എല്ലാവര്‍ഷവും നവംബര്‍ 19-ന് ലോക ടോയ്‌ലറ്റ് ദിനമായി ആചരിക്കുന്നു. വൃത്തിയുള്ള കുളിമുറിയും സുരക്ഷിതമായ മലമൂത്രവിസര്‍ജന സൗകര്യവും ഒരുക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. രോഗാണുക്കള്‍ അതിവേഗം വളരാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന സ്ഥലമാണ് ടോയ്‌ലറ്റ്. അവയ്ക്ക് ജീവിക്കാനും പെറ്റുപെരുകാനുമുള്ള ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് അവിടെയുള്ളത്. മലമൂത്ര വിസര്‍ജനത്തിനുശേഷം ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിനും രോഗങ്ങളില്‍നിന്ന് രക്ഷ നേടുന്നതിനും വളരെ അത്യാവശ്യമാണ്. 

'ഓരോ കുട്ടിക്കും ടോയ്‌ലറ്റിനുള്ള അവകാശമുണ്ട്. ലോകത്തിലുള്ള പകുതിപ്പേര്‍ക്കും ഇപ്പോഴും സുരക്ഷിതമായ മലമൂത്രവിസര്‍ജനത്തിനുള്ള സൗകര്യം ലഭ്യമല്ല. 2030 ആകുമ്പോഴേക്കും എല്ലാവര്‍ക്കും ടോയ്‌ലറ്റുകള്‍ ലഭ്യമായെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം'-ടോയ്‌ലറ്റ് ദിനത്തോടനുബന്ധിച്ച് യൂണിസെഫ് ട്വീറ്റ് ചെയ്തു. 

പൊതു ആരോഗ്യം, ലിംഗസമത്വം, വിദ്യാഭ്യാസം, സാമ്പത്തിക വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ മെച്ചപ്പെടലിന് സുരക്ഷിതവും വൃത്തിയുള്ളതുമായ സാനിറ്റൈസേഷന്‍ സൗകര്യം അത്യാവശ്യമാണെന്ന് ഉയര്‍ത്തിക്കാട്ടുകയാണ് ലോക ടോയ്‌ലറ്റ് ദിനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. 

ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടുപ്രകാരം ലോകത്തില്‍ 3.6 ബില്യണ്‍ ആളുകള്‍ക്ക് ഇപ്പോഴും സുരക്ഷിതമായ ടോയ്‌ലറ്റ് സൗകര്യം ലഭ്യമല്ല. ടോയ്‌ലറ്റുകള്‍ ഇല്ലാതെ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാന്‍ സാധിക്കില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ലോകാരോഗ്യസംഘടന പറയുന്നു. 

കോവിഡ് 19-ന്റെ വ്യാപനത്തോടെ കൈകഴുകള്‍ നമ്മുടെ ദിനചര്യയുടെ ഭാഗമായെങ്കിലും ടോയ്‌ലറ്റിൽ പോയതിനുശേഷം നിര്‍ബന്ധമായും കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതുണ്ട്. ടോയ്‌ലറ്റിന്റെ തറയിലും ക്ലോസറ്റിലുമൊക്കെയായി എപ്പോഴും സൂക്ഷ്മജീവികളുടെ സാന്നിധ്യമുണ്ടാകും. അതിനാല്‍, ടോയ്‌ലറ്റിൽ പോയി കഴിഞ്ഞ് കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് നിര്‍ബന്ധമായും കഴുകണമെന്ന് ആരോഗ്യവിദഗ്ധര്‍മുന്നറിയിപ്പ് നല്‍കുന്നു. 

പൊതുവായുള്ള ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോഴാണ് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നത്. പൊതു ടോയ്‌ലറ്റിൽ നിന്ന് അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ അധികമാണ്. അതിനാല്‍, ഇത്തരം ടോയ്‌ലറ്റ് ഉപയോഗത്തിന് ശേഷം നിര്‍ബന്ധമായും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കൈകഴുകേണ്ടതുണ്ട്.

Content highlights: world toilet day 2021 ojectives and importants world health organization