ഒറ്റപ്പെട്ട വീട് | Photo: facebook.com/Zillow/
തിരക്കുകളില്‍ നിന്നും മാറി കുറച്ച് സമയം ചെലവഴിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്. എന്നാല്‍, യാതൊരുവിധ ശല്യങ്ങളുമില്ലാത്ത ഒരു സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ഇത്തരക്കാരെ തേടി ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട് വില്‍പ്പനയ്ക്ക് എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
യു.എസിലെ ഒറ്റപ്പെട്ട ദ്വീപായ മെയ്നിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 3,99,000 യു.എസ്. ഡോളറാണ്(ഏകദേശം 3 കോടി രൂപ)വില്‍പ്പന വില. ഒരൊറ്റ മുറിമാത്രമാണ് ഈ വീട്ടിലുള്ളത്. ഇതിനുള്ളിലാണ് ലിവിങ്, ഡൈനിങ് ഏരിയയും കിടക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നത്. ഹാളിനുള്ളില്‍ തട്ട് അടിച്ചാണ് കിടപ്പുമുറി ഒരുക്കിയിരിക്കുന്നത്. കോണി വഴി കിടപ്പുമുറിയിലെത്താം. പൂര്‍ണമായും തടിയില്‍ നിര്‍മിച്ചിരിക്കുന്ന വീടിന് സിറ്റൗട്ടുമുണ്ട്.

ഒന്നര ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടിന് 540 ചതുരശ്ര അടിയാണ് വിസ്തീര്‍ണമുള്ളത്. പക്ഷേ, ഈ വീടിന് ഒരു പോരായ്മയുണ്ട്. വീടിനുള്ളില്‍ ടോയ്ലറ്റ് സൗകര്യമില്ല എന്നതാണത്. വീടിന് പുറത്തായി ഏതാനും മീറ്ററുകള്‍ അകലെയായാണ് ടോയ്ലറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
2009-ല്‍ പണിത ഈ വീട്, തിരക്കുകളില്‍ നിന്നും അകന്ന് കഴിയാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് നിര്‍മിച്ചിരിക്കുന്നത്.
വീട് വാങ്ങുന്നവര്‍ക്ക് വിനോദത്തിനുള്ള ഉപാധികള്‍ ഒരുക്കുമെന്ന് വീട് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ബോള്‍ഡ് കോസ്റ്റ് പ്രോപ്പര്‍ട്ടീസ് വ്യക്തമാക്കി. മരങ്ങളൊന്നുമില്ലെങ്കിലും മറ്റൊരിടത്തും ലഭിക്കാത്ത പ്രകൃതിരമണീയമായ കാഴ്ചകളും അവര്‍ വാഗ്ദാനം ചെയ്യുന്നു. കടലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍, പ്രതികൂലകാലാവസ്ഥയില്‍ തിരമാല ഉയരാനുള്ള സാധ്യതയുണ്ട്. എന്നാല്‍, വീടിന് നല്ല കെട്ടുറപ്പ് ഉണ്ടെന്നും ശക്തമായ തിരമാലകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് വീടിന്റെ അടിത്തറയെന്നും ബോള്‍ഡ് കോസ്റ്റ് പ്രോപ്പര്‍ട്ടീസ് വ്യക്തമാക്കുന്നു. ജോണ്സ്പോര്ട്ട് പബ്ലിക് മറീനയില്‍ നിന്ന് ബോട്ട് മാര്‍ഗം ഇവിടെയെത്താം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..