ന് വ്യതിചലിക്കുന്നവരെ ക്രെഡായ് തന്നെ വിലക്കുന്നുണ്ട് എന്നത് ആ രംഗത്തിന് കൂടുതല്‍ പരിരക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി ഡോട്ട് കോം ഷാര്‍ജ എക്‌സ്പോ സെന്ററില്‍ സംഘടിപ്പിച്ച കേരള പ്രോപ്പര്‍ട്ടി ഷോ- 2018- ല്‍ സംബന്ധിക്കാനായി എത്തിയതായിരുന്നു സേതുനാഥ്. നോട്ട് നിരോധനവും മറ്റും കേരളത്തിലെ ഈ മേഖലയെ ബാധിച്ചിട്ടില്ല. ഇവിടെയുള്ള നിക്ഷേപകരില്‍ ഭൂരിഭാഗവും ബാങ്ക് വായ്പകളിലൂടെയാണ് ഫ്‌ളാറ്റോ വീടോ വാങ്ങുന്നത്. പ്രവാസികള്‍ക്കാണെങ്കില്‍ ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയ നിരക്കിലുണ്ടായിരിക്കുന്ന വ്യത്യാസങ്ങള്‍ വായ്പാ തിരിച്ചടവിന് സഹായകമാവും. ഇപ്പോള്‍ ദിര്‍ഹത്തിന് ലഭിക്കുന്ന മികച്ച വില കൂടുതല്‍ ആകര്‍ഷകവുമാണ്.

റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് ആക്ട് (റെറ) അനുസരിച്ച് രജിസ്റ്റര്‍ചെയ്യുന്ന കമ്പനികളുടെ വിവരങ്ങളെല്ലാം റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇത് ഉപഭോക്താക്കള്‍ക്ക് സഹായകമാണ്. പാര്‍പ്പിടമേഖലയില്‍ നിക്ഷേപിക്കാനെത്തുന്ന ഇപ്പോഴത്തെ പ്രവാസികളെല്ലാം യഥാര്‍ഥ ഉപഭോക്താക്കള്‍ തന്നെയാണ്. ഇതിനാല്‍ വിപണി സ്ഥിരവും ഏറെ വളര്‍ച്ച കാണിക്കുന്നതുമാണ്. ജി.എസ്.ടി. പ്രാബല്യത്തില്‍വന്നത് നികുതികൂടാന്‍ ഇടയാക്കിയിട്ടുണ്ട്. കേരളത്തിലെ സ്റ്റാമ്പ് ഡ്യൂട്ടിയും ഉയര്‍ന്നനിരക്കിലാണ്. ഇത് കുറച്ചുകിട്ടാന്‍ ക്രെഡായ് പരിശ്രമിച്ചുവരികയാണന്നും സേതുനാഥ് പറഞ്ഞു.

ഒരു മലയാളി പ്രവാസിയായാല്‍ ആദ്യം കാണുന്ന സ്വപ്നം നാട്ടിലൊരുവീടാണ്. ആ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നല്ല സമയമാണിത്. പ്രവാസികള്‍ക്ക് എന്നെങ്കിലുമൊരിക്കല്‍ നാട്ടിലേക്ക് തിരിച്ചുപോയേപറ്റൂ. അപ്പോള്‍ തീര്‍ച്ചയായും കേരളത്തില്‍ ഒരു വീട് ആവശ്യമാണ്,എന്നാല്‍ അത് വില്ലയാണോ ഫ്‌ളാറ്റാണോയെന്നത് നമ്മുടെ സാമ്പത്തികസ്ഥിതിയെ ആശ്രയിച്ചുള്ള വലിയതീരുമാനമാണെന്ന് സേതുനാഥ് പറഞ്ഞു.

അദ്ദേഹവുമായുള്ള മുഖാമുഖത്തില്‍ നിന്ന്:

sethunathഒരു ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ?

