ഗൃഹത്തിന് സ്ഥാനം കണക്കാക്കുന്നതുപോല ഫ്‌ളാറ്റ് പണിയാനുദ്ദേശിക്കുന്ന ഒട്ടാകെ ഭൂമിയെ ദീര്‍ഘചതുരമോ, സമചതുരമോ ആയ ഒരു വാസ്തുവായി കണക്കാക്കി ദര്‍ശനവും സ്ഥാനവും നിശ്ചയിക്കാവുന്നതാണ്. വാസ്തുശാസ്ത്രത്തില്‍ ഗ്രാമം, പുരം, പത്തനം എന്നിങ്ങനെ സ്ഥലത്തിന്റെ വിസ്തൃതിക്കനുസരിച്ച് നഗരങ്ങളെ വേര്‍തിരിച്ച് കണക്കാക്കാറുണ്ട്. ഇതില്‍ ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നതിന് ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന നിയമങ്ങള്‍ തന്നെയാണ് ഫ്‌ളാറ്റ് നിര്‍മ്മാണത്തിലും ഫ്ളാറ്റ് തിരഞ്ഞെടുക്കുമ്പോഴും അനുവര്‍ത്തിക്കേണ്ടത്.
വാസ്തുശാസ്ത്രത്തില്‍ ഗ്രാമത്തിന്റെ രൂപകല്പന ചെയ്യുമ്പോള്‍ മധ്യത്തിലൂടെ കൃത്യം കിഴക്കുപടിഞ്ഞാറും തെക്കുവടക്കും രേഖകളില്‍ വീഥികള്‍ (വഴികള്‍) ഉണ്ടാക്കി മദ്ധ്യത്തിലോ, സ്ഥാനമനുസരിച്ച് അതത് കോണുകളിലോ ദേവാലയങ്ങള്‍ നിര്‍മ്മിക്കും. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ദേവാലയങ്ങള്‍ക്കു നേരെ നട ഒഴിച്ചിട്ട് നടയുടെ രണ്ടുവശവും ഗൃഹങ്ങള്‍ പണി ചെയ്യാവുന്നതാണ്. അതായത് കിഴക്കോട്ടു നടയായ ഒരു ക്ഷേത്രം നിര്‍മ്മിച്ച് അതിന്റെ കിഴക്കേ നടയിലൂടെ നേരെ വഴിയുണ്ടാക്കി അതിനിരുവശങ്ങളിലും ഈ റോഡിലേക്ക് മുഖമായി തെക്കോട്ടോ, വടക്കോട്ടോ മുഖമായി ചേര്‍ത്ത് ചേര്‍ത്ത് അഗ്രഹാരങ്ങള്‍ (ഗ്രാമങ്ങള്‍) പണിചെയ്യുന്ന രീതി നിലവിലുണ്ട്.
ഇപ്രകാരം വരുന്ന ഗൃഹങ്ങള്‍ക്കെല്ലാം അതിന്റെ പ്രധാന വാതില്‍ തെക്കുനിന്നു വടക്കോട്ടു പ്രവേശിക്കുന്ന രീതിയിലോ, വടക്കുനിന്നു തെക്കോട്ട് പ്രവേശിക്കുന്ന രീതിയിലോ ആയിരിക്കും. ഓരോ ഫ്‌ളാറ്റിലേക്കും കടക്കുന്ന പ്രധാന വാതിലുകള്‍ തെക്കോട്ടോ, വടക്കോട്ടോ ആയതുകൊണ്ട് വാസ്തുശാസ്ത്രപ്രകാരം ദോഷമില്ല എന്ന് ഇതില്‍നിന്നു മനസ്സിലാക്കേണ്ടതാണ്. ശാസ്ത്രത്തില്‍ അനുശാസിക്കുന്ന മേല്‍പ്പറഞ്ഞ ഗ്രാമനിര്‍മ്മാണരീതിയില്‍ എല്ലാ ഗൃഹങ്ങള്‍ക്കും രണ്ട് വശത്തും പൊതുവായ ഭിത്തികള്‍ മാത്രമാണ് ഉണ്ടാവുക. ഫ്ളാറ്റുകളുടെ കാര്യത്തിലും രണ്ടു ഗൃഹങ്ങള്‍ക്കും പൊതുവായ ഭിത്തിയായിരിക്കുമല്ലോ. ഈ പ്രധാന ഘടകമാണ് ഫ്ളാറ്റ് നിര്‍മ്മാണരീതിയെ ഗ്രാമനിര്‍മ്മാണരീതിയുമായി ബന്ധപ്പെടുത്തി പറയുന്നതിനാധാരം.
ഫ്‌ളാറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഓരോ ഫ്‌ളാറ്റിനെയും ദീര്‍ഘചതുരമോ, സമചതുരമോ ആയി കണക്കാക്കിയാല്‍ അതിന്റെ വടക്കുവശത്തോ, കിഴക്കുവശത്തോ ഉള്ള ഏതെങ്കിലും മുറിയിലായിരിക്കണം അടുക്കളയുടെ സംവിധാനമുണ്ടാകേണ്ടത്. അടുക്കളയുടെ സ്ഥാനത്തിന് ഫ്ളാറ്റുകളിലായാലും വളരെ പ്രാധാന്യമുള്ളതുകൊണ്ട് ഫ്ളാറ്റിന്റെ വടക്കുപടിഞ്ഞാറെ മൂല മുതല്‍ തെക്കുകിഴക്കേ മൂല വരെ വരുന്ന ഭാഗങ്ങളില്‍ ആയിരിക്കണം എന്നു നിര്‍ബ്ബന്ധമുണ്ട്.
ഫ്‌ളാറ്റിലുള്ള കിടപ്പുമുറികളില്‍ തലവെച്ചുകിടക്കേണ്ടത് കിഴക്കോട്ടോ തെക്കോട്ടോ വരുന്ന രീതിയിലായിരിക്കണം. ഇതിനനുയോജ്യമായ വിധത്തിലാവണം കട്ടിലിന്‍േറയും മറ്റും ദിശ കണക്കാക്കേണ്ടത്.
ഫ്‌ളാറ്റ് നിര്‍മ്മാണരീതിയില്‍ ഫ്‌ളാറ്റ് ണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ സ്ഥലത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാ ഫ്‌ളാറ്റുകളും അടങ്ങുന്ന വലിയ കെട്ടിടത്തിന്റെ സ്ഥാനം നിശ്ചയിക്കേണ്ടത്. ഫ്‌ളാറ്റിനെ മൊത്തമായി കണക്കാക്കുമ്പോള്‍ അതിന്റെ മദ്ധ്യസൂത്രം തടസ്സം വരാത്ത രീതിയില്‍ ഇരട്ടത്തൂണുകളായി വരുന്ന വിധം രൂപകല്പന ചെയ്യേണ്ടതാണ്.
ഫ്‌ളാറ്റ് ഉണ്ടാക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ദീര്‍ഘത്തിന്റെയോ, വിസ്താരത്തിന്റെയോ പത്തിലൊന്നോ, പന്ത്രണ്ടിലൊന്നോ സ്ഥലം അതിര്‍ത്തിയില്‍നിന്നു വിട്ടുനില്‍ക്കുന്ന പ്രകാരമാണ് ഒട്ടാകെ ഫ്‌ളാറ്റിന്റെ ദീര്‍ഘവിസ്താരത്തെ നിശ്ചയിക്കേണ്ടത്.