വീടുകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉയര്‍ത്തുന്ന കാഴ്ച നിരവധി കണ്ടിട്ടുണ്ടാവും. ഇരുമ്പു ജാക്കികളുടെ സഹായത്തോടെ ഇരുനില കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നതെല്ലാം സര്‍വസാധാരണമായി. ഒരു വീട് ഉയര്‍ത്തി മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. 139 വര്‍ഷത്തോളം പഴക്കമുള്ള വിക്ടോറിയന്‍ ശൈലിയിലുള്ള ഇരുനില വീടാണ് വീഡിയോയിലുള്ളത്. 

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈകാതെ വൈറലാവുകയും ചെയ്തു. റിമോട്ട്‌ കണ്‍ട്രോള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഹൈഡ്രോളിക് ഡോളിയിലൂടെയാണ് വീട് മറ്റൊരിടത്തേക്ക് മാറ്റുന്നത്. 1880-കളില്‍ പണിത വീട് ഫ്രാങ്ക്‌ളിന്‍ തെരുവിലൂടെ നീക്കി മാറ്റുന്നത് കണ്ട് ആരവം മുഴക്കുന്നവരെയും വീഡിയോയില്‍ കാണാം. 

ആറു ബെഡ്‌ റൂമുകളും മൂന്ന് ബാത്‌റൂമുകളുമാണ് വീട്ടിലുളളത്. വഴിയിലെ മരച്ചില്ലകള്‍ മാറ്റിയും വൈദ്യതി ലൈനുകള്‍ നീക്കം ചെയ്തുമൊക്കെയാണ് വീട് സുഗമമായി മറ്റൊരിടത്തേക്ക് മാറ്റിയത്. 

വീട് മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു കോടി എണ്‍പതു ലക്ഷത്തോളമാണ് ഉടമ ടിം ബ്രൗണിന് ചെലവായത്. നിലവില്‍ വീടിരുന്ന സ്ഥാനത്ത് പുതിയ അപാര്‍ട്‌മെന്റ് കോംപ്ലക്‌സ്‌ വരികയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Content Highlights: 139-year-old House was loaded on a hydraulic dolly and moved to its new address