നമ്മുടെരാജ്യത്ത് വീട് വെക്കുന്നത് അവനവന്‍ തന്നെയാണ്. ഇതില്‍ ഏറെയും സ്വകാര്യ നിര്‍മിതി കേന്ദ്രങ്ങളാണ് നിര്‍മിച്ചുനല്‍കുന്നത്. അതിനാല്‍ സ്വകാര്യ ബില്‍ഡേഴ്സുമായി നമ്മള്‍ ഇടപെടുകയും അവരില്‍നിന്നും പല കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുമാണ്. വില്ലയായാലും ഫ്‌ളാറ്റ് ആയാലും അടിസ്ഥാനപരമായുള്ള കാര്യങ്ങള്‍ ഒന്നുതന്നെയാണ്. തുടക്കത്തില്‍ ആവശ്യകതയനുസരിച്ച് മൂന്നായി തരംതിരിക്കാം. അതില്‍ വീടുകള്‍ നില്‍ക്കുന്ന സ്ഥലം പ്രധാനമാണ്. സര്‍വീസില്‍നിന്ന് വിരമിച്ചവര്‍ക്കോ പ്രായമായവര്‍ക്കോ ആസ്പത്രിസൗകര്യം പ്രധാനമാണ്. ഷോപ്പിങ്ങിന് പോകാനുള്ള സൗകര്യം, മറ്റിടങ്ങളുമായി ബന്ധപ്പെടാനുള്ള 'കണക്റ്റിവിറ്റികള്‍', പൊതുഗതാഗതസൗകര്യം, ആരാധനാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ അടുത്തുണ്ടോയെന്നത് പ്രധാനമാണ്. കുട്ടികള്‍ക്ക് സ്‌കൂള്‍ സൗകര്യമുണ്ടോയെന്നതും മനസ്സിലാക്കേണ്ടതുണ്ട്. ചെറുപ്പക്കാരായ കുടുംബങ്ങള്‍ക്ക് വീട് കുറച്ച് അകലെയാണെങ്കിലും പ്രശ്‌നമില്ല. അവരുടെ സാമ്പത്തിക നിക്ഷേപങ്ങളും അതിനനുസരിച്ച് വ്യത്യാസമുണ്ടാകും.

പ്രോപ്പര്‍ട്ടി ഷോകൊണ്ടുള്ള പ്രയോജനമെന്താണ്?

ഇവിടെയുള്ള മലയാളിക്ക് നാട്ടിലെ ബില്‍ഡേഴ്സിനെക്കുറിച്ചും അവിടെയുള്ള പദ്ധതികളെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയുകയെന്നത് പ്രധാനമാണ്. നേരിട്ടുള്ള സന്ദര്‍ശനത്തിലൂടെയല്ലാതെ ഇത്തരം കാര്യങ്ങള്‍ അറിയാനുള്ള ഉപാധികള്‍ കുറവാണ്. നാട്ടില്‍ അവധിക്കുപോകുന്ന ആളുകള്‍ മറ്റു സ്ഥലങ്ങള്‍ കാണുന്ന കൂട്ടത്തില്‍ ഇത്തരം ബില്‍ഡേഴ്സിന്റെ പദ്ധതികള്‍കൂടി കാണാന്‍ സമയം കണ്ടെത്തണം. ഷാര്‍ജയിലെ ഷോയില്‍ കണ്ട പദ്ധതികളുടെ സൈറ്റുകള്‍ നാട്ടില്‍പ്പോയി നേരില്‍ കാണാന്‍ ശ്രമിക്കുക. ഇവിടെനിന്ന് ഓഫര്‍ചെയ്ത സൗകര്യങ്ങള്‍ അവിടെ ലഭിക്കുന്നുണ്ടോയെന്നത് നേരിട്ടുകണ്ട് ബോധ്യമായതിനുശേഷം തീരുമാനമെടുക്കുക.

എന്തൊക്കെയാവാം പ്രവാസിയുടെ സംശയങ്ങള്‍?

അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഒരു വീടുവാങ്ങുമ്പോള്‍ എന്തൊക്കെയായിരിക്കാം ഒരു ബില്‍ഡറില്‍നിന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നതും വാങ്ങുന്ന പ്രോപ്പര്‍ട്ടിയുടെ രേഖകള്‍ എന്തൊക്കെയായിരിക്കുമെന്നതും വീടു വാങ്ങുന്നവരില്‍നിന്ന് പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളാണ്. ബാങ്ക് ലോണ്‍ എങ്ങനെ തരപ്പെടുമെന്നതും സംശങ്ങളുണ്ടായിരിക്കും. ഇടപാട് ഉറപ്പിക്കുമ്പോള്‍ വീടിനെസംബന്ധിച്ച വ്യക്തമായരേഖകള്‍ പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിലെ നിരവധി വകുപ്പുകളില്‍നിന്നും പദ്ധതികള്‍ക്കുള്ള അംഗീകാരങ്ങള്‍ ബില്‍ഡേഴ്സ് നേടിയെടുക്കണം, അത്തരം അംഗീകാരങ്ങള്‍ കൃത്യമായി ലഭിച്ചിട്ടുണ്ടോയെന്നതും മനസ്സിലാക്കണം. ഇത്തരംകാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ പ്രവാസികള്‍ക്ക് അവകാശമുണ്ട്.

