ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നസാക്ഷാത്കാരവും സാമ്പത്തിക തീരുമാനവുമാണ് ഒരു ഭവനം സ്വന്തമാക്കുക എന്നത്. സ്വപ്നഭവനം സ്വന്തമാക്കുക എന്നതുപോലെ തന്നെ പരമപ്രധാനമാണ് ഒരു ബിൽഡറെ തിരഞ്ഞെടുക്കുക എന്നതും. കാരണം നിങ്ങളുടെ സ്വപ്നഭവനം ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ, നിങ്ങളുടെ അഭിരുചിക്കനുസരിച്ചു  പൂർത്തീകരിക്കുക എന്ന ഉത്തരവാദിത്വം ബിൽഡറിൽ നിക്ഷിപ്തമാണ്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ  നൂറുകണക്കിന് ബിൽഡർമാരുണ്ട്. അത് കൊണ്ട് തന്നെ അവരിൽ ആരെ തിരഞ്ഞെടുക്കും എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഭാവനനിര്മാതാക്കളെ തിരഞെടുക്കുന്നതിനു മുൻപ് പരിഗണിക്കേണ്ട ഏതാനും കാര്യങ്ങൾ ആണ് താഴെ സൂചിപ്പിച്ചിരിക്കുന്നത്.

ബിൽഡറുടെ പാരമ്പര്യവും പരിചയസമ്പന്നതയും വിലയിരുത്തുക. നമ്മൾ പരിഗണിക്കുന്ന ബിൽഡർ എത്ര കാലമായി ഭവന നിർമാണ രംഗത്ത് ഉണ്ടെന്നു അന്വേഷിക്കുക. അവർ പൂർത്തീകരിച്ചതും പൂർത്തീകരിക്കാനുള്ളതുമായ പ്രോജെക്റ്റുകൾ വിലയിരുത്തുക. ആവശ്യമെങ്കിൽ ബിൽഡേഴ്സ് അസോസിയേഷനുകളിൽ നിന്നും  ആധികാരികമായ വിവരങ്ങൾ സംഘടിപ്പിക്കുക. 

ബിൽഡറുടെ പ്രോജെക്റ്റുകൾ വിശകലം ചെയ്യുക. പണി പൂർത്തിയായതും പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നതുമായ പ്രോജെക്റ്റുകൾ സന്ദർശിക്കുക. ഒരേ സമയം പല പ്രോജെക്റ്റുകൾ ഉണ്ടെങ്കിൽ അത് അവരുടെ  കാര്യക്ഷമതയാണ് കാണിക്കുന്നത്.  

കസ്റ്റമേഴ്സിന്റെ അഭിപ്രായങ്ങൾ തേടുക. വെബ്സൈറ്റിൽ നിന്നോ നേരിട്ടോ നിലവിലുള്ള ഉപഭോക്താക്കളിൽ നിന്നും ബിൽഡറെ കുറിച്ചും പ്രോജെക്റ്റിന്റെ ഗണനിലവാരത്തെ കുറിച്ചും അഭിപ്രായങ്ങൾ തേടുക. കൃത്യമായ അഭിപ്രായങ്ങൾ ലഭിക്കുന്നതിനു പഴയതും പുതിയതുമായ ഉപഭോക്താക്കളോട് ചോദിക്കുന്നത് ഉചിതമായിരിക്കും. മാത്രമല്ല ഉപഭോക്താക്കളുമായി ബിൽഡർ നിലനിർത്തുന്ന ബന്ധത്തെ കുറിച്ചും വില്പനാനന്തര സേവനത്തെ കുറിച്ചും മനസിലാക്കുവാനും ഇത് ഉപകരിക്കും. 

ക്വാളിറ്റി ഉറപ്പു വരുത്തുക. ബിൽഡറുടെ പൂർത്തിയാക്കിയ പ്രോജെക്റ്റുകളുടെ ഗുണമേന്മ ചെക്ക് ചെയ്യുക. നിർണമാരംഗത്തു ജോലി ചെയ്യുന്നവർ കഴിവും പ്രാവീണ്യവും ഉള്ളവരാണോ എന്ന് അന്വേഷിക്കുക. മുൻ പ്രോജെക്റ്റുകൾ വിലയിരുത്തുന്നതോടപ്പം നിങ്ങൾ പരിഗണിക്കുന്ന പ്രൊജക്റ്റ് സന്ദർശിച്ചു കാര്യങ്ങൾ മനസിലാക്കുക. 

നിയമ കാര്യങ്ങളിൽ സഹായം ലഭിക്കുമോ. ബാങ്ക് ലോൺ ലഭ്യമാകുന്നതിനും രജിസ്ട്രേഷൻ നടത്തുന്നതിനും ബിൽഡർ സഹായിക്കുമോ എന്ന് അന്വേഷിക്കുക. നല്ല ബിൽഡർമാർക്കെല്ലാം തന്നെ ബാങ്കുകളുമായി നല്ല ബന്ധം ഉണ്ടായിരിക്കും. വിശ്വസ്തതയുള്ള ബിൽഡർമാർക്ക് ദേശസാൽകൃത ബാങ്കുകളുടെ പ്രൊജക്റ്റ് അംഗീകാരം ലഭിക്കുവാൻ വളരെ എളുപ്പമായിരിക്കും. 

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി റെജിസ്ട്രേഷൻ. നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രോജക്റ്റ്, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്സൈറ്റിൽ ബിൽഡർ കൃത്യമായി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും അതിൽ  പ്രോജക്ടിനെ കുറിച്ചുള്ള ആവശ്യമായ വിവരങ്ങൾ നൽകിയിട്ടുണ്ടോ എന്നുള്ളതും പരിശോധിക്കുന്നതിലൂടെ  പ്രോജക്ടിനെ കുറിച്ചുള്ള അംഗീകാരങ്ങൾ നിങ്ങൾക്ക് വ്യക്തമാക്കാനും ബോധ്യപ്പെടാനും സാധിക്കുന്നതാണ്. കൂടാതെ അതോറിറ്റിയുടെ വെബ്സൈറ്റിൽ  ബിൽഡ്റിനെ പറ്റി  എന്തെങ്കിലും പരാമർശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു ശ്രദ്ധിക്കുന്നത് നിങ്ങൾക്ക് സഹായകരമായിരിക്കും.

ഭവന നിർമാതാവിനെ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങളിൽ എല്ലാം നിങ്ങളെ സഹായിക്കുന്നവരെ തിരഞ്ഞെടുക്കുക. 

(ക്രസന്റ് ബിൽഡേഴ്സ് മാനേജിംഗ് പാർട്നറാണ് ലേഖകൻ)