ണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, വ്യവസായ ഇടനാഴി തുടങ്ങിയ വമ്പന്‍ പദ്ധതികളിലൂടെ വന്‍കുതിപ്പിനൊരുങ്ങുകയാണ് കേരളം. ഗ്രാമീണമേഖലകളില്‍പോലും വലിയ മാറ്റം സൃഷ്ടിക്കുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ യുവജനങ്ങള്‍ക്ക് കേരളത്തില്‍ തന്നെ കൂടുതല്‍ തൊഴിലവസരം കൈവരും. കൂടാതെ പ്രാദേശിക വ്യാപാരത്തിനു ഉണര്‍വേകും. വസ്തു വില ഉയരും. സര്‍ക്കാര്‍ ഖജനാവിലേക്കും നികുതിയിനത്തില്‍ കോടികള്‍ വരും. ഇതോടെ പൊതു സാമ്പത്തിക മുന്നേറ്റവും സംസ്ഥാനത്തുണ്ടാകും. എന്നാല്‍  കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളുമെല്ലാം ഒന്നിച്ചുനിന്നാലേ ഈ സ്വപ്നങ്ങള്‍ പൂവണിയൂ...

വ്യവസായ ഇടനാഴി

വലിയ സാധ്യതകളാണ് കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി യാഥാര്‍ഥമാകുന്നതോടെയുണ്ടാവുക. ദേശീയപാത 47ന്റെ ഇരുവശങ്ങളിലുമായി ചെറുതും വലുതുമായ വ്യവസായ പാര്‍ക്കുകളും വ്യവസായ ശാലകളും ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വ്യവസായ ഇടനാഴി എന്നാല്‍ ഒന്നിലേറെ വ്യവസായങ്ങളുടെ വമ്പന്‍ ഉത്പാദനയൂണിറ്റുകള്‍ അടങ്ങിയ സമുച്ചയം. ദേശീയ പാതകളുമായി ബന്ധപ്പെടുത്തിയാണ് രൂപീകരിക്കുക. ഒരു ഇടനാഴിയില്‍ പലഭാഗത്തായി ഇത്തരം ഒന്നിലേറെ ക്ലസ്റ്ററുകളുണ്ടാകും. സാമ്പത്തിക വികരസനവും തൊഴിലവസരങ്ങളും വര്‍ധിക്കുകയാണ് പ്രധാന ലക്ഷ്യം.

ഓരോ പ്രദേശത്തും ഓരോ തരം വ്യവസായങ്ങളുടെ ക്ലസ്റ്റര്‍ സൃഷ്ടിക്കും. ഒരേ തരത്തിലുള്ള ഒട്ടേറെ വ്യവസായ സംരംഭങ്ങളുടെ കൂട്ടമാവും ഓരോ ക്ലസ്റ്ററും. വിവിധ ഇടങ്ങളിലായി 1500 ഓളം ഏക്കറിലാവും വ്യവസായ ഇടനാഴി സൃഷ്ടിക്കുക. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 500 ഏക്കര്‍ വീതം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒഴലപ്പതി കണ്ണമ്പ്ര മേഖലയില്‍ മറ്റൊരു 500 ഏക്കര്‍ കൂടി ഏറ്റെടുക്കും. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ വ്യവസായ വളര്‍ച്ചയ്ക്ക് കുതിപ്പേകുന്ന പദ്ധതിക്ക് കോയമ്പത്തൂരിലേക്കും സാമീപ്യമുണ്ടാവും.

സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിവഴി 50,000 കോടി രൂപയുടെയെങ്കിലും നിക്ഷേപം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായ കേന്ദ്രങ്ങളിലേക്ക് റോഡ്, ജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കും. കൂടെ പ്രധാന സ്ഥലങ്ങളിലേക്കുള്ള റോഡ്, റെയില്‍ കണക്ടിവിറ്റിയുമൊരുക്കും. 

പ്രതീക്ഷകളുടെ കപ്പലുമായി വിഴിഞ്ഞം

തിരുവനന്തപുരം ജില്ലയുടെ മുഖച്ഛായ മാറ്റുന്നതിനായി വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം വരികയാണ്. കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വന്‍നേട്ടമാണ് ഇതിലൂടെ ലഭിക്കുക. നിരവധി ചര്‍ച്ചകളും വിമര്‍ശനങ്ങളും വിഴിഞ്ഞം പദ്ധതിക്കു പിറകിലുണ്ടെങ്കിലും

 പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിന്റെ അഭിമാന പദ്ധതിയായിരിക്കുമിത്.കേരളത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ നിര്‍മ്മാണ പ്രവൃത്തിയാണ് വിഴിഞ്ഞത്ത് നടക്കുന്നത്. പദ്ധതിക്കാവശ്യമുള്ള 149 ഹെക്ടര്‍ ഭൂമിയില്‍ 95 ശതമാനവും ഏറ്റെടുത്തിട്ടുണ്ട്. തടസ്സങ്ങള്‍ നീങ്ങിയാല്‍ ഉടന്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തിക ആരംഭിക്കും.

