പ്രതീകാത്മക ചിത്രം | Photo: canva.com/
പുതിയ സ്ഥലത്ത് ജോലിക്കോ പഠനാവശ്യങ്ങള്‍ക്കായോ പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടുന്നത് താമസിക്കാനൊരിടം കണ്ടെത്താനാണ്. ഓഫീസില്‍ നിന്നും കോളേജില്‍ നിന്നുമുള്ള ദൂരം, അനുയോജ്യമായ വാടക, സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം നോക്കി കൃത്യമായി തിട്ടപ്പെടുത്തിയശേഷമായിരിക്കും വീട് വാടകയ്ക്ക് എടുക്കുന്നത്. ഓഫീസ് സമയവും മറ്റും വീടിന്റെ ഉടമസ്ഥന് തിരക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, വീടെടുക്കുന്നയാളുടെ വിദ്യാഭ്യാസ യോഗ്യതയും എവിടെ പഠിച്ചുവെന്ന കാര്യങ്ങളും നോക്കിയിട്ട് വീട് വാടകയ്ക്ക് തരുന്നതെങ്കിലോ? ബെംഗളൂരുവില്‍ വീട് വാടകയ്ക്ക് എടുക്കാന്‍ ചെന്നപ്പോള്‍ വിദ്യാഭ്യാസ യോഗ്യതയും പഠിച്ച സ്ഥാപനങ്ങളുടെ പേരും തിരക്കിയെന്ന വെളിപ്പടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്. ഐ.ഐ.ടി. ഐ.ഐ.എം., ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് തുടങ്ങിയവയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയായവര്‍ക്ക് മാത്രമെ ഈ വീട്ടുടമസ്ഥന് വീട് വാടകയ്ക്ക് നല്‍കൂവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ യുവാവ് ആരോപിച്ചു. ഇടനിലക്കാരനുമായി നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടാണ് പ്രിയന്‍ഷ് ജെയ്ന്‍ എന്ന യുവാവ് തനിക്കുണ്ടായ അനുഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്.
വീട് ലഭിക്കാനുണ്ടോയെന്ന് ബ്രോക്കറിനോട് ചോദിച്ചപ്പോള്‍ ആദ്യം ലിങ്കെഡ്ലിന് പ്രൊഫൈല്‍ ലിങ്ക് ഇടനിലക്കാരന് ചോദിച്ചു. ഇതെന്തിനാണെന്ന ചോദ്യത്തിന് വീട് വാടകയ്ക്ക് നല്‍കുന്നയാളുടെ ചില വിവരങ്ങള്‍ വീട്ടുടമസ്ഥന് അറിയാന്‍ വേണ്ടിയാണെന്ന് ഉത്തരം നല്കി. എവിടെയാണ് ജോലി ചെയ്യുന്നത്, എവിടെയാണ് പഠിച്ചത് തുടങ്ങിയ കാര്യങ്ങള്‍ വീട്ടുടമസ്ഥന് അന്വേഷിക്കുന്നുണ്ടെന്നും ഇടനിലക്കാരന് മറുപടി നല്കി. താന്‍ വെജിറ്റേറിയന്‍ ആണെന്നും ഒരു ഓസ്ട്രേലിയന്‍ കമ്പനിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും ജെയ്ന്‍ വ്യക്തമാക്കി. അടുത്ത ചോദ്യം എവിടെയാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് എന്നതായിരുന്നു. വെല്ലൂരുള്ള ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളേജില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയതെന്ന് ജെയ്ന്‍ പറഞ്ഞു. എന്നാല്‍, ഇതിന് ഇടനിലക്കാരന് നല്കിയ മറുപടി ജെയ്നിനെ ഞെട്ടിച്ചു. ഐ.ഐ.ടി. ഐ.ഐ.എം., സി.എ., ഐ.എസ്.ബി എന്നിവടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയായവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കാനാണ് ഉടമസ്ഥന് താത്പര്യപ്പെടുന്നതെന്നും ജെയ്നിന് വീട് നല്‍കാനാവില്ലെന്നുമായിരുന്നു മറുപടി.
.jpg?$p=9dc596a&&q=0.8)
'ബെംഗളൂരുവിലെ ഫ്ളാറ്റ് ഉടമസ്ഥരേ, നിങ്ങള്‍ എന്തിനാണ് ഇപ്രകാരം ചെയ്യുന്നത്' എന്ന കാപ്ഷനോടെയാണ് ജെയ്ന്‍ ഈ സംഭാഷണങ്ങളുടെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചത്.
ജെയ്ന്റെ ട്വീറ്റ് വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. വീട്ടുടമസ്ഥന്റെ നടപടിയില്‍ അത്ഭുതപ്പെടാന്‍ ഇല്ലെന്നും ബെംഗളൂരുവില്‍ വീട് വാടകയ്ക്ക് എടുക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ സര്‍വസാധാരണമാണെന്നും ഒട്ടേറെപ്പേര്‍ പറഞ്ഞു. വീട്ടുടമസ്ഥന് മിക്കപ്പോഴും അഭിമുഖങ്ങള്‍ നടത്തിയാണ് താമസക്കാരെ കണ്ടെത്തുന്നതെന്നും അത്തരം അനുഭവം ഉണ്ടായിട്ടുള്ളതായും ഏറെപ്പേര്‍ പറഞ്ഞു.
Content Highlights: rent flat in bengaluru, viral post, what landlords are asking for, myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..