കൊറോണ മഹാമാരി എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തെ തകിടം മറിച്ചു കഴിഞ്ഞു. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലെ ഒരു ചെറിയ പട്ടണമായ ബോല്‍പൂര്‍ സ്വദേശിയും 45കാരനുമായ ഉദയ് ദാസ് എന്ന ശില്‍പിയും ഇത്തരത്തില്‍ ഏറെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നയാളാണ്. എന്നാല്‍ ഓരോ ദിവസവും തന്റെ തൊഴിലിനെ കോവിഡ് വെല്ലുവിളികള്‍ ബാധിച്ചിട്ടും ഉദയ് ദാസിന് പ്രതീക്ഷകള്‍ നഷ്ടപ്പെട്ടില്ല. ഇയാള്‍ തന്റെ പഴയമണ്‍വീടിന് പകരം നിര്‍മിച്ച് ബസ് വീടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ബാങ്കില്‍ നിന്ന് 80,000 രൂപ വായ്പയെടുത്താണ് ഉദയ് ദാസ് ഈ ബസിന്റെ ആകൃതിയിലുള്ള വീട് നിര്‍മിച്ചത്. 

''ഞാന്‍ ഒരു ശില്‍പിയാണ്. കളിമണ്ണും സിമന്റും കൊണ്ടാണ് ഞാന്‍ പ്രതിമകള്‍ നിര്‍മ്മിക്കുന്നത്. എനിക്ക് 7 പേരടങ്ങുന്ന ഒരു കുടുംബമുണ്ട്, പക്ഷേ ഞങ്ങള്‍ താമസിക്കുന്നത് വളരെ ചെറിയ ഒരു മണ്‍ വീട്ടിലാണ്. എന്റെ അമ്മയും അച്ഛനും ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു മകളും അവിടെയാണ് താമസിക്കുന്നത്. എന്റെ പ്രായമായമാതാപിതാക്കള്‍ രോഗബാധിതരാണ്. വീടിനുള്ളില്‍ സ്ഥലമില്ലാത്തതിനാല്‍ വിരുന്നുകാരും മറ്റും വന്നാല്‍ പുറത്തു നില്‍ക്കേണ്ടി വരാറുണ്ട്. മഴയുള്ള സമയത്തും മറ്റും അത് വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് സ്വന്തമായി വീടുണ്ടാക്കാന്‍ തീരുമാനിച്ചു.'  ഉദയ് ദാസ് സിഎന്‍എന്നിനോട് പറഞ്ഞു. 

'എന്റെ വീടിന് വ്യത്യസ്തത വേണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ പുറത്ത് നിന്ന് നോക്കുമ്പോള്‍ ആകര്‍ഷകമായ രീതിയില്‍ വീട് പൂര്‍ത്തീകരിക്കാനായി. ബസിന്റെ മാതൃകയിലാണെങ്കിലും വീടിന് ക്രോസ് വെന്റിലേഷനും മറ്റും നല്‍കിയിട്ടുണ്ട്. പുതിയ വീട് കൂടുതല്‍ ആളുകള്‍ക്ക് ഇരിക്കാന്‍ സൗകര്യപ്രദവുമാണ്.'  ഉദയ് ദാസ് തുടരുന്നു.

ഉദയ് ദാസ് ശില്‍പകലയിലേക്ക് തിരിഞ്ഞത് കുറച്ച് കാലം മുമ്പാണ്. കൊറോണ പടര്‍ന്ന് പിടിച്ചതോടെ ജീവിതചെലവുകള്‍ക്ക് മാര്‍ഗമില്ലാതായി. അതുകൊണ്ട്  കാര്യങ്ങള്‍ വലിയ കഷ്ടത്തിലാണെന്നും ഉദയ് ദാസ് പറയുന്നു. ഇപ്പോള്‍ ധാരാളം പേര്‍ ഈ ബസ് വീട് കാണാനെത്തുന്നുണ്ട്. 

Content Highlights: West Bengal Sculptor Designs House That Looks Like a Bus