വിശാലമായ പറമ്പും അതിന് നടുക്കായി വീടും എന്നതില്‍ നിന്ന് ചെറിയ സ്ഥലത്ത് പരമാവധി സൗകര്യങ്ങളോടെ ഒരു വീട് എന്ന നിലയിലേക്ക് മലയാളിയുടെ ഭവനസങ്കല്‍പം മാറിക്കഴിഞ്ഞു.  അത് കൊണ്ട് കൊച്ചിയിലോ തിരുവനന്തപുരത്തോ മാത്രമല്ല കേരളത്തിലെവിടെയും ഇന്ന് ഫ്ളാറ്റുകള്‍ക്ക് ആവശ്യക്കാരുണ്ട്. 

വര്‍ധിച്ച ജനസാന്ദ്രതയും സ്ഥലദൗര്‍ലഭ്യവും വീട് നിര്‍മ്മാണത്തിലെ വന്‍ചിലവും അത് നല്‍കുന്ന സമ്മര്‍ദ്ദങ്ങളുമെല്ലാം ഫ്ളാറ്റുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. ഇന്നിപ്പോള്‍ 7,000 - 7,500 ഫ്‌ളാറ്റുകള്‍ കൊച്ചിയില്‍ തന്നെ വര്‍ഷം തോറും നിര്‍മിക്കപ്പെടുന്നു. തിരക്കേറിയ നഗരജീവിതത്തിന് യോജിച്ച പാര്‍പ്പിട സംവിധാനമെന്ന നിലയിലും സുരക്ഷിത നിക്ഷേപമെന്ന നിലയിലും സാധാരണക്കാര്‍ പോലും ഫ്ളാറ്റുകളെ കൂടുതലായി ആശ്രയിക്കുന്നു. 

ഫ്ളാറ്റ് രജിസ്ട്രേഷന്‍ - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സാധാരണ വസ്തുകച്ചവടത്തില്‍ വരുന്ന നിയമങ്ങള്‍ക്ക് (വസ്തു കൈമാറ്റ നിയമം, രജിസ്‌ട്രേഷന്‍ നിയമം, മുദ്രപ്പത്ര നിയമം) പുറമെ, 1983ലെ അപ്പാര്‍ട്‌മെന്റ് ഓണര്‍ഷിപ്പ് ആക്ട് കൂടി ഫ്‌ളാറ്റ് രജിസ്ട്രേഷനില്‍ ബാധകമാണ്. 

ഫ്‌ളാറ്റ് ഉടമകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി 01.08.1985 മുതല്‍ അപ്പാര്‍ട്‌മെന്റ് ഓണര്‍ഷിപ്പ് ആക്ട് നിലവില്‍ വന്നു. പ്രസ്തുത നിയമത്തില്‍ അപ്പാര്‍ട്‌മെന്റ്/ ഫ്‌ളാറ്റ് രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തേണ്ട് ചട്ടങ്ങളും പാലിക്കപ്പെടേണ്ട നിബന്ധനകളെയും കുറിച്ച് സ്പഷ്ടമായി പ്രതിപാദിച്ചിരിക്കുന്നു. അവ ഇപ്രകാരമാണ്: 

1. ഏതു വസ്തുവിലാണോ കെട്ടിട്ടം നിര്‍മ്മിക്കപ്പട്ടത് അതേ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും  
 ഓരോ ഫ്‌ളാറ്റ് ഉടമക്കും അവകാശപ്പെട്ട ഓഹരിക്രമവും എത്രയെന്ന് വ്യക്തമാക്കിയിരിക്കണം

2. ഫ്‌ളാറ്റ് കെട്ടിടത്തിന്റെ നമ്പറും നിലയും റൂം നമ്പറും ആധാരത്തില്‍ ചേര്‍ക്കണം. 

3. ഫ്ളാറ്റിലെ പൊതുസൗകര്യങ്ങളില്‍ ഉടമസ്ഥന്റെ അവകാശങ്ങള്‍ വ്യക്തമാക്കണം. 

4. താമസിക്കാനാല്ലാതെ ഫ്ളാറ്റ് കൈമാറാനോ വാടകയ്ക്ക് നല്‍കാനോ ഉടമയ്ക്ക് അവകാശമില്ല

5. ഓരോ ഫ്‌ളാറ്റും ഓരൊറ്റ റസിഡന്‍ഷ്യല്‍ യൂണിറ്റായതിനാല്‍, അത് ഭാഗികമാക്കാനോ വിഭജിക്കാനോ പാടില്ല എന്ന നിബന്ധന ഉണ്ടാകണം. 

6. പൊതുസൗകര്യങ്ങളിലെ അവിഭാജ്യ ഓഹരി ഭാഗിക്കാന്‍ കഴിയാത്തതാണ്. 

7. നിശ്ചിത ശതമാനമായി കണക്കാക്കിയിട്ടുള്ള അവിഭാജ്യ ഓഹരിഅവകാശം മറ്റ് ഉടമകളുടെ അനുവാദമില്ലാതെയും രജിസ്റ്റര്‍രേഖ കൂടാതെയും മാറ്റം വരുത്താനാവില്ല. 

8. സ്വന്തം ഉടമസ്ഥതിയിലുള്ള കെട്ടിടവും ഓഹരിഅവകാശവുമല്ലാതെ, ഒന്നും കൈമാറാനോ ഒന്നിലും ബാധ്യത സൃഷ്ടിക്കാനോ കഴിയുകയില്ല. 

9. കെട്ടിട്ടത്തിന്റെ സുരക്ഷിതത്വത്തിനോ മൂല്യത്തിനോ സൗകര്യങ്ങള്‍ക്കോ കുറവ് വരുന്ന രീതിയിലുള്ള ഒരു നിര്‍മ്മാണപ്രവര്‍ത്തനവും രൂപമാറ്റവും വരുത്താന്‍ പാടുള്ളതല്ല.

10. ലേഔട്ട്, ലൊക്കേഷന്‍, വിസ്തീര്‍ണം, ഫ്‌ളാറ്റിന്റെ പേര് എന്നീ വിവരങ്ങളോടുകൂടി ആര്‍ക്കിടെക്ട് സര്‍ട്ടിഫൈ ചെയ്ത ഫ്‌ളോര്‍ പ്ലാന്‍ ആവശ്യമാണ്.