ടിപ്പുര വാതില്‍ കടന്നാല്‍ ആദ്യം കാണുന്നത് കരിങ്കല്ലില്‍ തീര്‍ത്ത സോപാനവും മുഖമണ്ഡപവും. മുറ്റത്തൊരു യക്ഷിപ്പാല, തുളസിത്തറ. പൂമുഖത്ത് കൊത്തുപണിയുള്ള തൂണുകള്‍. ആധാരശിലയ്ക്കു ചുറ്റോടു ചുറ്റും രാമായണത്തിലെ പത്തു കാണ്ഡങ്ങളുടെ ചുവര്‍ ചിത്രങ്ങള്‍. അകത്തു നിന്ന് ഗായത്രി മന്ത്രം മുഴങ്ങുന്നുവോ? 'ഓം ഭൂര്‍ ഭുവസ്വ:, ഭര്‍ഗോ ദേവസ്യ ധീമഹി, ധിയോയോന പ്രചോദയാത്...' (ഹേ സൂര്യ! എന്നെ പ്രചോദിപ്പിച്ചാലും... എന്ന നിരന്തര പ്രാര്‍ഥന). 

jayaraj home

ക്ഷേത്രമാണോ വീടാണോ എന്നു സംഭ്രമിപ്പിക്കുന്ന നിര്‍മിതിയാണ് സംവിധായകന്‍ ജയരാജിന്റെ വീടിന്. പാരമ്പര്യത്തിന്റെ തനിമ കൈവിടാതെ തലയുയര്‍ത്തി നില്ക്കുന്ന ചെങ്കല്‍ ഭവനം. പേരിലുമുണ്ട് പൗരാണികത: നാരായണീയം! മുറ്റം കടന്ന് കരിങ്കല്ല് പാകിയ വരാന്തയില്‍ കയറിയാല്‍ കുടമണി ഘടിപ്പിച്ച, മണിച്ചിത്രത്താഴുള്ള വലിയ വാതില്‍. അകത്ത് എന്തെല്ലാം വിസ്മയങ്ങളാണ് കാത്തിരിക്കുന്നതെന്ന ആകാംക്ഷയില്‍ കുടമണിയടിച്ചപ്പോള്‍ ഗോപുരം പോലുള്ള വാതില്‍ തുറന്നു. ജയരാജിന്റെ ഭാര്യ, സബിത ജയരാജ് ചിരിച്ചുകൊണ്ട് മുന്നില്‍. പാരമ്പര്യവും ആധുനികതയും സമന്വയിച്ച പ്രൗഢഗേഹത്തിലേക്ക് ഹൃദ്യമായ ചിരിയോടെ സ്വാഗതം... 

jayaraj home

ആദ്യമുറിയില്‍നിന്ന് പുറത്തേക്കുള്ള വാതില്‍ തുറന്നാല്‍ വ്യാളിമുഖമുള്ള മറ്റൊരു കരിങ്കല്‍ സോപാനം. മുറ്റത്തിറങ്ങിയാല്‍ ആല്‍ മരം. തൊട്ടപ്പുറത്ത് ജയരാജിന്റെ തറവാട് വീട്.

jayaraj home''വാസ്തുവിധി പ്രകാരം കിഴക്ക് ദര്‍ശനമുള്ള വീടിന്റെ ഭാഗമാണിത്. ഞങ്ങള്‍ വരുന്നതും പോകുന്നതുമൊക്കെ ഈ വഴിയാണ്'' സബിത  വീടിന്റെ പ്രത്യേകതകള്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ജയരാജിന്റെ ഹോണ്ട കാര്‍ ഒഴുകിയെത്തി.  എറണാകുളത്ത് തന്റെ പുതിയ ചിത്രമായ 'ക്യാമല്‍ സഫാരി'യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിന് അവധി നല്കി എത്തിയിരിക്കുകയാണ് ജയരാജ്.

''എത്രയോ കാലങ്ങളായി നിലനിന്നിരുന്നതാണെന്നും പ്രകൃതിയുമായി ചേര്‍ന്നിരിക്കുന്നതാണെന്നും തോന്നണം. പഴമയുടെ വിശുദ്ധി നഷ്ടപ്പെടാത്ത രീതിയില്‍, എന്നാല്‍ പുതിയ കാലത്തിനിണങ്ങുന്ന രീതിയിലുള്ള ഒരു വീട്. എന്റെ സങ്കല്പത്തില്‍ വീട് അതായിരുന്നു.'' 

jayaraj home

ജയരാജ് തന്റെ സങ്കല്പം പങ്കുവെച്ചു. ഒരു നിയോഗം പോലെ..

നിളയുടെ തീരത്ത് വീട് വെക്കണം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. കോട്ടയത്ത് വീട് നിര്‍മിക്കുന്നതിനെപ്പറ്റി യാതൊരു ആലോചനയുമില്ലായിരുന്നു. വീട് നില്ക്കുന്ന ഈ 35 സെന്റ് സഥലം വില്ക്കാന്‍ വരെ പദ്ധതിയിട്ടതാണ്.

