നാഗര്‍കോവില്‍: വേലുത്തമ്പി ദളവയുടെ 254-ാത് ജന്മവാര്‍ഷികം തിങ്കളാഴ്ച ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നാട്ടിലെ ഏക സ്മാരകമായ ജന്മഗൃഹം സംരക്ഷിക്കാന്‍ നടപടികള്‍ ഉണ്ടാകുന്നില്ല. പന്ത്രണ്ട് മുറികളുള്ള എട്ടുകെട്ടിനോടുചേര്‍ന്ന് കുളവും കുടുംബക്ഷേത്രവും ഉള്‍പ്പെട്ടതാണ് തലക്കുളത്തെ വലിയവീട് എന്ന സ്മാരകം.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വലിയവീടിന്റെ ഇപ്പോഴത്തെ സംരക്ഷണച്ചുമതല ചിത്രകലാമണ്ഡലം എന്ന ട്രസ്റ്റിനാണ്. എപ്പോഴും പൂട്ടിക്കിടക്കുന്ന വലിയവീടിന്റെ മുന്‍ഭാഗത്തെ മതിലില്‍ ചിത്രകലാമണ്ഡലം ചരിത്ര മ്യൂസിയം എന്ന് കല്ലില്‍ കൊത്തി സ്ഥാപിച്ചിട്ടുണ്ട്. 2009-ല്‍ തമിഴ്നാട് ടൂറിസം വകുപ്പ് ഇവിടെ 40 ലക്ഷം രൂപ ചെലവില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുകയും ശൗചാലയവും കമാനങ്ങളും പണിയുകയും ചെയ്തു. എന്നാല്‍, പിന്നീട് ശൗചാലയങ്ങള്‍ ഉപയോഗിക്കാനാകാത്തവിധമായി. 2009-ല്‍ ചിത്രകലാമണ്ഡലം വീട്ടുവളപ്പില്‍ സ്ഥാപിച്ച വേലുത്തമ്പിയുടെ പൂര്‍ണകായ പ്രതിമയുടെ ഉദ്ഘാടനംപോലും ഇതുവരെ നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

രണ്ടുവര്‍ഷമായി കന്യാകുമാരി ഗ്ലോബല്‍ നായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ വലിയവീട്ടില്‍ വേലുത്തമ്പിയുടെ ജന്മവാര്‍ഷികം ആഘോഷിക്കുന്നുണ്ട്. ജനുവരിയില്‍ വേലുത്തമ്പി ദളവ നാഷണല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് കുണ്ടറവിളംബരവുമായി ബന്ധപ്പെട്ട ചടങ്ങും നടത്തി. വലിയവീട് സംരക്ഷിക്കാന്‍വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ അറിയിച്ചെങ്കിലും ദിവസംചെല്ലുംതോറും തകര്‍ന്ന് നിലംപതിക്കുന്ന അവസ്ഥയിലേക്ക് മാറുകയാണ് തലക്കുളത്തെ വലിയവീട്.

ചരിത്രനായകന്റെ ജന്മനാട്ടിലെ ഏക സ്മാരകം സംരക്ഷിക്കാന്‍ വൈകാതെ നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Content Highlights: veluthambi dalawa valiya veedu