 ഇവ കൃത്യമാണോയെന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിലെ പദ്ധതികള്‍ക്ക് പൂര്‍ണമായും അംഗീകാരങ്ങള്‍ ലഭിച്ചതിനുശേഷമാണ് പരസ്യം ചെയ്യുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നത്. അത്തരം പരസ്യങ്ങളില്‍ത്തന്നെ പ്ലാനുകളുടെ വിശദവിവരങ്ങളും നേടിയെടുത്ത സര്‍ക്കാര്‍ അംഗീകാരങ്ങളും സംബന്ധിച്ച വിശദവിവരങ്ങള്‍ നല്‍കിയിട്ടുണ്ടാവും. അത് ശ്രദ്ധിക്കുകയും നാട്ടില്‍വരുന്ന സമയത്ത് നേരിട്ടുപോയി ഫയര്‍, പരിസ്ഥിതി വകുപ്പുകളുടെയടക്കം അംഗീകാരങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക. ആ ഭൂമിയില്‍ പദ്ധതി നടപ്പാക്കാനുള്ള അംഗീകാരങ്ങളെക്കുറിച്ച് പ്രത്യേകം മനസ്സിലാക്കുകയും കരാര്‍ രേഖകള്‍ പരിശോധിക്കുകയും വേണം. പ്രശസ്തവും അംഗീകരിക്കപ്പെട്ടതുമായ ബില്‍ഡേഴ്സ് പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട മുഴുവന്‍രേഖകളും ചോദിക്കാതെതന്നെ നല്‍കിയിരിക്കും.

പ്രവാസിയുടെ പരിമിതമായ അവധിയാണ് അവന്റെ വലിയപ്രശ്‌നം. അത് എങ്ങനെ മറികടക്കാനാകും?

ആ പരിമിത അവധി ദിനങ്ങള്‍ക്കുള്ളിലാണ് പ്രവാസി വീടുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ അറിയുകയും തീരുമാനമെടുക്കുകയും ചെയ്യുന്നത്. ആദ്യമേ ബില്‍ഡേഴ്സിനെ ക്കുറിച്ച് മനസ്സിലാക്കി പരസ്യങ്ങളുടെ സാധുതയുംമറ്റും നോക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നത് നല്ലതാണ്, അല്ലെങ്കില്‍ തീരുമാനമെടുക്കാതെ തിരിച്ചുവരേണ്ടിവരും. അടുത്ത അവധിയ്ക്ക് നോക്കാമെന്ന് കരുതി പദ്ധതി മാറ്റിവെക്കുമ്പോള്‍ അടുത്ത വര്‍ഷമാവുമ്പോഴേക്കും ചെലവ് കൂടുന്നത് സ്വാഭാവികമാണ്. നാട്ടില്‍പ്പോയി നിശ്ചിത

ദിവസം അതിനായി മാറ്റിവെക്കുക. അതിനുള്ളില്‍ ഏകദേശ ധാരണയില്‍ വന്ന ബില്‍ഡേഴ്സുമായി സംസാരിക്കുകയും അവരുടെ പദ്ധതികള്‍ നേരിട്ട് മനസിലാക്കി നിര്‍മ്മാണത്തിന്റെ ഗുണങ്ങള്‍ പരിശോധിക്കുകയും ചെയ്യണം.

പ്രാഥമികചര്‍ച്ച നടത്തുമ്പോള്‍ത്തന്നെ വീടുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവുകളും ആദ്യമേ ബില്‍ഡര്‍ ബോധ്യപ്പെടുത്തും. അതായിരിക്കും മൊത്തം ചെലവ്. പിന്നീട് കൂടുതലായി വരുന്ന ചെലവുകള്‍ വീട് മോടിപിടിപ്പിക്കുന്ന ചെലവായിരിക്കും. അത് വീടുവാങ്ങുന്നവരുടെ മനോധര്‍മമനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. ഡീല്‍ ഉറപ്പിക്കുമ്പോള്‍ തന്നെ ബില്‍ഡറുമായി ബന്ധപ്പെട്ട ചെലവുകള്‍ ഉറപ്പിക്കണം.

