പറവൂര്‍: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട പുത്തന്‍വേലിക്കര കുത്തിയതോട് മുടവന്‍പ്ലാക്കല്‍ സിജി സജീവിന്റെ കുടുംബത്തിന് വാട്സാപ്പ് കൂട്ടായ്മ പണിതീര്‍ത്ത 'കൊച്ചുവീട്' ഞായറാഴ്ച കൈമാറും. രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ കസ്റ്റംസ് അസി. കമ്മിഷണര്‍ വി.എ. മൊയ്തീന്‍ നൈനയാണ് താക്കോല്‍ കൈമാറുന്നത്.

നാലുമാസം കൊണ്ട് 639 ചതുരശ്ര അടിയുള്ള വീടാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. 8.5 ലക്ഷം രൂപ ഇതിനായി ചെലവു വന്നു. രണ്ട് കിടപ്പുമുറി, ഹാള്‍, സിറ്റൗട്ട്, അടുക്കള, കുളിമുറി എന്നിവയുണ്ട്. എല്ലാ മുറികളിലും ഫാനും ഫര്‍ണിച്ചറും കബോര്‍ഡുകളും സജ്ജമാക്കിയിട്ടുണ്ട്. ചുറ്റുമതിലും പണിതീര്‍ത്തിട്ടുണ്ട്. പ്രളയത്തില്‍ ഏറെ നാശംവിതച്ച സ്ഥലമാണ് പുത്തന്‍വേലിക്കര.

എളന്തിക്കര ഹൈസ്‌കൂള്‍ അധ്യാപകന്‍ രഞ്ജിത്ത് മാത്യു പങ്കുവച്ച ആശയമാണ് വീടൊരുക്കാന്‍ ഇടവരുത്തിയത്. പ്രവാസികളായ മില്‍ട്ടണ്‍ വര്‍ഗീസ്, സുവര്‍ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് 'ഒരു കൊച്ചുവീട്' എന്ന വാട്സാപ്പ് ഗ്രൂപ്പിന് രൂപം നല്‍കി. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍വേലിക്കര വില്ലേജ് ഓഫീസര്‍ എന്‍.എം. ഹുസൈന്‍, എസ്.ഐ. ആയിരുന്ന ഇ.വി. ഷിബു എന്നിവരും പിന്തുണ നല്‍കി. രഞ്ജിത്ത് മാത്യു കണ്‍വീനറായി 21 അംഗ കമ്മിറ്റിയും രൂപവത്കരിച്ചു. വീടിന്റെ നിര്‍മാണം, ഫണ്ട് ശേഖരണം, ഗുണഭോക്താവിനെ കണ്ടെത്തല്‍ എന്നിവ ചര്‍ച്ചചെയ്ത് തീരുമാനമെടുത്തു. ഫെഡറല്‍ ബാങ്കിന്റെ എളന്തിക്കര ശാഖയില്‍ ജോയിന്റ് അക്കൗണ്ടും തുടങ്ങി. വിദ്യാര്‍ഥികളായ രണ്ട് മക്കള്‍ അടങ്ങുന്നതാണ് സിജിയുടെ നിര്‍ധന കുടുംബം.

Content Highlights: whatsapp community built house