തിരക്കുകളില്‍ നിന്നെല്ലാം വിട്ട് കുറച്ചുദിവസം വീട്ടില്‍ സ്വസ്ഥമായി കഴിയാന്‍ സാധിച്ചിരുന്നെങ്കില്‍ എന്തെല്ലാം ക്രിയേറ്റീവായി ചെയ്യാമായിരുന്നു എന്നു ചിന്തിച്ചവര്‍ക്കെല്ലാം മികച്ച അവസരമാണ് ലോക്​ഡൗണ്‍ കാലം നല്‍കിയത്. ഓരോരുത്തരും അവനവന്റെ ഹോബികളില്‍ മുഴുകിയ കഥകള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ലോക്​ഡൗണ്‍ കഴിയുമ്പോഴേക്കും വീട് പെയിന്റ് ചെയ്ത് കിടിലന്‍ മേക്കോവര്‍ നല്‍കിയ യുവതിയാണ് ശ്രദ്ധേയയാകുന്നത്. 

വീട്ടിലെ ചുവരുകള്‍ മാത്രമല്ല വാതിലുകളും ജനലുകളും സ്റ്റെയര്‍കെയ്‌സും വരെ തന്റെ കാന്‍വാസാക്കിയിരിക്കുകയാണ് നതാലി എന്ന പെണ്‍കുട്ടി. വീട് മുഴുവനായും വെള്ളനിറം പൂശിയതിനു ശേഷമാണ് നതാലി അവയില്‍ ഫ്‌ളോറല്‍ പാറ്റേണുകള്‍ നിറച്ചത്. നേരത്തെയും സമയം കിട്ടുമ്പോഴൊക്കെ പെയിന്റ് ചെയ്യുമായിരുന്നെങ്കിലും രണ്ടുമാസം അടുപ്പിച്ച് വീടിനു പുറത്തിറങ്ങാതിരിക്കുന്നത് ഇതാദ്യമായിരുന്നെന്നും അതോടെയാണ് ലോക്​ഡൗണ്‍ പരമാവധി ഉപയോഗപ്പെടുത്താമെന്ന് തീരുമാനിച്ചതെന്നും നതാലി പറയുന്നു. 

home

ആദ്യം ചുവരുകളിലാണ് തുടങ്ങിയതെങ്കിലും പതിയെ ഫര്‍ണിച്ചറും ലൈറ്റുകളും കുഷ്യനും റഗ്ഗും വരെ നതാലി പെയിന്റ് ചെയ്ത് പുത്തന്‍ ലുക്കിലാക്കി. എന്താണ് പെയിന്റ് ചെയ്യേണ്ടതെന്ന് നേരത്തെ തീരുമാനിക്കുന്ന രീതിയൊന്നും നതാലിക്കില്ല. തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ മനസ്സിനനുസരിച്ച് കൈവിരലുകള്‍ ചലിച്ചോളുമെന്നാണ് നതാലിയുടെ വാദം. 

home

ഇത്തരത്തില്‍ പെയിന്റ് ചെയ്യാന്‍ മികച്ച കലാകാരിയകണം എന്നൊന്നും താന്‍ കരുതുന്നില്ലെന്നാണ് നതാലി പറയുന്നത്. ചെറിയ പൂക്കള്‍ വരച്ചു തുടങ്ങാം, ഏറ്റവും പ്രധാനം ഇവ ചെയ്യുമ്പോള്‍ ലഭിക്കുന്ന മാനസികോല്ലാസമാണെന്നും നതാലി പറയുന്നു. പച്ചയും പിങ്കുമാണ് തനിക്കു പ്രിയപ്പെട്ട നിറങ്ങള്‍, അതുകൊണ്ടുതന്നെ അവയാണ് പെയിന്റിങ്ങുകളിലേറെയും നിറഞ്ഞു നില്‍ക്കുന്നതെന്നും നതാലി. 

Content Highlights: women Paints All Over The Walls of her house while lockdown