പാലക്കാട്: തെങ്ങിന്‍തടികള്‍ ഉപയോഗശൂന്യമാണെന്ന് കരുതി ഇനി കളയേണ്ടിവരില്ല. വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ തെങ്ങിന്‍തടി ഉപയോഗിച്ച് ഫര്‍ണിച്ചര്‍ നിര്‍മാണത്തിനുള്ള സാധ്യതകള്‍ തേടുന്നു. തടി സംസ്‌കരിച്ച് കുറഞ്ഞവിലയ്ക്ക് നിലവാരമുള്ള ഫര്‍ണിച്ചര്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

നിലവില്‍ വീടുകളില്‍ ഗോവണിയുടെ കൈവരിയ്ക്കും മറ്റും ചെറിയ തോതില്‍ തെങ്ങിന്‍തടി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഉപയോഗം വ്യാപകമായിട്ടില്ല. മേശകളോ കസേരകളോ നിര്‍മിക്കുന്ന തലത്തിലേക്കും മാറിയിട്ടില്ല. ആരുള്ള മരമായതിനാല്‍ ഉപയോഗിക്കാനുള്ള മടിയാണ് ഒരുകാരണം.

ഫര്‍ണിച്ചര്‍ നിര്‍മാണപദ്ധതി തുടങ്ങുന്നതോടെ ഈ വിമുഖത മാറുമെന്നാണ് കരുതുന്നത്.

തെങ്ങുതടി സംസ്‌കരിച്ച് നിര്‍മിക്കുന്ന ഫര്‍ണിച്ചറിന് ഈടും ഭംഗിയും ഉറപ്പാക്കും. കുറഞ്ഞവിലയ്ക്ക് നിലവാരമുള്ള ഫര്‍ണിച്ചര്‍ ലഭ്യമാക്കാനാകുമെന്നും വ്യവസായവകുപ്പ് അധികൃതര്‍ പറഞ്ഞു.

തീരദേശങ്ങളില്‍ മഴക്കാലത്ത് വ്യാപകമായി തെങ്ങുകള്‍ കടപുഴകിവീഴാറുണ്ട്. കായ്ഫലം കുറഞ്ഞ തെങ്ങുകള്‍ മുറിച്ചുമാറ്റുന്നുമുണ്ട്. മുറിച്ചുമാറ്റുന്ന തെങ്ങിന്‍തടി വാങ്ങാനാളില്ലാതെ മണ്ണില്‍ക്കിടന്ന് ദ്രവിച്ചുപോകുമെന്നും കര്‍ഷകര്‍ പറയുന്നു. ഇത്തരം മരങ്ങളും ഇനി ദ്രവിച്ചുപോകാനിടയാക്കാതെ ഈടുറപ്പാക്കി പുതിയ ഫര്‍ണിച്ചറുകളാക്കാം.

വിശദപദ്ധതി ഉടന്‍

തെങ്ങുമായി ബന്ധപ്പെട്ട വ്യവസായത്തിന് കേരളത്തിലുള്ള സാധ്യത ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. വകുപ്പിന്റെ പൊതുമേഖലാ സ്ഥാപനവുമായി സഹകരിച്ച് നടപ്പാക്കാനുള്ള സാധ്യതയാണ് തേടുന്നത്. ജൂണ്‍ കഴിയുമ്പോഴേക്ക് വിശദമായ പദ്ധതി തയ്യാറാകും.

-വ്യവസായവകുപ്പ് അധികൃതര്‍

Content Highlights: using coconut wood for furniture