ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന നഗരം ദക്ഷണകൊറിയയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യു.എന്‍. ഹാബിറ്റാറ്റിന്റെ ന്യൂ അര്‍ബന്‍ അജന്‍ഡയും ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഷ്യാനിക്‌സും ചേര്‍ന്നാണ് ഈ ഒഴുകുന്ന സുസ്ഥിര നഗരപദ്ധതി തയ്യാറാക്കുന്നത്. 75 ഹെക്ടറിലായി വ്യാപിച്ച് കിടക്കുന്ന ഈ പദ്ധതിയില്‍ 10,000 കുടുംബങ്ങള്‍ക്ക് ഭവന സൗകര്യവും ഒരുക്കും. 2025 ആകുമ്പോഴേക്കും പദ്ധതി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 

ദക്ഷിണ കൊറിയയുടെ തീരദേശ നഗരരമായ ബൂസാനോട് ചേര്‍ന്നായിരിക്കും ഇത് നിര്‍മിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അക്കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ല. ഏകദേശം 200 മില്ല്യണ്‍ ഡോളറിന്റെ ചെലവാണ് പ്രതീക്ഷിക്കുന്നത്. 

പദ്ധതിക്കായി ബൂസാൻ മെട്രോപോളിറ്റന്‍ സിറ്റി അനുമതി നല്‍കി കഴിഞ്ഞു. എല്ലാതരത്തിലുമുള്ള പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും കെട്ടിടങ്ങളുടെ നിര്‍മാണം. സമുദ്രത്തിന്റെ അടിത്തട്ടില്‍ നങ്കൂരമിട്ടായിരിക്കും ഓരോ വീടുകളും പണിയുക. വെള്ളപ്പൊക്കത്തെയും കാറ്റഗറി അഞ്ചില്‍പ്പെട്ട ചുഴലിക്കാറ്റുകളെയും ഭേദിക്കുന്ന തരത്തിലായിരിക്കും രൂപകല്‍പന ചെയ്യുക. 

നിര്‍മാണപ്രവര്‍ത്തനങ്ങളുമായി അധികൃതര്‍ മുന്നോട്ട് പോകുമ്പോഴും ഇവിടെ താമസിക്കുന്നതിനുവേണ്ട ചെലവ്, ആരൊക്കെയായിരിക്കും താമസക്കാര്‍, അവരെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് എന്നിവ സംബന്ധിച്ച വിവരങ്ങളില്‍ തീരുമാനമായിട്ടില്ല.

താമസം തുടങ്ങി ആദ്യനാളുകളില്‍ പച്ചക്കറികളായിരിക്കും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. മത്സ്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങളായിരിക്കും വളമായി ഉപയോഗിക്കുക. കൂടാതെ എയറോപോണിക്, അക്വാപോണിക് തുടങ്ങിയ സംവിധാനങ്ങളായിരിക്കും കൃഷി രീതിയായി അവലംബിക്കുക. മണ്ണില്ലാതെ ചെടികള്‍ വളര്‍ത്തുന്ന രീതിയാണ് എയറോപോണിക്‌സ്. ബാക്ടീരിയകളുപയോഗിച്ച് ചെടികള്‍ വളര്‍ത്തുന്ന രീതിയാണ് അക്വാപോണിക്‌സ്. 

നഗരത്തിന്റെ ആകെ വലുപ്പം സംബന്ധിച്ച് തീരുമാനമായിങ്കെിലും ഇവിടുത്തെ കെട്ടിടങ്ങള്‍ക്കു ഏഴുനിലയില്‍കൂടുതല്‍ ഉയരമുണ്ടാകില്ല. കാറ്റിനെ ചെറുക്കുന്നത് കണക്കിലെടുത്താണിത്. 

അതേസമയം, ഹെക്ടര്‍ കണക്കിന് സമുദ്രപ്രദേശം ഉപയോഗിച്ച് നഗരം നിര്‍മിക്കുന്നതിനെതിരേ ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഒപ്പം സമുദ്രജലനിരപ്പ് ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവും പദ്ധതിക്ക് വെല്ലുവിളിയാണ്.

Content highlights: world's first floating city, south korea's busan, to house 10,000 residents