
ഉണിച്ചക്കം വീട് തറവാട്
കൊല്ലം: വിപ്ലവാത്മക ചിന്തകളേറെ പിറവിയെടുത്ത ഇടമാണ് കൊല്ലം നഗരഹൃദയത്തിലെ ഉണിച്ചക്കംവീട് തറവാട്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തിളങ്ങുന്ന ലിപികളാല്‍ അടയാളപ്പെടുത്തപ്പെട്ട ഇടം. 'മാതൃഭൂമി'യുമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുണ്ട് ഈ കുടുംബത്തിന്.
'മാതൃഭൂമി' സ്ഥാപകപത്രാധിപര്‍ കെ.പി.കേശവമേനോനും മുന്‍ മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാറുമെല്ലാം ഈ കുടുംബത്തോടു പുലര്‍ത്തിയത് ഹൃദയബന്ധം. ഗാന്ധിജിയും കസ്തൂര്‍ബയും മീരാബെന്നുമെല്ലാം വന്നു താമസിച്ച തറവാട്ടിലെ പിന്തലമുറക്കാര്ക്ക് ആ സന്ദര്ശനകാലത്തെപ്പറ്റി ഓര്‍ത്തുപറയാനും ഏറെയിഷ്ടം. മാതൃഭൂമി ഓഹരിയുടമകളായിരുന്നു കുടുംബത്തിലെ പഴയ തലമുറ. സ്വാതന്ത്ര്യസമരകാലത്താണ് കെ.പി.കേശവമേനോന് ഉണിച്ചക്കം വീട്ടിലെത്തിയതെന്ന് തറവാട്ടിലെ മുതിര്‍ന്ന അംഗമായ ശ്രീകുമാരി പറയുന്നു. അദ്ദേഹം നേരിട്ടാണ് മാതൃഭൂമിയുടെ ഓഹരി ഈ കുടുംബത്തിനു കൈമാറിയത്.

ഗാന്ധിജിയുടെ ശിഷ്യനും ഉണിച്ചക്കംവീട് തറവാട്ടിലെ അംഗവുമായിരുന്ന കെ.ജി.ശങ്കര്‍ തികഞ്ഞ പുരോഗമനവാദിയായിരുന്നു. ക്ഷേത്രപ്രവേശനവിളംബരം നടക്കുന്നതിനും മുമ്പേ തറവാടുവക ഉണിച്ചക്കംവീട് ക്ഷേത്രത്തില്‍ പട്ടികജാതിക്കാര്‍ക്ക് പ്രവേശനം നല്കാന് അദ്ദേഹം മുന്‍കൈയെടുത്തു. എതിര്‍പ്പുകളെ അവഗണിച്ച് പന്തിഭോജനവും നടന്നു. ഗാന്ധിജി കെ.ജി.ശങ്കറിനെ സന്ദര്‍ശിക്കാന്‍ തറവാടിന്റെ ഭാഗമായ പാര്വതീമന്ദിരത്തില് എത്തിയിരുന്നു. പട്ടികജാതിക്കാര്‍ക്കൊപ്പം അദ്ദേഹം ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു. ഗാന്ധിസ്മരണകളുള്ള പാര്വതീമന്ദിരം പഴമയുടെ പ്രൗഢി മങ്ങാതെ കുടുംബം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്.
ഉണിച്ചക്കംവീട്ടില്‍ നാരായണന് നായരുടെ കുടുംബാംഗങ്ങളാണ് ഇപ്പോള്‍ തറവാട്ടില്‍ താമസിക്കുന്നത്. മുതിര്‍ന്ന അംഗമായ മായാ പിള്ളയും കുടുംബവും തൊട്ടടുത്ത് ശ്രീകൃഷ്ണയിലുണ്ട്.
വടകോട്ട് ഗോവിന്ദപ്പിള്ളയുടെയും ഉണിച്ചക്കംവീട്ടില്‍ ഈശ്വരിയമ്മയുടെയും മക്കള്‍ കെ.ജി.സഹോദരന്മാര് എന്ന പേരില്‍ പ്രശസ്തരായിരുന്നു. കെ.ജി.പരമേശ്വരന് പിള്ളയും കെ.ജി.ശങ്കറുമായിരുന്നു പുരോഗമനചിന്തകളേറെ പ്രാവര്‍ത്തികമാക്കിയത്. ശ്രീമൂലം പ്രജാസഭാംഗവും ദീര്‍ഘകാലം കൊല്ലം നഗരപിതാവുമായിരുന്നു പരമേശ്വരന് പിള്ള. മന്നത്ത് പദ്മനാഭന് എന്‍.എസ്.എസ്. സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹം പ്രസിഡന്റ് പദവിയും വഹിച്ചിരുന്നു. പ്രവര്‍ത്തനമേഖലകളിലെ പ്രാഗല്ഭ്യംകൊണ്ട് കൊല്ലം പൗരാവലി അദ്ദേഹത്തിന് ആദരവായി ചിന്നക്കടയില്‍ 1944ല്‍ മണിമേട നിര്‍മിച്ചു സമര്‍പ്പിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരകാലത്തും പിന്നീടിങ്ങോട്ടും ഉണിച്ചക്കംവീട് തറവാടിന് ജനനന്മയ്ക്കായി ചെയ്ത ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ട്. ഒരുനാടിന് അക്ഷരവെളിച്ചം പകര്‍ന്നതിന്റെ സ്മൃതികള്‍ പങ്കുവയ്ക്കാനുണ്ട്. ആ ഓര്‍മകളില്‍ മാതൃഭൂമിക്കും ഇടമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..