എന്റെ ഒരു അമ്മാവന്‍ ഋഷികേശിലെ ശിവാനന്ദാശ്രമത്തിലെ സന്യാസിയാണ്. പൂര്‍വാശ്രമത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രാമചന്ദ്രന്‍ എന്ന പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ ആശ്രമത്തില്‍ ചെന്നു. അപ്പോള്‍ തറവാട് വീടിനടുത്ത സഥലം എന്ത് ചെയ്യണമെന്ന് ചോദിച്ചു. ഒരു ആലോചനയുമില്ലാതെ അദ്ദേഹം പറഞ്ഞു, 'താന്‍ അവിടെ വീട് വെച്ച് താമസിക്കൂ'. അന്നാണ് ഞാന്‍ ഇവിടെ വീട് വെക്കണമെന്ന് തീരുമാനിച്ചത്. പൂര്‍വാശ്രമത്തില്‍, ഒരു വീട് പണിയുമ്പോള്‍ ഇടാന്‍ അദ്ദേഹം ആഗ്രഹിച്ച പേരാണ് 'നാരായണീയം'.

 

jayaraj home

വീട് , കൂത്തമ്പലം പോലെ
തിരുവനന്തപുരത്തെ ആര്‍ക്കിടെക്ട് ടി.എം.സിറിയക്കിനോട് പ്ലാന്‍ വരയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് അതു കൂത്തമ്പലം പോലെയുള്ള ഒരു വീടായിരിക്കണമെന്നാണ്. കൂത്തമ്പലത്തിന്റെ മേല്‍ക്കൂരയ്ക്കുണ്ടാകുന്ന 40 ഡിഗ്രി ചെരിവ് വരെ ഉള്‍പ്പെടുത്തി ഡച്ച്സ്‌റ്റൈലിലുള്ള കിളിവാതിലുകളും ചേര്‍ത്ത് പുതിയൊരു പ്ലാനാണ് അദ്ദേഹം തന്നത്. ഒരു നില, അതിനുമുകളില്‍ വേറൊരു നില എന്ന സങ്കല്പത്തെ പൊളിച്ച്, ആറു സ്റ്റെപ്പുകള്‍ കഴിഞ്ഞാല്‍ ഒരു മുറി എന്ന രീതിയില്‍ മൂന്ന് ബെഡ്റൂമുള്ള വീട്. മുകളിലും താഴെയും എന്നത് ബ്രേക്ക് ചെയ്യുകയാണ്. അതൊരു ഡിവിഷനാണ്. ഇതാകുമ്പോള്‍ നമ്മള്‍ എല്ലാവരിലേക്കും എത്തും. കാഴ്ചയില്‍ വീടിന് അഞ്ച് നിലയുടെ ഉയരവും കാണും.  

jayaraj home

വീടും ക്ഷേത്രവും തമ്മില്‍ 
പഴയ വീടുകള്‍ക്ക് ക്ഷേത്രവുമായി ചില സമാനതകളുണ്ടായിരുന്നു. അതിന്റെ ഭാഗമായി ഒരുക്കിയതാണ് കരിങ്കല്ലിന്റെ സോപാനം, കോളിങ് ബെല്ലിനു പകരമുള്ള കുടമണി, മുറ്റത്തെ യക്ഷിപ്പാല, ആല്‍മരം... ഇതൊക്കെ. ഇനി മരങ്ങള്‍വെച്ച് ഒരു കാവുണ്ടാക്കണം.

ചെട്ടിനാട് -കാര്‍കള തൂണുകള്‍
ചാരുപടി, ജനല്‍, വലിയ വാതിലുകള്‍, കൊത്തു പണിയുള്ള തൂണുകള്‍ തുടങ്ങിയവ ചെട്ടിനാടില്‍നിന്ന് വരുത്തിച്ചതാണ്. ചെട്ടിനാട് വാതിലുകളേക്കാള്‍ വലുപ്പം കൂട്ടിയാണ് പണിതത്. കരിങ്കല്‍ തൂണുകള്‍, സോപാനം, തുളസിത്തറ എന്നിവ മംഗലാപുരത്തെ കാര്‍കളയില്‍ നിന്നാണ് എത്തിച്ചത്. ക്ഷേത്രങ്ങളിലെ നടപ്പാതകള്‍, ബലിപീഠങ്ങള്‍ എന്നിവ തയ്യാറാക്കുന്ന സ്ഥലമാണത്.

jayaraj home

'നാരായണീയ'ത്തിലെ ആദ്യതാമസക്കാര്‍ 
6000 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയ ഈ വീട്ടിലെ ആദ്യത്തെ താമസക്കാര്‍ പ്രാവുകളാണ്. മൂന്നു വര്‍ഷം കൊണ്ടാണ് വീടിന്റെ പണി പൂര്‍ത്തിയാക്കിയത്.  അതിനിടയില്‍ പ്രാവുകള്‍ താമസം തുടങ്ങി. ഇപ്പോഴും അവരവിടെയുണ്ട്.   ഋഷ്യശൃംഗനും വൈശാലിയും 