മെട്രോ എന്ന സ്വപ്‌നം

വാണിജ്യ നഗരമായ കൊച്ചിയുടെ മുഖമുദ്രയായി കൊച്ചി മെട്രോ മാറുകയാണ്.  മെട്രോ ആദ്യ ഘട്ടം ആലുവ മുതല്‍ പേട്ട വരെ 25.253 കിലോമീറ്റര്‍ നീളത്തിലാണ് നിര്‍മ്മിക്കുന്നത്. 5687 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. നിലവില്‍ ആലുവ മുതല്‍ മഹാരാജസ് കോളേജ് ഗ്രൗണ്ട് വരെയാണ് മെട്രോ സര്‍വീസ് . രണ്ടാം ഘട്ടമെന്ന നിലയില്‍ കാക്കനാടേക്കും സര്‍വീസ് ആരംഭിക്കും.കേരളത്തിന്റെ ആദ്യ മെട്രോയ്ക്ക് പ്രത്യേകതകള്‍ ഏറെയുണ്ട്.   സ്ത്രീ സൗഹൃദമായ മെട്രോയാണ് കൊച്ചിയിലേത്. കുടുംബശ്രീയുമായി കൈകോര്‍ത്താണ് കെ.എം.ആര്‍.എല്‍. ഇത് സാധ്യമാക്കിയിരിക്കുന്നത്. 

ഡ്രൈവറില്ലാതെയും ഓടുന്ന കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാന (സി.ബി.ടി.സി.) മാണ് കൊച്ചി മെട്രോയില്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്ത്  ഇത് ആദ്യമാണ്. മെട്രോ സ്റ്റേഷന്‍ പ്രദേശങ്ങളിലും ആലുവ, ഇടപ്പള്ളി, വൈറ്റില ജങ്ഷനുകളിലും ഗതാഗതം മെച്ചപ്പെടുത്താനുള്ള നൂറു കോടി രൂപയുടെ പദ്ധതിക്ക് കൊച്ചി മെട്രോ റെയില്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. മെട്രോയ്ക്കായി 2000 കോടി രൂപയില്‍ അധികം കേന്ദ്രം അനുവദിച്ചിരുന്നു.  കേന്ദ്രസംസ്ഥാനസര്‍ക്കാര്‍ വിഹിതവും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയുമാണ് ചിലവിനായി ഉപയോഗിക്കുന്നത്.  

നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിക്കാനായി ഏകീകൃത മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപവത്കരിക്കുന്ന നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.   

വികസന സ്വപ്നങ്ങളുമായി കണ്ണൂര്‍ വിമാനത്താവളം

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് രാജ്യാന്തര വിമാനത്താവളുടെ ശ്രേണിയിലേക്ക് കണ്ണൂരും പറന്നുയരാന്‍ തയാറെടുക്കുകയാണ്. സെപ്റ്റംബറില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്ന വിമാനത്താവളം രാജ്യത്തെ വലിയ എയര്‍പോര്‍ട്ടുകളിലൊന്നാണ്. ഇതോടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനം എന്ന നേട്ടവും കേരളത്തിന് സ്വന്തം.

കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം അന്താരാഷ്ട്രനിലവാരമുള്ള ടൗണ്‍ഷിപ്പ്, മികച്ച റോഡുകള്‍ എന്നിവ കൂടി പൂര്‍ത്തിയാകുമ്പോള്‍ കണ്ണൂരിന്റെ മുഖം തന്നെ മാറും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ആഭ്യന്തര ടെര്‍മിനല്‍ തുറന്നു. പഴയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ മുഖം മിനുക്കലും നടക്കുകയാണ്.തിരുവനന്തപുരത്തും കോഴിക്കോടും വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുകയാണ്.

വികസനം @ സൈബര്‍ പാര്‍ക്ക്

മലബാറിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക്  മുതല്‍ക്കൂട്ടായി മാറിയ പദ്ധതികളിലൊന്നാണ് കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്ക്.തൊണ്ടയാട് ബൈപാസിനോട് ചേര്‍ന്ന് 43.5 ഏക്കറിലെ ഗവ. സൈബര്‍ പാര്‍ക്കില്‍ 2.88 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് അഞ്ചു നിലകളിലായി ആദ്യ കെട്ടിടം സഹ്യയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 80 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ സൈബര്‍ പാര്‍ക്കില്‍ ഐ.ടി. വ്യവസായ വികസനത്തിനുതകുന്ന എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ബിസിനസ് സെന്ററുകളാണ് നല്‍കുന്നത്.

