കോട്ടുവള്ളിയിലെ ഹരിതകർമ സേനാംഗങ്ങൾ കുളവാഴകൊണ്ട് നിർമിച്ച വിവിധ അലങ്കാരവസ്തുക്കൾ
വരാപ്പുഴ: കാണാനഴകുള്ള പൂക്കൊട്ടയും പേപ്പര്‍ ഹോള്‍ഡറുകളും സമ്മാനപ്പെട്ടികളുമൊക്കെ കുളവാഴകൊണ്ട് നിര്‍മിച്ച് ഹരിതകര്‍മ സേനാംഗങ്ങള്‍. കോട്ടുവള്ളി പഞ്ചായത്തിലാണ് വനിതകളുടെ കരവിരുതില്‍ മനോഹരവും ഉപയോഗപ്രദവുമായ വസ്തുക്കളായി കുളവാഴ രൂപംമാറുന്നത്.
രണ്ടുമാസം മുമ്പുവരെ പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി, മത്സ്യത്തൊഴിലാളികളുടെ നിത്യജീവിതത്തിനുവരെ ശല്യമായിരുന്നു കുളവാഴപ്പായല്‍. വേനല്‍ ആരംഭിച്ചിട്ടും പുഴകളില്‍ ഉപ്പുരസംവരാന് താമസിച്ചതോടെ പെരിയാറിന്റെ കൈവഴിപ്പുഴകളില് കുളവാഴപ്പായല്‍ നിറഞ്ഞത് പൊതുവില്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതോടെയാണ് കുളവാഴ, ഉപയോഗപ്രദമാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ ഉണ്ടായത്. കോട്ടപ്പുറം കിഡ്സിന്റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയംകണ്ടതോടെ ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീ മിഷനും സന്നദ്ധമാവുകയായിരുന്നു. ഇതിനായി സബ്സിഡി ഉള്‍പ്പെടെ നല്കി ഈ രംഗത്ത് കൂടുതല്‍ വനിതകളെ സജീവമാക്കാനും തീരുമാനമുണ്ടായി. ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ കോട്ടപ്പുറം കിഡ്സ് ട്രെയിനിങ് സെന്ററില്‍ നിന്ന് എത്തിയിട്ടുള്ളവരാണ് ഹരിതകര്‍മ സേനയിലുള്ള 25 വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്. കുളവാഴയുടെ ഉള്ളിലുള്ള പഴുപ്പ് നീക്കംചെയ്തതിന് ശേഷം ഉണക്കിയെടുത്താണ് വൈവിധ്യങ്ങളായ വസ്തുക്കള്‍ നിര്‍മിച്ചിട്ടുള്ളത്. ബാഗുകള്‍, േപഴ്സ്, സ്വര്‍ണപ്പെട്ടി, പേപ്പര്‍ ഹോള്‍ഡര്‍, പൂക്കൂടകള്‍, മൊബൈല്‍ ഹോള്‍ഡര്‍, ടേബിള്‍മാറ്റ്, പെന്സില്പ്പെട്ടി, ബുക്ക് ബൈന്‍ഡിങ്, ഫ്ളവറുകള്‍ എന്നിങ്ങനെ ഒട്ടേറെ വസ്തുക്കളാണ് കുളവാഴ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ളത്.
16 മുതല്‍ 20 സെന്റി മീറ്റര്‍ വരെ നീളമുള്ള കുളവാഴകളാണ് അലങ്കാരവസ്തുക്കളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. നിറംകൊടുത്ത് കൂടുതല്‍ മനോഹരമാക്കിയാണ് കുളവാഴകൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ വിപണിയില്‍ എത്തിക്കുന്നത്. ഇവ വെള്ളംനനയാതെ സൂക്ഷിക്കാനായാല്‍ ദീര്‍ഘകാലം ഉപയോഗിക്കാനാകും. കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്ത് മുന്‍കൈയെടുത്താണ് ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്. പരിശീലനത്തിനെത്തിയിട്ടുള്ള വനിതകള്‍ക്ക് 300 രൂപ വീതം പ്രതിദിനം സ്റ്റൈപ്പന്‍ഡും നല്‍കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന തരത്തില്‍ കുളവാഴപ്പായല്‍ ഉപയോഗിച്ചുള്ള കരകൗശലവസ്തുക്കള്‍ നിര്‍മിക്കാന്‍ പദ്ധതി ആവിഷ്കരിക്കുമെന്ന് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി പറഞ്ഞു.
Content Highlights: water hyacinth, kudumasree memebers makes, flower vase to gold box from water hyacinth
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..