കൊടുങ്ങല്ലൂര്‍: സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് നഗരസഭ ആയിരം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള അതിവേഗ പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ഇതിനകം 818 പേര്‍ക്ക് നഗരസഭയില്‍ വീടുനിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. 128 കുടുംബങ്ങള്‍ വീടുനിര്‍മാണം പൂര്‍ത്തിയാക്കി പുതിയ വീടുകളില്‍ താമസമാരംഭിച്ചു. കൂടാതെ 147 വീടുകളുടെ മേല്‍ക്കൂരയും 241 വീടുകളുടെ അടിത്തറയും പൂര്‍ത്തിയാക്കുകയും 302 വീടുകളുടെ അടിത്തറ പണിതുടങ്ങുകയും ചെയ്തുകഴിഞ്ഞു.
എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തമായി ഭവനം ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ലൈഫ് പദ്ധതിയും കേന്ദ്രപദ്ധതിയായ പി.എം.എ.വൈ. യും സംയോജിപ്പിച്ചുകൊണ്ടാണ് നഗരസഭ ഈ ദൗത്യം ഏറ്റെടുത്തിട്ടുള്ളത്. നിര്‍മാണം പലഘട്ടങ്ങളിലായി നടക്കുന്ന ഈ കുടംബങ്ങള്‍ക്ക് ധനസഹായം നല്കിക്കൊണ്ടിരിക്കുകയാണ്. നാലുഗഡുക്കളായി ഓരോ വീടിനും 4.25 ലക്ഷം രൂപവീതം നല്‍കും. ഭവനരഹിതരായായവര്ക്ക് വീടുകള്‍ നല്‍കുന്നതിന് 4512 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞമാസം പുതിയതായി ലഭിച്ച ഭവനരഹിതരായ 236 കുടുംബങ്ങളുടെ അപേക്ഷകള്‍കൂടി തയ്യാറാക്കി അയച്ച് പദ്ധതിക്ക് അംഗീകാരം വാങ്ങിയിട്ടുണ്ട്്.
ഇതോടെ ആറുമാസത്തിനകം 1128 വീടുകളുടെയും പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും നഗരസഭാ ചെയര്മാന് കെ.ആര്. ജൈത്രന്‍ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായം കൂടാതെ നഗരസഭതന്നെ ഇത്രയും വീടുകള്‍ നിര്‍മിക്കുന്നതിന് 22.56 കോടിരൂപ ചെലവഴിക്കുന്നുണ്ട്. അതുകൂടാതെ 16.92 കോടിരൂപ കേന്ദ്രവിഹിതവും 5.64 കോടിരൂപ സംസ്ഥാനവിഹിതവുമാണ് ലഭിക്കുന്നത്. വീടിന്റെ വിസ്തീര്‍ണം 640 ചതുരശ്രയടിയില്‍ കൂടാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്.
ഇപ്പോള്‍ ലഭിച്ച 236 അപേക്ഷകരുടെ വീടുകള്‍ നിര്‍മിക്കുന്നതിന് നഗരസഭ ബാങ്കില്‍നിന്ന് വായ്പ ലഭിക്കുന്നതിന് നടപടിയെടുത്തുവരുകയാണ്. പല ബാങ്കുകളുമായി അനൗപചാരികമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. മേത്തല വില്ലേജില്‍ 600 വീടുകളും പുല്ലൂറ്റ് 300 വീടുകളും ലോകമലേശ്വരം വില്ലേജില്‍ 228 വീടുകളുമാണ് നിര്‍മാണം നടത്തുന്നത്.
പണി പൂര്‍ത്താക്കിയ എല്ലാ വീടുകള്‍ക്കും മാലിന്യസംസ്കരണത്തിന്റെ ഭാഗമായി ഓരോ ജൈവമാലിന്യ സംസ്കരണപാത്രം സൗജന്യമായി നല്‍കാനും ആലോചിക്കുന്നുണ്ടെന്ന് ചെയര്മാന് കെ.ആര്. ജൈത്രന്‍ പറഞ്ഞു. കൂടാതെ ദാരിദ്രരേഖയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷനും നല്‍കുമെന്നും ചെയര്മാന് പറഞ്ഞു.
Content Highlights: thousand houses in kodungallur as a part of state govt thousand days