കണ്ണൂരും കാസര്‍ഗോഡും സൈബര്‍ പാര്‍ക്ക് വിഭാവനം ചെയ്തിട്ടുണ്ട്. കോഴിക്കോടു യൂണിറ്റിന് 200 മുതല്‍ 300 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍ യൂണിറ്റിന് 200 കോടി രൂപയുടെയും കാസര്‍ക്കോടു യൂണിറ്റിന് 200 മുതല്‍ 400 കോടി രൂപയുടെ നിക്ഷേപവും ആവശ്യമായി വരും.
സഹകരണമേഖലയില്‍ രാജ്യത്തെ ആദ്യത്തെ സൈബര്‍ പാര്‍ക്കാണ് യു.എല്‍. സൈബര്‍ പാര്‍ക്ക്. രാമനാട്ടുകരപൂളാടിക്കുന്ന് ദേശീയപാത ബൈപ്പാസില്‍ പാലാഴിക്കടുത്ത് നെല്ലിക്കോട് 25.11 ഏക്കര്‍ സ്ഥലത്ത് 270 കോടി രൂപ ചെലവിട്ടാണ് ആദ്യകെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. മലബാറിന്റെ ആദ്യത്തെ സ്‌പെഷല്‍ ഇക്കണോമിക്ക് സോണ്‍ എന്ന സവിശേഷതയും ഈ സൈബര്‍ പാര്‍ക്കിന് സ്വന്തമാണ്.

സൈബര്‍ പാര്‍ക്കുകളില്‍ മുഴുവന്‍ കമ്പനികളും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ യുവാക്കാള്‍ക്ക് നിരവധി ജോലി സാധ്യതകളാണ് ഒരുക്കുക.

ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്ക്

എറണാകുളം ജില്ലയിലെ ആമ്പലൂരില്‍ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്കിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇലക്ട്രോണിക് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ എറണാകുളം ജില്ലയ്ക്ക് വീണ്ടു നേട്ടങ്ങളാണ് വന്നു ചേരുക. പാര്‍ക്കിന്റെ നിര്‍മ്മാണം വേഗത്തിലാക്കുവാന്‍ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്ക്കരിക്കും. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിലുള്ള വ്യവസായ മേഖകള്‍ക്ക് വലിയ സാധ്യതകളാണ് തുറന്നു നല്‍കുക.

കൂടാതെ സര്‍ക്കാറിന്റെ പ്രഖ്യാപനമനുസരിച്ച് കേരള ബ്രാന്‍ഡില്‍ ലാപ്‌ടോപ്പ് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇതിനായി പൊതുമേഖലയില്‍ നിന്ന് കെല്‍ട്രോണ്‍, കെ.എസ്.ഐ.ഡി.സി. സ്വകാര്യ മേഖലയില്‍ നിന്ന് യു.എസ്.ടി., ആക്‌സലറോണ്‍ എന്നിവ ചേര്‍ന്ന് കമ്പനി രൂപവത്ക്കരിക്കും. ഇലക്ട്രോണിക് ഹാര്‍ഡ്വേയര്‍ നിര്‍മ്മാണ ഹബ്ബാക്കി കേരളത്തിനെ മാറ്റാനാണ് പദ്ധതി. ആദ്യ ഘട്ടം ലാപ്‌ടോപ്പും രണ്ടാം ഘട്ടമായി സെര്‍വറും നിര്‍മ്മിക്കും. പിന്നീട് മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മ്മാണവും.

വെള്ളത്തിലും മെട്രോ

രാജ്യത്തെ ആദ്യ ജലമെട്രോ (വാട്ടര്‍ മെട്രോ)യ്ക്കായുള്ള കാത്തിരിപ്പിലാണ് കൊച്ചി. ഫോര്‍ട്ടുകൊച്ചി , തേവര, നെട്ടൂര്‍, വൈറ്റില, കാക്കനാട് ഇങ്ങനെ 19 മേഖലകളെ പരസ്പരം ബന്ധിപ്പിച്ചായിരിക്കും ജലമെട്രോയുടെ ആദ്യഘട്ട സര്‍വ്വീസെന്ന് ഉറപ്പായി. 19 ബോട്ടുജെട്ടികളുടെ നിര്‍മ്മാണത്തിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ജലമെട്രോയുടെ ആദ്യഘട്ടം 2019 അവസാനത്തോടെ തുടങ്ങും. 

കൊച്ചിയോട് ചേര്‍ന്നുകിടക്കുന്ന ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ബോട്ടുകള്‍ വഴി നഗരത്തോട് ബന്ധിപ്പിക്കാനുദ്ദേശിച്ചാണ് ജലമെട്രോ. വെറും ബോട്ടുകളല്ല. അത്യാധുനികമായവ. മെട്രോയുടെ അനുബന്ധ ഗതാഗതസംവിധാനം എന്ന നിലയ്ക്കാണ് ഇത് ആസൂത്രണം ചെയ്യുന്നത്.

