വിവാഹത്തിന് പുരുഷനും സ്ത്രീയും തമ്മിലുള്ള ജാതകചേര്‍ച്ച പോലെയാണ് വീടിന് ഭൂമിയും ദിക്കുകളുമായുള്ള പൊരുത്തങ്ങള്‍.

ഈ പൊരുത്തങ്ങള്‍ നോക്കി വീടുപണിയുന്നത് ഗൃഹനാഥനും കുടുംബത്തിനും ഐശ്വര്യം കൊണ്ടുവരുമെന്നാണ് വാസ്തുശാസ്ത്ര പ്രകാരമുള്ള വിശ്വാസം. 

നാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും കണക്കിലെടുത്താണ് വാസ്തുവിധികള്‍ തീരുമാനിക്കുന്നത്. 

വീടുവെക്കാന്‍ അനുയോജ്യമായ ഭൂമി, വീടിന്റെ സ്ഥാനം, വലുപ്പം, കിണറിന്റെ സ്ഥാനം തുടങ്ങി ഗൃഹപ്രവേശം വരെയുള്ള കാര്യങ്ങള്‍ക്ക് വാസ്തു ശാസ്ത്രത്തില്‍ പ്രത്യേകം നിര്‍ദേശങ്ങളുണ്ട്. 

അവ പരിചയപ്പെടാം... 

വീട് വയ്ക്കാന്‍ ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ 
വാസ്തുശാസ്ത്രം അനുസരിച്ച് വാസയോഗ്യമായ ഭൂമിയുടെ ലക്ഷണങ്ങളില്‍ ഏറ്റവും പ്രധാനമാണ് സ്ഥലത്തിന്റെ ആകൃതി, കിടപ്പ് എന്നിവ. വടക്കോട്ടും കിഴക്കോട്ടും ചെരിഞ്ഞു കിടക്കുന്ന ഭൂമി അല്ലെങ്കില്‍ പ്രസ്തുത ദിക്കുകളിലേക്ക് നീരൊഴുക്കുള്ള ഭൂമിയാണ് വീടുവെക്കാന്‍ നല്ലത്. 

വൃത്താകൃതിയിലുള്ളതും മൂന്നോ അഞ്ചോ ആറോ മൂലകളോടു കൂടിയതുമായ ഭൂമിയില്‍ വീട് വെക്കരുത്. സമചതുരാകൃതിയിലുള്ള ഭൂമിയാണ് ഏറ്റവും നല്ലത്. 

പശുക്കള്‍ നില്‍ക്കുന്ന, ഫലവൃക്ഷങ്ങള്‍ ധാരാളമായി നില്ക്കുന്ന, നല്ല വിളവുകിട്ടുന്ന ഭൂമിയാണ് വീടുവെക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം. വീടു വെക്കാന്‍ പറ്റിയ ഭൂമിയുടെ ലക്ഷണമറിയാന്‍ ഒരു മാര്‍ഗമുണ്ട്.

ഒരു കുഴി കുഴിച്ച് അതില്‍നിന്നെടുത്ത മണ്ണ് തിരികെ കുഴിയിലിട്ടാല്‍ മണ്ണ് ബാക്കി വരുന്നുണ്ടെങ്കില്‍ ആ സ്ഥലം വീടുവെക്കാന്‍ നല്ലതാണ്. ഭൂമിയില്‍ മണ്ണിന്റെ ദൃഢത പരിശോധിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 
(തുടരും...)