ബില്‍ഡറുമായി സംസാരിക്കുമ്പോള്‍ അവര്‍ എത്രപദ്ധതികള്‍ ഇതിനകം പൂര്‍ത്തിയാക്കിയെന്നും അതിന് വകുപ്പുകളുടെ വേണ്ടത്ര അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നും ചോദിക്കണം. എത്ര സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കിത്തരുമെന്നും മൊത്തം ചെലവ് എത്ര വരുമെന്നും വിശദമാക്കിയിരിക്കണം. പ്രൈസ് ലിസ്റ്റില്‍ അതെല്ലാം വ്യക്തമാക്കണം. കരാര്‍രേഖയില്‍ മൊത്തം വിവരങ്ങള്‍ ഉണ്ടായിരിക്കണം.

ഒരു മികച്ച ബില്‍ഡറില്‍നിന്ന് ഒരിക്കലും വീഴ്ചകള്‍ സംഭവിക്കാറില്ല. ബില്‍ഡര്‍മാരുടെ ഭാഗത്തുള്ള പോരായ്മയായിരിക്കില്ല പദ്ധതികള്‍ വൈകാന്‍ കാരണം. ദിനംപ്രതി കെട്ടിടനിര്‍മാണ സാമഗ്രികളുടെ വില വര്‍ധിക്കുന്നതുകാരണം പദ്ധതികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് അവര്‍ ശ്രമിക്കുക. കേരളത്തില്‍ പലപ്പോഴും നിര്‍മാണസാധനങ്ങളുടെ ലഭ്യത കുറവ് പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. ഇന്ന് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ നിരവധി തടസ്സങ്ങള്‍ നേരിടേണ്ടിവരും. മനഃപൂര്‍വം ഒരു പദ്ധതിയും വൈകുന്നതിന് ബില്‍ഡേഴ്സ് താത്പര്യം കാണിക്കില്ല.

 പ്രവാസികള്‍ക്കുള്ള ബാങ്ക് ലോണ്‍ എങ്ങനെയാണ്?

എന്‍.ആര്‍.ഐ. ക്കാര്‍ക്ക് നാട്ടിലെ അതേ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ ലോണുകള്‍ നല്‍കുന്നത്. നിബന്ധനകള്‍ അത്രയും എളുപ്പമാക്കിയിട്ടുണ്ട്. മുമ്പൊക്കെ എന്‍.ആര്‍.ഐ.ക്കാര്‍ക്ക് ലോണ്‍ അടച്ചുതീര്‍ക്കാനുള്ള കാലപരിധി അഞ്ചുകൊല്ലമായിരുന്നു, ഇന്ന് 15 വര്‍ഷം വരെ ലഭിക്കുന്നു. എന്‍.ആര്‍.ഐ., എന്‍.ആര്‍.ഒ. ഇടപാടിലൂടെയായിരിക്കണം പ്രോപ്പര്‍ട്ടികള്‍ വാങ്ങേണ്ടത്. അതുവഴിയാണ് പണം ചെലവഴിക്കേണ്ടത്. അത്തരം പ്രോപ്പര്‍ട്ടികള്‍ ഭാവിയില്‍ മറിച്ചുവില്‍ക്കാനും അതേ ഇടപാടുകള്‍ വഴി സാധിക്കും. ലോണ്‍ കിട്ടുക വളരെ എളുപ്പമാണ്, ഇവിടത്തെ ആറുമാസത്തെ ശമ്പള സര്‍ട്ടിഫിക്കറ്റ്, വിസ കോപ്പി, വര്‍ക്ക് പെര്‍മിറ്റ് കോപ്പി എന്നിവ ഹാജരാക്കണം. കൂടാതെ നാട്ടില്‍ പ്രവാസികള്‍ക്ക് ബാങ്കുമായുള്ള ഇടപാടുകള്‍ നടത്താന്‍ സമയംകുറവാണെങ്കില്‍ അടുത്ത ബന്ധുക്കളുടെപേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയാല്‍ മതി.

Content Highlight: Interview with sethunath