'വീടായി ഇനിയാണ് ജീവിതം...' -മൂവാറ്റുപ്പുഴ പടിഞ്ഞാറേച്ചാല്‍ വീട്ടില്‍ സിമിയും കോട്ടപ്പടിക്കല്‍ റഷീദയും ഒരേ സ്വരത്തില്‍ പറഞ്ഞു. ജനുവരിയില്‍ ലൈഫ് മിഷന്‍ ജില്ലാ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഇരുവരും.

ജീവിതത്തിലെ ഏറ്റവും വലിയ ചോദ്യമായിരുന്നു ഒരു വീട് എന്നത്. അതിന് ഉത്തരം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു അവര്‍. അവരെപ്പോലെ പതിനായിരങ്ങളാണ് വീട് എന്ന സന്തോഷത്തിലേക്ക്് ചേക്കേറിയത്.

'ലൈഫ് മിഷന്‍' ഒന്നും രണ്ടും ഘട്ടത്തില്‍ സംസ്ഥാനത്തലത്തില്‍ ഒന്നാമതെത്തിയ മികവോടെ എറണാകുളം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു.

സംസ്ഥാനത്ത് ലൈഫ് മിഷന്‍ വഴി 2.14 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയെന്ന് ഫെബ്രുവരി 29-നാണ് പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ (2020-21) മൂന്നാം ഘട്ടം പൂര്‍ത്തിയാക്കാമെന്നും സര്‍ക്കാര്‍ പറയുന്നു. അര്‍ഹരായ 1,06,925 പേരെയും 524.05 ഏക്കര്‍ ഭൂമിയും കണ്ടെത്തിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

നിര്‍മാണ വിഭാഗം (എന്‍ജിനീയറിങ്) സ്ഥല പരിശോധന പൂര്‍ത്തിയാക്കിയാലുടന്‍ പണിതുടങ്ങും. മൂന്നാം ഘട്ടത്തില്‍ പ്രധാനമായും ഭവന സമുച്ചയങ്ങളാണ് നിര്‍മിക്കുന്നത്. കോവിഡാണ് ആ സ്വപ്നങ്ങള്‍ക്ക് ഇപ്പോള്‍ തടസ്സം നില്‍ക്കുന്നത്.

ലൈഫ് മിഷന്‍

അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ ഭൂരഹിത-ഭവനരഹിതര്‍ക്കും സുരക്ഷിതമായ വീടുകള്‍ ലഭ്യമാക്കുക എന്നതാണ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ധനസഹായങ്ങളും ത്രിതല പഞ്ചായത്തുകളുടെ പദ്ധതിവിഹിതവും ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. ലൈഫ് പി.എം.എ.വൈ, ലൈഫ് റൂറല്‍ അര്‍ബന്‍ പദ്ധതികള്‍, പട്ടികജാതി-വര്‍ഗ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും പദ്ധതികള്‍ എന്നിവയെല്ലാം ഒരു കുടക്കീഴിലാക്കി.

മൂന്നാംഘട്ടം നിര്‍ണായകം

മൂന്നാം ഘട്ടത്തില്‍ ഭൂരഹിത-ഭവനരഹിത കുടുംബങ്ങളെയാണ് പരിഗണിക്കുന്നത്. ഇവര്‍ക്കായുള്ള ഭൂമി ഏറ്റെടുക്കലാണ് പ്രധാന വെല്ലുവിളി. ഗ്രാമങ്ങളില്‍ മൂന്ന് സെന്റില്‍ കുറയാത്ത ഭൂമിക്ക് പരമാവധി രണ്ടുലക്ഷം രൂപയാണ് പൊതുവിഭാഗത്തിന് നല്‍കുന്നത്, എസ്.സി.-എസ്.ടി. വിഭാഗക്കാര്‍ക്ക് 2.25 ലക്ഷം രൂപയും. മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ഇത് യഥാക്രമം 2.70 ലക്ഷം, മൂന്നുലക്ഷം എന്നിങ്ങനെയും കോര്‍പ്പറേഷനില്‍ 5.25 ലക്ഷം, ആറുലക്ഷം എന്നിങ്ങനെയുമാണ്. തുക അപര്യാപ്തമാണെന്ന ആക്ഷേപമുണ്ട്.

ഭൂമി കണ്ടെത്തല്‍ വെല്ലുവിളി

ഗുണഭോക്താക്കളെ കണ്ടെത്തലും അവര്‍ക്കുള്ള ഭൂമി കണ്ടെത്തലും വെല്ലുവിളിയാണ്. ചുരുക്കപ്പട്ടികയിലെത്തിയവരുടെ രേഖകള്‍ പരിശോധിക്കുകയാണിപ്പോള്‍. സ്വന്തമായി ഭൂമി ഇല്ലെന്നും കുടുംബസ്വത്ത് ഭാഗംവെച്ചാല്‍ ഭൂമി ലഭിക്കില്ല എന്നുമുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രമടക്കമുള്ള രേഖകളാണ് പരിശോധിക്കുന്നത്. ഇത്രയും ഗുണഭോക്താക്കള്‍ക്ക് ഭൂമി കണ്ടെത്തുന്നതും വെല്ലുവിളിയാണ്. പല സന്നദ്ധ സംഘടനകളും ഭൂമി സൗജന്യമായി നല്‍കിയിട്ടുണ്ട്.

കണ്ടെത്തിയത് 4905 സെന്റ് ഭൂമി

ഭവനസമുച്ചയത്തിന് ജില്ലയില്‍ 26 സ്ഥലങ്ങളിലായി 4905 സെന്റ് ഭൂമി കണ്ടെത്തി. ഏലൂര്‍, കൂത്താട്ടുകുളം, അയ്യമ്പുഴ, കരുമാല്ലൂര്‍, തൃക്കാക്കര, തോപ്പുംപടി, തിരുമാറാടി എന്നീ സ്ഥലങ്ങളാണ് തിരഞ്ഞെടുത്തത്. പരിസ്ഥിതി സൗഹൃദ നിര്‍മാണ രീതികളും പ്രീ-ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതിന് കളക്ടറേറ്റില്‍ മാതൃകാ ഭവനം നിര്‍മിച്ചു.

Content highlights: The third Phase of Life mission, a housing project of the state government started soon in Eranakulam district