കോഴിക്കോട്: കല്ലിലും മരത്തിലും തീര്‍ത്ത കൂറ്റന്‍ എടുപ്പുകള്‍, ബ്രിട്ടീഷുകാരെപ്പോലും വിസ്മയിപ്പിച്ച നിര്‍മാണവൈഭവം, കാലാതീതമായ ഗാംഭീര്യം... എല്ലാം ഗതകാലപ്രൗഢിമാത്രമാക്കി തിരുവണ്ണൂര്‍ പുത്തന്‍കോവിലകം ഇനി ഓര്‍മകളിലേക്ക്. രണ്ടുനൂറ്റാണ്ടിലേറെ പഴക്കമുള്ള തിരുവണ്ണൂര്‍ കോവിലകത്തിന്റെ മുഖഭാഗമായ പുത്തന്‍കോവിലകം പൊളിക്കുന്നത് പകുതിയോളമായി. ഏതാനും ആഴ്ചകള്‍ക്കകം 23 സെന്റിലായി വ്യാപിച്ചുകിടക്കുന്ന ഈഭാഗം ഓര്‍മമാത്രമാകും.

ഒരുമാസംമുമ്പാണ് ജീര്‍ണാവസ്ഥയിലായ കോവിലകത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം റോഡിലേക്ക് തകര്‍ന്നുവീണത്. വഴിയാത്രക്കാര്‍ക്കുതന്നെ ഭീഷണിയായതിനെത്തുടര്‍ന്നാണ് പുത്തന്‍കോവിലകം പൊളിക്കാന്‍ തീരുമാനിച്ചത്. അറ്റകുറ്റപ്പണി നടത്താമെന്ന് അഭിപ്രായമുയര്‍ന്നിരുന്നെങ്കിലും ഭാരിച്ച സാമ്പത്തികബാധ്യത വരുത്തിവെക്കുമെന്നതിനാലാണ് പൊളിക്കാന്‍ തീരുമാനിച്ചതെന്ന് ഉടമകള്‍ പറയുന്നു. മുകള്‍ഭാഗത്തായി ചുമര് നെടുകെ പിളര്‍ന്നരീതിയിലുള്ള വിള്ളല്‍ പ്രത്യക്ഷപ്പെട്ടതും ആശങ്കപകരുന്നതായിരുന്നു.

ഒന്നേകാല്‍ ഏക്കറിലായിരുന്നു ആദ്യകാലത്ത് കൂറ്റന്‍ കോവിലകം കെട്ടിടം സ്ഥിതിചെയ്തിരുന്നത്. ചന്ദ്രാപുരി, ഏറാമ്പലം, ശ്രീമന്ദിരം, പടിഞ്ഞാറെ കോവിലകം, പറമ്പില്‍ സാമൂതിരി കോവിലകം തുടങ്ങിയവ കോവിലകത്തിന്റെ മുഖ്യഭാഗങ്ങളായിരുന്നു. നൂറോളം പേര്‍ക്ക് ഒറ്റപ്പന്തിയില്‍ ഭക്ഷണം വിളമ്പാവുന്ന അഗ്രശാലയാണ് മുഖ്യസവിശേഷത. പിന്നീടാണ് പുരുഷന്‍മാര്‍ക്കുമാത്രമായി പുത്തന്‍കോവിലകവും സ്ത്രീകള്‍ക്കായി പടിഞ്ഞാറെക്കെട്ടും ഉണ്ടാക്കിയത്. തിരുവണ്ണൂര്‍ കോവിലകത്തിന്റെ ഭാഗമായിരുന്ന ഭൂരിഭാഗം കെട്ടിടവും പലസമയത്തായി പൊളിച്ചുപോയി. ഇപ്പോഴിതാ ആ നിരയിലേക്ക് പുത്തന്‍കോവിലകവും ഇടംനേടുന്നു.

സാമൂതിരിമാരുടെ പ്രതാപകാലത്ത് തിരുവണ്ണൂരിലും പരിസരപ്രദേശങ്ങളിലുമായി പണിത കോവിലകങ്ങളില്‍ അവശേഷിക്കുന്ന ഒന്നാണ് പുത്തന്‍കോവിലകം ഉള്‍പ്പെടുന്ന തിരുവണ്ണൂര്‍ കോവിലകം. മകരച്ചൊവ്വ, വിവിധ പൂരാഘോഷങ്ങള്‍, കാര്‍ത്തികവിളക്ക്, ശിവരാത്രിആഘോഷം, തിരുവണ്ണൂരിന്റെ ആഘോഷമായ ശൂരസംഹാരം തുടങ്ങി ഒട്ടേറെ ആഘോഷങ്ങളിലെ നിശ്ശബ്ദസാന്നിധ്യമായിരുന്നു ഈ കോവിലകം. അഗ്രശാലയില്‍ കൂട്ടായ്മയുടെയും ഒത്തൊരുമയുടെയും പ്രതീകമായി നടത്തുന്ന വിശേഷാവസരങ്ങളിലെ സദ്യയും ആഘോഷവും കോവിലകത്തെ ചില സവിശേഷകാഴ്ചകളായിരുന്നു.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ടിപ്പുവിന്റെ പടയോട്ടക്കാലത്തെ ചില ചിതറിയ ചിത്രങ്ങള്‍ തിരുവണ്ണൂര്‍ കോവിലകത്തിന്റെ ചരിത്രം ചികഞ്ഞാല്‍ നമുക്കുമുന്നില്‍ തെളിയുമെന്ന് സാമൂതിരിചരിത്രാന്വേഷിയും ഗ്രന്ഥകര്‍ത്താവുമായ പി.സി.വി.രാജ പറയുന്നു. 1798 മുതല്‍ 1816 വരെ സാമൂതിരിയുടെ സ്ഥാനത്തിരുന്നയാളാണ് തിരുവണ്ണൂര്‍ കോവിലകം നിര്‍മിച്ചതെന്ന് ചരിത്രരേഖകളെ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. ''1815-ലാണ് പടയോട്ടക്കാലത്ത് തിരുവിതാംകൂറിലെ കൊല്ലം കുന്നത്തൂര്‍ തറവാട്ടിലായിരുന്ന പുതിയ കോവിലകത്തുകാര്‍ തിരുവണ്ണൂരില്‍ തിരികെയെത്തിയത്. 1658-ല്‍ മാനവേദന്‍ രചിച്ച കൃഷ്ണനാട്ടത്തിന് ഫ്ളാദിനി എന്നപേരില്‍ വ്യാഖ്യാനം രചിച്ച അനന്തനാരായണശാസ്ത്രികള്‍ അത് 1825-ലാണ് പുതിയ കോവിലകത്തെ സാമൂതിരിക്ക് തിരുവണ്ണൂര്‍ കോവിലകത്തുവെച്ച് സമര്‍പ്പിക്കുന്നത്. ഇതിന്റെ കൈയെഴുത്തുപ്രതി കേരള സംസ്‌കൃതസാഹിത്യചരിത്രം രചിച്ച വടക്കുംകൂര്‍ രാജരാജവര്‍മ പരിശോധിച്ചത് ഇവിടെവെച്ചാണെന്നും രേഖകളില്‍ പറയുന്നുണ്ട്. കോവിലകത്തിന് സ്വന്തമായുണ്ടായിരുന്ന വിശേഷപ്പെട്ട ആഭരണങ്ങളുടെ വന്‍ ശേഖരവും പടയോട്ടക്കാലത്ത് നഷ്ടപ്പെട്ടതായി സൂചനകളുണ്ട്'' -പി.സി.വി. രാജ പറയുന്നു.

Content Highlights: thiruvannur kovilakam