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 16 റൂട്ടുകളിലേക്ക് ബോട്ട് സര്‍വ്വീസുണ്ടാകും. നഗരത്തോട് ചേര്‍ന്നുകിടക്കുന്ന പത്തു ദ്വീപുകളും പദ്ധതിയുടെ കീഴില്‍ വരുന്നുണ്ട്. 76 കിലോമീറ്റര്‍ ദൂരം ബോട്ടുകള്‍ വഴി ബന്ധിപ്പിക്കപ്പെടും. 

പത്തുമിനിറ്റിന്റെ ഇടവേളയിലായിരിക്കും സര്‍വ്വീസ്. യാത്രക്കാര്‍ കുറവുള്ള സ്ഥലങ്ങളിലിത് 20 മിനിറ്റ് വരെയാകും. മെട്രോയില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ടിക്കറ്റ് തന്നെ ഉപയോഗിച്ച് ബോട്ടുകളിലും അനുബന്ധ ഗതാഗതസംവിധാനങ്ങളിലുമെല്ലാം യാത്ര ചെയ്യാനാകും.  

അടുത്തവര്‍ഷം ആദ്യഘട്ടം യാത്രാസര്‍വ്വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. സാധ്യതാപഠനറിപ്പോര്‍ട്ട് അനുസരിച്ച് ആദ്യഘട്ടത്തില്‍ ദിവസം 40,000 യാത്രക്കാരുണ്ടാകുമെന്നാണ് പ്രതീക്ഷ. 2025ല്‍  54000 യാത്രക്കാരെയും ജലമെട്രോ പ്രതീക്ഷിക്കുന്നുണ്ട് വൈഫൈ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബോട്ടിലുണ്ടാകും. ബോട്ടുജെട്ടികളോട് ചേര്‍ന്ന് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ഷോപ്പിങ്ങിനുള്ള സ്ഥലം, പാര്‍ക്കിങ് സൗകര്യം, കഫറ്റീരിയ എന്നിവയും പദ്ധതികളിലുണ്ട്. 819 കോടി രൂപയാണ് ജലമെട്രോയ്ക്ക് കണക്കാക്കുന്നത്.

കൊച്ചിയിലെ വാതക നിക്ഷേപം

കൊച്ചി തീരത്ത് വന്‍ വാതക നിക്ഷേമുള്ളത് കണ്ടെത്തി കഴിഞ്ഞു. കൊച്ചി തീരം, കൃഷ്ണഗോദാവരി തടം, കാവേരി തടം എന്നിവടങ്ങളിലായി 130 ലക്ഷം കോടി ക്യുബിക് അടി ഹൈഡ്രേറ്റ് പ്രകൃതി വാതക ശേഖരമുണ്ടെന്ന് കണ്ടെത്തിയത് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയാണ്. ഏതാണ്ട് മൂന്നിലൊന്ന് കൊച്ചിന്‍ തീരത്താണെന്ന് കരുതപ്പെടുന്നു. ഹൈഡ്രേറ്റ് പ്രകൃതി വാതകം പര്യവേഷണം ചെയ്ത് വാണിജ്യപരമായി ഉത്പാദിപ്പിക്കാനുള്ള ശ്രമം ഇന്ത്യ ഉടനെ തുടങ്ങും. കടലില്‍ ഐസിന്റെ രൂപത്തിലാണ് ഹൈഡ്രേറ്റ് വാതകം ഉണ്ടാകുക.

പാചകവാതകങ്ങളായി വീടുകളില്‍, വാണിജ്യവ്യവസായ സ്ഥപനങ്ങളില്‍, ഇന്ധനമായി വാഹനങ്ങളില്‍ ഇത് ഉപയോഗിക്കാം. എണ്ണപ്രകൃതി വാതക കേര്‍പ്പറേഷന്‍(ഒ.എന്‍.ജി.സി.), യു.എസ്. ജിയോളജിക്കല്‍ സര്‍വേ, ജപ്പാനീസ് ഡ്രില്ലിങ് കമ്പനി എന്നിവയുമായി ചേര്‍ന്ന്  സാങ്കേതിക വിദ്യ വികസിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. വാതക നിക്ഷേപം വാണിജ്യപരമായി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയാല്‍ കേരളത്തിന്‍ വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. പദ്ധതി യാഥാര്‍ഥ്യമായാല്‍ അനുബന്ധ വ്യവസായ യൂണിറ്റുകളൊരുങ്ങും. ഇതോടൊപ്പം ഓട്ടേറെ തൊഴില്‍ സാധ്യതകളും.