ഭാരതരത്ന ജേതാവും ഷെഹ്‌നായി ആചാര്യനുമായ ഉസ്താദ് ബിസ്മില്ലാ ഖാന്റെ വീട് പൊളിച്ചു നീക്കുന്നു. മൂന്നുനിലയുള്ള വാണിജ്യസമുച്ചയം പണിയുന്നതിനായാണ് ചരിത്രപ്രാധാന്യമുള്ള വീട് പൊളിച്ചുനീക്കുന്നത്. ബിസ്മില്ലാ ഖാന്റെ പതിനാലാം ചരമ വാർഷികം ഓ​ഗസ്റ്റ് ഇരുപത്തിയൊന്നിന് വരാനിരിക്കെയാണ് ഈ നീക്കം. നിലവിൽ അദ്ദേഹത്തിന്റെ കൊച്ചുമക്കളാണ് വീടിന്റെ ഉടമസ്ഥർ. 

1936ൽ പണികഴിപ്പിച്ച ഈ വീട്ടിലാണ് ബിസ്മില്ലാ ഖാൻ മരണം വരെ കഴിഞ്ഞിരുന്നത്. അമേരിക്കയിൽ വസിക്കാനുള്ള ശിഷ്യരുടെ ക്ഷണം പോലും നിരസിച്ച് അദ്ദേഹം കഴിഞ്ഞ വീടാണിത്. അദ്ദേഹത്തിന്റെ മകൻ അന്തരിച്ച മെഹ്താബ് ഹുസൈന്റെ മക്കളാണ് വീടിന്റെ ഉടമസ്ഥർ. വാണിജ്യ സമുച്ചയത്തിന്റെ ഒരുഭാ​ഗത്തായി ബിസ്മില്ലാ ഖാന്റെ പേരിൽ മ്യൂസിയം പണികഴിപ്പിക്കുമെന്നും കൊച്ചുമക്കൾ പറയുന്നു. 

മുത്തച്ഛന്റെ പേരിലുള്ള പുരസ്കാരങ്ങളും മറ്റും അവിടെ സൂക്ഷിക്കുമെന്നും ഇവർ പറയുന്നു. ബിസ്മില്ലാ ഖാൻ താമസിച്ചിരുന്ന മുറി ഇതിനകം തന്നെ പൊളിച്ചുനീക്കിയിട്ടുമുണ്ട്. എന്നാൽ ഇക്കാര്യം തന്നെ ഞെട്ടിച്ചെന്ന് ബിസ്മില്ലാ ഖാന്റെ ദത്തുപുത്രിയും ​ഗായികയുമായ സോമാ ഘോഷ് പറഞ്ഞു.

ബാബയുടെ മുറി പൊളിച്ചു നീക്കുകയും വസ്തുക്കൾ നീക്കം ചെയ്യുകയും ചെയ്തുവെന്ന വാർത്ത ഞെട്ടിച്ചു. അതൊരു മുറി മാത്രമായിരുന്നില്ല, സം​ഗീതാസ്വാദകർക്ക് ആരാധിക്കാനുള്ള ഇടം കൂടിയായിരുന്നു. അതൊരു പൈതൃക ഇടമാണ്, അതു സംരക്ഷിക്കപ്പെടാൻ ഞാൻ അപ്പീൽ നൽകും- സോമാ പറഞ്ഞു.

അതിനിടെ ബിസ്മില്ലാഖാന്റെ മുറി സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെട്ട് സമാജ് വാദി പാർട്ടി നേതാവ് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് രം​ഗത്തെത്തി. ബിസ്മില്ലാ ഖാൻ ദിവസവും പരിശീലിച്ചിരുന്ന ഇടം സംരക്ഷിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നാണ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തത്. 

നേരത്തെ അദ്ദേഹത്തിന്റെ വെള്ളിയിൽ നിർമിച്ച മൂന്ന് ഷെഹ്‌നായികൾ ഉൾപ്പെടെ നാലെണ്ണം ഉരുക്കിവിറ്റ കേസിൽ കൊച്ചുമകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനേഴായിരം രൂപയ്ക്കാണ് കൊച്ചുമകൻ ഷഹ്‌നായി മറിച്ചുവിറ്റത്. മൂന്നു വെള്ളി ഷെഹ്‌നായികളും മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവു, രാഷ്ട്രീയ ജനതാദൾ നേതാവ് ലാലുപ്രസാദ്, കോൺ​ഗ്രസ് നേതാവ് കപിൽ സിബൽ എന്നിവർ അദ്ദേഹത്തിന് സമ്മാനിച്ചതായിരുന്നു. 

2001ലാണ് രാജ്യം അദ്ദേഹത്തിന് ഭാരതരത്‌ന നൽകി ആദരിച്ചത്, 2006ലാണ് ബിസ്മില്ലാ ഖാൻ അന്തരിച്ചത്.

Content Highlights: ustad bismillah khan house being demolished in up