മുതിർന്ന രണ്ടു പെൺമക്കളടങ്ങിയ കുടുംബത്തിന് തലചായ്ക്കാനിടം വേണം. അതിലേക്കുള്ള ശ്രമമാണ് മണ്ണും മുളയും കൊണ്ടുള്ള ഈ വീട്ടമ്മയുടെ വീടുപണി. ഇപ്പോഴുള്ള പാതി തകർന്ന വീട് എപ്പോൾ വേണമെങ്കിലും വീഴാവുന്ന സ്ഥിതിയിലാണ്.

സർക്കാരിന്റെ ഭവനപദ്ധതിയിൽ അപേക്ഷിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഇപ്പോഴുള്ള 35 വർഷത്തിലേറെ പഴക്കമുള്ള വീട് ജീർണിച്ചെങ്കിലും ഓടുവെച്ച് വാർത്തതായതിനാൽ അനുമതി നീളുന്നു. ഏഴു കൊല്ലം മുമ്പ് വീട് അനുവദിച്ചപ്പോഴാകട്ടെ, സ്വന്തം കൈയിൽ പണം ഉണ്ടായിരുന്നുമില്ല. ഇപ്പോൾ ചോർന്നൊലിച്ച് വീട്ടിലെ സാധനങ്ങൾ പാതിയും നശിച്ചു. ഉറപ്പും ഭംഗിയും കുറഞ്ഞാലും പുതിയ വീടുപണിതുയർത്താൻ കാരണം ഇതാണ്.

''എനിക്ക് അറിയാവുന്ന പണിയല്ലിത്, പക്ഷേ നിവൃത്തിയില്ലാത്തതുകൊണ്ട് രണ്ടും കല്പിച്ച് പണിതുടങ്ങി. ഭർത്താവിന്റെ നിർദേശങ്ങളും മക്കളുടെ സഹായവും കൊണ്ട് ഇതുവരെ പണിതീർക്കാനായി. തുലാവർഷത്തിനുമുമ്പെങ്കിലും പണിതീർത്ത് മരണഭയമില്ലാതെ കിടന്നുറങ്ങണം''-ഈ വീട്ടമ്മയുടെ വാക്കുകളിൽ എല്ലാമുണ്ട്.

താന്ന്യം ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ എ.ഡി.എസ്. അംഗവും മുൻ സി.ഡി.എസ്. വൈസ് ചെയർപേഴ്സണുമാണ് പ്രേമ ഹരിദാസ്. ഭാഗികമായി തകർന്ന വീടിന്റെ തൊട്ടടുത്താണ് കവുങ്ങും മുളയും വെച്ച് ചട്ടക്കൂടുണ്ടാക്കി പറമ്പിൽ നിന്നെടുത്ത മണ്ണും പഴയ ഇഷ്ടികയും പാറപ്പൊടിയും സിമന്റും ചേർത്ത് ചുമരുണ്ടാക്കുന്നത്. മേൽക്കൂരയിൽ അലുമിനിയം ഷീറ്റ് മേയും. ഭർത്താവ് ഹരിദാസ് പാൻക്രിയാസിൽ രോഗം ബാധിച്ച് ചികിത്സയിലാണ്. സിവിൽ ഡ്രാഫ്റ്റ്മാൻ കോഴ്സ് പൂർത്തിയാക്കിയ സായ്ലക്ഷ്മിയും ഡി.ഫാം. വിദ്യാർഥിനിയായ അനികയുമാണ് മക്കൾ. പ്രേമയ്ക്ക് തൊഴിലുറപ്പിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് ഏക ആശ്രയം. ഭർത്താവിന്റെ ചികിത്സയും മക്കളുടെ വിദ്യാഭ്യാസവും ജീവിതചെലവുകളും താങ്ങാൻതന്നെ പ്രയാസം. സ്വന്തമായി 8.5 സെന്റ് ഭൂമിയുണ്ട്.

Content Highlights:woman build her own house