കൊൽക്കത്ത: ബ്രിട്ടീഷ് വാസ്തുവിദ്യാകലയുടെ മകുടോദാഹരണമായി കൊൽക്കത്തിൽ ഉയർന്നുനിൽക്കുന്ന വിക്ടോറിയ സ്മാരകമന്ദിരത്തിന് 100 വയസ്സ്.

1921 ഡിസംബർ 28-ന് അന്നത്തെ വെയ്ൽസ് രാജകുമാരൻ (പിൽക്കാലത്ത്‌ എഡ്വേഡ് എട്ടാമൻ രാജാവ്) കൊൽക്കത്തയിലെത്തിയാണ് ഈ മാർബിൾ മന്ദിരം ഉദ്ഘാടനം ചെയ്തത്. പണിയേറ്റെടുത്ത കരാറുകാരുടെ പ്രതിനിധിയായി വ്യവസായി രാജേന്ദ്രനാഥ് മുഖർജി സമ്മാനിച്ച രത്നം പതിപ്പിച്ച താക്കോലുപയോഗിച്ചാണ് രാജകുമാരൻ മന്ദിരവാതിൽ തുറന്നത്.

എഡ്വേഡ് എട്ടാമന്റെ അച്ഛനായ അന്നത്തെ വെയ്ൽസ് രാജകുമാരൻ (പിൽക്കാലത്ത്‌ ജോർജ് അഞ്ചാമൻ രാജാവ്) 1906 ജനുവരി നാലിനാണ് ഈ സ്മാരകത്തിന്‌ തറക്കല്ലിട്ടത്. അന്ന് കൽക്കട്ട എന്നറിയപ്പെട്ടിരുന്ന കൊൽക്കത്തയായിരുന്നു ബ്രിട്ടീഷ് ഭരണത്തിന്റെ ആസ്ഥാനം. 1911-ൽ ജോർജ് അഞ്ചാമൻ അത് ഡൽഹിയിലേക്ക് മാറ്റി.

താജ്മഹൽ പണിയാനുള്ള വെണ്ണക്കല്ലെടുത്ത മക്രാന ഖനികളിൽനിന്നുള്ള മാർബിളാണ് വിക്ടോറിയ മെമ്മോറിയൽ ഹാൾ പണിയാനും ഉപയോഗിച്ചത്. വില്യം എമേഴ്സണാണ് മുഖ്യശില്പി. 60 കൊല്ലം ഇന്ത്യ ഭരിച്ച വിക്ടോറിയ രാജ്ഞിയുടെ സ്മരണാർഥം വിക്ടോറിയ മെമ്മോറിയൽ ഹാൾ എന്ന് ഇതിനുപേരിട്ടത് ഇന്ത്യയിലെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവാണ്.

കല, വാസ്തു, നീതി, ജീവകാരുണ്യം, മാതൃത്വം, വിവേകം, ജ്ഞാനം എന്നിവയെ പ്രതിനിധാനംചെയ്യുന്ന ശില്പങ്ങൾ ഈ മന്ദിരത്തിന്റെ വിഖ്യാതമായ മകുടത്തിനുചുറ്റും അലങ്കാരമായി നിൽക്കുന്നു. 16 അടി ഉയരവും മൂന്നുടൺ തൂക്കവുമുള്ള ഓടിൽത്തീർത്ത ‘വിജയമാലാഖ’യാണ് മകുടത്തിൽ നിലകൊള്ളുന്നത്.

52 ഏക്കറിൽ 21 പൂന്തോട്ടങ്ങൾ മന്ദിരത്തിന് അലങ്കാരമാകുന്നു. 28,394 കരകൗശവസ്തുക്കളും 3900 പെയ്ന്റിങ്ങുകളും ഈ സ്മാരകത്തിലുണ്ട്. തോമസ് ഡാനിയേലിനെപ്പോലുള്ള വിദേശകലാകാരൻമാരുടെ മാത്രമല്ല, നന്ദലാൽ ബോസ്, അബനീന്ദ്രനാഥ് ടാഗോർ തുടങ്ങിയ ഇന്ത്യക്കാരുടെ സൃഷ്ടികളും ഗീതാഗോവിന്ദത്തിന്റെ കൈയെഴുത്തുപ്രതിയുമെല്ലാം ശേഖരത്തിലുൾപ്പെടും.

Content Highlights: victoria memorial hall turns 100, british architecture, queen victoria