പുതുക്കാട്: എഴുത്തുജോലികൾക്ക് ഭർത്താവ് വാടകയ്ക്കെടുത്ത വീട്ടിൽ കൊക്കഡാമ എന്ന അലങ്കാരച്ചെടി കൃഷിയിലൂടെ സ്മിത വളർത്തിയെടുത്തത് പുതുജീവിതം. വിദേശത്തുൾപ്പെടെ ചാനലുകൾക്കും സ്റ്റേജ് പരിപാടികൾക്കും തിരക്കഥയെഴുതുന്ന ജെബിൻ ജോസഫിന് സ്വസ്ഥമായിരുന്ന് എഴുതാൻ വേണ്ടിയെടുത്ത വീട്ടിൽ ഇപ്പോൾ വിദേശിയും സ്വദേശിയുമായ അലങ്കാരച്ചെടികളാണ് നിറയെ. കൊക്കഡാമ എന്ന ജാപ്പനീസ് ഇന്റീരിയർ അലങ്കാരകൃഷിയിലൂടെ മികച്ച സാമ്പത്തികനേട്ടവും ഉണ്ടാക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബം.

ക്രിയാത്മകമാക്കി ലോക്ഡൗൺ

ആളൂർ സ്വദേശി സ്മിതയും ഭർത്താവ് പാവറട്ടി സ്വദേശി കുണ്ടുകുളങ്ങര ജെബിനും മാർച്ചിലാണ് കൊടകര ശാന്തി ആശുപത്രിക്ക് സമീപത്തെ വീട്ടിൽ താമസമാരംഭിച്ചത്. എറണാകുളത്തേക്ക് പോയിവരാനുള്ള സൗകര്യമായിരുന്നു കാരണം. ലോക്ഡൗൺ എല്ലാം തകിടം മറിച്ചു. ടി.വി. പരിപാടികളും സ്റ്റേജ് പരിപാടികളും നിലച്ചു. ജെബിന്റെ എഴുത്തും മുടങ്ങി. സ്വകാര്യ കോളേജിൽ അധ്യാപികയായിരുന്ന സ്മിതയും വീട്ടിൽ കുടുങ്ങി.

യൂ ട്യൂബ് നോക്കി നേരമ്പോക്കിന് ചെയ്തുവന്നിരുന്ന ഇൻഡോർ അലങ്കാരച്ചെടി കൃഷി കാര്യമായെടുത്താലോ എന്നായി ചിന്ത. പഴയ കോളേജ് സുഹൃത്തുക്കൾകൂടി കൈകോർത്തു. സംരംഭം പച്ചപിടിച്ചു. നേരത്തെ തൃശ്ശൂർ കേരളവർമ കോളേജ് ചെയർമാനും മാഗസിൻ എഡിറ്ററുമായിരുന്നു ജെബിൻ.

കൊക്കഡാമ

പാവങ്ങളുടെ ബോൺസായ് എന്നറിയപ്പെടുന്ന കൊക്കഡാമയുടെ പുതിയ ട്രെൻഡുകളും സാധ്യതകളും ഇവരുടെ ഗ്രീൻ ലൈഫിലെത്തി. ചകിരിച്ചോറും മണ്ണും ചേർത്ത മിശ്രിതം നൂലിൽ പൊതിഞ്ഞശേഷം മണ്ണിൽ വളരുന്ന പായലും പൂപ്പലും പൊതിഞ്ഞ്, അതിൽ അലങ്കാരച്ചെടികൾ വളർത്തുന്നതാണിത്.

Content Highlights: this family cultivating Japanese interior decoration kokedama