ഋഷ്യശൃംഗനും വൈശാലിയും
സംവിധായകന്‍ ഭരതന്‍ വരച്ച  വൈശാലി പെയിന്റിങ്ങ് ഈ വീട്ടിലെ ഒരു അമൂല്യവസ്തുവാണ്. ഞാന്‍ ഭരതേട്ടന്റെ അസിസ്റ്റന്റായിരുന്ന സമയത്ത് ചെന്നൈയിലെ വീട്ടില്‍ വെച്ചു വരച്ചതാണത്. അന്ന് ഭരതേട്ടന്‍ ചായം കലക്കുമ്പോള്‍ വെള്ളവുമായി ഞാന്‍ അടുത്ത് നിന്നിട്ടുണ്ട്.  വളരെക്കാലത്തിനു ശേഷം ഭരതേട്ടന്റെ ഒരു പെയിന്റിങ് കിട്ടിയാല്‍ നന്നായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ലളിതചേച്ചി കൊടുത്തയച്ചതാണിത്.

വീടിനകത്തെ  കൗതുകങ്ങള്‍
 
ഓപ്പണ്‍ കിച്ചണ്‍

ആധുനിക രീതിയിലുള്ള ഓപ്പണ്‍ കിച്ചണാണ് ഈ വീടിന്റെ പ്രത്യേകത. ബാര്‍ കൗണ്ടറില്‍ നിന്നെന്നപോലെ ഭക്ഷണം വാങ്ങിക്കഴിക്കാം. സ്വീകരണമുറിയിലെ ഫര്‍ണിച്ചറുകളെല്ലാം വുഡാണ്. പഴമ വിളിച്ചോതുന്നവ. ചുമരില്‍ നിറയെ ഫ്രെയിം ചെയ്ത ഫോട്ടോകള്‍ തൂക്കിയിരിക്കുന്നു. ഒരു ചുവരില്‍ ബ്ലാക് ആന്റ് വൈറ്റ്. മറ്റൊരു ചുമരില്‍ കളര്‍ ഫോട്ടോകളും.

 ബജറ്റ്? ഇരുവരും ചിരിക്കുന്നു. കൃത്യമായ ബജറ്റ് പറയാന്‍ കഴിയില്ല. എന്തായാലും ട്രഡീഷണല്‍ വാല്യൂ കൂടുകയേയുള്ളൂ... 

അലമാരയില്‍ ഡ്രസിങ് റൂം 

വസ്ത്രങ്ങളും ആഭരണങ്ങളും സൂക്ഷിക്കുന്ന അലമാരയ്ക്കകത്ത് കയറി ഇഷ്ടമുള്ളവ ധരിച്ച് പുറത്തിറങ്ങാം. ഈ അലമാര ഒരു സ്പെഷ്യാല്‍റ്റി തന്നെയാണ്. മറ്റ് ഫര്‍ണിച്ചറുകളെല്ലാം വരുത്തിച്ചതാണ്, കാരൈക്കുടിയില്‍ നിന്ന്. കട്ടിലുകള്‍ വാങ്ങിയത് പാലക്കാട്ടെ മന്നാടിയാര്‍ ആന്റിക് ഷോപ്പില്‍ നിന്ന്. മിക്കതും മോഹവില നല്കിയാണ് വാങ്ങിയത്. ഗോവണി നിര്‍മ്മിക്കുമ്പോള്‍ വന്ന മരക്കഷ്ണങ്ങള്‍ ഉപയോഗിച്ച് നിലത്ത് മര ടൈലുകള്‍ പാകി. അതിനാല്‍ വീട്ടില്‍ നല്ല തണുപ്പ്. വലിയ ജനലുകളുള്ളതിനാല്‍ നല്ല കാറ്റും.

jayaraj home

 

കോണ്‍ക്രീറ്റ് വീട് വേണ്ട- സബിത

ഓടിട്ട പഴയ രീതിയിലുള്ള വീട് വേണമെന്നായിരുന്നു എന്റെ മോഹം. കാലത്തിനിണങ്ങുന്ന സൗകര്യങ്ങളെല്ലാം അതില്‍ ഉണ്ടാവണം. എന്നാല്‍ റിസോര്‍ട്ടിന്റെ മാതൃകയിലാകാനും പാടില്ല. വീടിന് രണ്ട് കിച്ചണ്‍ വേണം. ഒന്ന് ഓപ്പണ്‍ കിച്ചണായിരിക്കണമെന്നും കരുതിയിരുന്നു. കോണ്‍ക്രീറ്റിനോട് എനിക്ക് താല്പര്യമില്ല.  

jayaraj home

 

jayaraj

(ഓഗസ്റ്റ് 2013 ലക്കം സ്റ്റാര്‍ ആന്റ് സ്‌റ്റൈലില്‍ പ്രസിദ്ധീകരിച്ചത്)