ഉദുമ: ബേക്കല്‍ കോട്ടയ്ക്കകത്തെ 100 വര്‍ഷത്തിലധികം പഴക്കമുള്ള ടൂറിസ്റ്റ് ബംഗ്ലാവിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നു. 36 ഏക്കറില്‍ സ്ഥിതിചെയ്യുന്ന കോട്ടയ്ക്കകത്ത് പൊതുമരാമത്തുവകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ബംഗ്ലാവ്. കോട്ടയുടെ പ്രവേശനകവാടത്തിന്റെ കിഴക്കുഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണഗോപുരത്തിന്റെ പുറംഭിത്തി കഴിഞ്ഞരാത്രി ശക്തമായ മഴയില്‍ ഇടിഞ്ഞിരുന്നു.

bekal fort

കോട്ടയുടെ രണ്ടാമത്തെ നിരീക്ഷണഗോപുരത്തിന്റെ പുറംഭിത്തി തകര്‍ന്ന നിലയില്‍

നൂറുകണക്കിന് ചെങ്കല്ലടുക്കി നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കെട്ടിയുയര്‍ത്തിയ നിരീക്ഷണഗോപുരത്തിന്റെ പുറത്തെ ഭിത്തിയാണിടിഞ്ഞത്. ഇവിടേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ.) തടഞ്ഞു. മറ്റിടങ്ങളില്‍ സന്ദര്‍ശകര്‍ക്കു വിലക്കില്ല. സുരക്ഷ കരുതി ഇരുമ്പുദണ്ഡുകള്‍ നിരത്തിയാണ് പ്രവേശനം നിയന്ത്രിച്ചത്.

ബംഗ്ലാവിന്റെ മേല്‍ക്കൂരയ്ക്ക് ഭീഷണിയുയര്‍ത്തുന്ന മരക്കൊമ്പുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ സഹായത്തോടെ വെട്ടിമാറ്റിയിരുന്നു. ബംഗ്ലാവ് നവീകരിച്ച് ടൂറിസ്റ്റുകള്‍ക്കു തുറന്നുകൊടുക്കാന്‍ നടപടിയെടുക്കണമെന്ന് 2018 നവംബറില്‍ സംസ്ഥാന ടൂറിസം വകുപ്പിന് കത്തുനല്‍കിയെങ്കിലും ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇതാണ് ബംഗ്ലാവ് തകരാന്‍ കാരണമായതെന്ന് ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. നിലവില്‍ ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ബംഗ്ലാവിന്റെ മേല്‍നോട്ടം.

Content Highlights: tourist bungalow in bekal fort roof collapses